Skip to main content

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണം

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിൻ്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് വരുന്നതുംഒരു ധനകാര്യ സ്ഥാപനത്തിൻ്റെ മുന്നിൽ സർക്കാരിൻ്റെവിശ്വാസ്യത ചോർച്ചക്ക് കാരണമാവും. അത്തരം ഒരു വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്.

എന്നാൽ ഇതിനെ മാധ്യമ പ്രവർത്തകർക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജ വാർത്താ പ്രചരണം തന്നെയാണ്. തെറ്റായ രീതിയിൽ ഒരു വാർത്ത വന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിനേയും ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനെയും മാധ്യമ വിരുദ്ധ നീക്കം ആയി വ്യാഖ്യാനിക്കേണ്ടതില്ല. ചുമതലാ നിർവഹണത്തിൽ വീഴ്ചയോ തെറ്റായ കാര്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടി ക്രമം ആണ്. അത് ആരുടെയെങ്കിലും തോന്നലിൻ്റെയോ നിർബന്ധത്തിൻ്റെയോ ഫലമായി ഉണ്ടായതല്ല. നിയമപരവും ചട്ട പ്രകാരവുമുള്ള നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളത്. ഈ വസ്തുതാ അന്വേഷണത്തിൻ്റെ ഭാഗമായി മാധ്യമപ്രവർത്തകരെ വിളിച്ച് വരുത്തി തെളിവ് എടുക്കും എന്ന പ്രതീതി
സൃഷ്ടിക്കുന്നത് ശരിയല്ല.

കേരളത്തിലെ മാധ്യമങ്ങളെയും സർക്കാരിനോടുള്ള മാധ്യമ സമീപനത്തെയും മനസ്സിലാക്കുന്ന ആരും ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ല.
സംസ്ഥാന സർക്കാരിനെ ലക്ഷ്യം വെച്ച് നേരിട്ടും അല്ലാതെയും നിരന്തരം വ്യാജവാർത്തകളും കുപ്രചാരണങ്ങളും ഉണ്ടാകുന്നു. തെറ്റായ വാർത്തകൾ തെളിവ് സഹിതം പൊളിയുമ്പോഴും തിരുത്താനോ ക്ഷമ പറയാനോ തയ്യാറാവാതെ വ്യാജ പ്രചാരണം ഏതാനും മാധ്യമങ്ങൾ ഒരു അനുഷ്ഠാനം പോലെ തുടരുന്നു. സർക്കാർ നേതൃത്വത്തെയും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഹീനമായി വ്യക്ത്യധിക്ഷേപം ചെയ്യുന്ന വാർത്തകൾ പോലും നിർലോപം അച്ചടി മാധ്യമങ്ങളും ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങളും ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നു. ഇതിനെ എല്ലാം കേസെടുത്തോ അടിച്ചമർത്തിയോ നേരിടുക എന്നതല്ല സർക്കാർ നയം. കേരളീയരുടെ ഉയർന്ന മാധ്യമ സാക്ഷരതയും രാഷ്ട്രീയ ബോധ്യവും കൊണ്ടാണ് ഇത്തരം വാർത്തകൾക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയാത്തത്. വ്യാജ വാർത്തകളുടെ സ്രഷ്ടാക്കളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുക എന്ന ദൗത്യമാണ് ജനാധിപത്യപരമായി കേരളീയർ ഏറ്റെടുത്തിട്ടുള്ളത്.

അടിയന്തരാവസ്ഥയും അതിൻ്റെ ഭാഗമായ സെൻസറിങ്ങും പിന്നീട് നിരവധി പത്രമാരണ നടപടികളും ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ലോക ശരാശരിയിൽ എത്രയോ പിന്നിലാണ് എന്നതും വസ്തുതയാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ വലിയ വെല്ലുവിളിയും പ്രതിസന്ധിയും നേരിടുന്നുണ്ട് .അത്തരം ഒരു നടപടിയോടും ഈ സർക്കാർ യോജിക്കുന്നില്ല. അവയ്ക്കെതിരായ ശക്തമായ നിലപാടും സർക്കാരിനുണ്ട്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാ അർത്ഥത്തിലും സംരക്ഷിക്കപ്പെടും. അതേസമയം വ്യാജവാർത്തകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെതിരെ വികാരം സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുകയും ചെയ്യും.

മാധ്യമങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ സുവ്യക്തമായ സമീപനം. സർക്കാരിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ തെറ്റിധാരണജനകമായ വാർത്ത ചോർത്തി നൽകുന്നതും അതുവഴി സ്ഥാപനങ്ങൾക്കിടയിൽ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നതും ഗൂഢപ്രവൃത്തിയാണ്. സദ്ദുദ്ദേശപരമല്ലാത്ത ഇത്തരം രീതികളോട് ഒരു വിട്ടുവീഴ്ച്ചയും സർക്കാർ കാണിക്കില്ല.

ഇല്ലാത്ത ഒരു സംഭവത്തെ ഉണ്ടെന്ന് ആവർത്തിച്ചു പറഞ്ഞു പ്രചരിപ്പിച്ച്, മാധ്യമസ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്ന ഇടങ്ങളോട് കേരളത്തെ സമീകരിക്കാൻ ഉള്ള ശ്രമമാണ് ദൗർഭാഗ്യവശാൽ ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിനെ ശക്തമായി അപലപിക്കുന്നു. കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും അനുവദിക്കില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.