സുപ്രീം കോടതിയിലെ ജീവനക്കാരുടെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജാതി സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക ജാതിക്കാർക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതിയുടെ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയ സുപ്രീം കോടതി വിജ്ഞാപനം അങ്ങേയറ്റം സ്വാഗതാർഹമാണ്. കോടതിയുടെ ജുഡീഷ്യൽ ഇതര സ്റ്റാഫ് ജോലികളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മുൻ സൈനികർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും സംവരണാനുകൂല്യം വ്യാപിപ്പിച്ച നടപടിയെയും സ്വാഗതം ചെയ്യുന്നു.
കേന്ദ്ര സർക്കാർ നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ സംവരണവും പിന്നോക്കജാതി സംവരണവും നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ തീരുമാനം.രാജ്യത്തെ രണ്ടാമത്തെ ദളിത് ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ബി. ആർ. ഗവായിയുടെ മുൻകൈയിൽ ആണ് ചരിത്രപരമായ ഈ താരുമാനം നടപ്പാക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ജഡ്ജിമാരുടെ നിയമനത്തിൽ ഇപ്പോഴും സംവരണം ഇല്ല എന്നതും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനു കീഴിൽ ഇന്ത്യയിലെ കീഴ്ജാതിക്കാർ ജഡ്ജിമാരാവുന്നത് വല്ലപ്പോഴുമുള്ള അപൂർവ സംഭവമാണെന്നതും ഇപ്പോഴും ഒരു പ്രശ്നമായി നിലനില്ക്കുന്നു.
