കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു. ജാതിയുടെ പേരിൽ വിദ്യ നിഷേധിച്ചവർക്കെതിരെ തൊഴിൽ സമരമടക്കം സംഘടിപ്പിച്ചാണ് അടിസ്ഥാന വർഗത്തിനായി അയ്യൻകാളി മരണംവരെയും പോരാടിയത്. "ഞങ്ങളുടെ മക്കളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ലെന്ന’ പ്രഖ്യാപനത്തിന്റെയും ഒരു വർഷം നീണ്ട "പാഠമില്ലെങ്കിൽ പാടവുമില്ലെന്ന’ സമരത്തിന്റെ പരിണത ഫലങ്ങളിലൊന്നായിരുന്നു തിരുവിതാംകൂർ മഹാരാജാവ് ഇറക്കിയ ഹരിജൻ വിദ്യാർഥി വിദ്യാലയ പ്രവേശന വിളംബരം.
അയ്യൻകാളി ഉയർത്തിയ വിഷയങ്ങളും പോരാട്ടങ്ങളും ഏറ്റെടുത്ത പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നണിയായ എൽഡിഎഫ് സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ഏറ്റവും മികച്ച സാമൂഹ്യ പരിസ്ഥിതിയിലാണ് കേരളത്തിലെ പട്ടിക വിഭാഗക്കാർ ജീവിക്കുന്നത്. ജാതീയ ആക്രമണങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ല. സാമൂഹ്യ തുല്യതയിൽ സമാധാനത്തോടെ ഇവിടെ ജീവിക്കാൻ കഴിയുന്നു. രാജ്യത്തെ മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്കരണങ്ങളും നവോത്ഥാന ധാരകളുമാണ് ഇതിന് അടിസ്ഥാനം. മഹാത്മ അയ്യൻകാളിയടക്കമുള്ള പരിഷ്‌കർത്താക്കൾ കൊളുത്തിയ ദീപനാളങ്ങളാണ് സർക്കാരിന്റെ പ്രയാണത്തിൽ വെളിച്ചമേകുന്നത്. ഇതാണ് യഥാർഥ ‘കേരള സ്റ്റോറി’.
തന്റെ സമുദായത്തിൽനിന്ന് പത്ത് ബിഎക്കാരെ കണ്ടിട്ട് മരിക്കണമെന്നതായിരുന്നു അയ്യൻകാളിയുടെ ആഗ്രഹം.മഹാത്മയുടെ 162–-ാം ജയന്തി ആഘോഷിക്കുന്ന ഈ വേളയിൽ എൽഡിഎഫ് സർക്കാരിന് ഉറപ്പിച്ച് പറയാനാകും പത്ത് എന്ന ആഗ്രഹത്തെ ലക്ഷങ്ങളായി സഫലീകരിച്ചെന്ന്. പഞ്ചമി എന്ന ദലിത് ബാലികയുടെ കൈപിടിച്ച് സ്കൂൾ പ്രവേശനത്തിനായി കയറിച്ചെന്ന അയ്യൻകാളിയുടെ പിന്മുറക്കാരിന്ന് പി ജി പഠനത്തിനായി വിദേശത്തേക്ക് പറക്കുകയാണ്. അതും സർക്കാരിന്റെ സ്കോളർഷിപ് പിന്തുണയോടെ. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കായി, നൈപുണ്യവും മികവുമുള്ളവരായി പട്ടിക വിഭാഗം വിദ്യാർഥികളെ മാറ്റുകയാണ്. അറിവും അക്ഷരവും നിഷേധിക്കപ്പെട്ട് ഒരു കാലത്ത് അരികുവൽക്കരിക്കപ്പെട്ടവരുടെ പുതിയ തലമുറയെ ഈ സർക്കാർ വിദ്യാഭ്യാസം നൽകി ഉയർത്തിയെന്നതാണ് വാസ്തവം. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നീ നാലു പ്രധാന ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
പഠനാവസരങ്ങളിൽ, ഒരാൾപോലും കൊഴിഞ്ഞു പോകാതെ എല്ലാവരെയും ഉൾപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന. പൊതുസമൂഹവുമായി ഇടപഴകാനും ഒപ്പം ചേർന്ന് പ്രവർത്തിക്കാനും വിദ്യാഭ്യാസത്തിലൂടെയേ പട്ടിക വിഭാഗക്കാർക്ക് കഴിയൂ. അതുകൊണ്ടുതന്നെ പ്രീ പ്രൈമറി മുതൽ പിഎച്ച്ഡി വരെ വിവിധ പഠനങ്ങൾക്ക് സർക്കാരിന്റെ കരുതലും സാമ്പത്തിക പിന്തുണയും ഉറപ്പിക്കുന്നു.
4.5 ലക്ഷം കുട്ടികൾ പട്ടികജാതി വിഭാഗത്തിലും 80,000 കുട്ടികൾ പട്ടിക വർഗ വിഭാഗത്തിലും വിവിധ സ്കോളർഷിപ്പുകളോടെ പഠിക്കുന്നു. ഇതിനു പുറമേ ഒമ്പതു ലക്ഷത്തോളം മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഓരോ വർഷവും ഈ വിഭാഗങ്ങളിൽ വിദ്യാർഥികളുടെ എണ്ണം കൂടുകയാണ്. നാടിന്റെ സാമൂഹ്യ പുരോഗതിയുടെ, വിദ്യാഭ്യാസ വളർച്ചയുടെ സൂചകങ്ങളാണ് കൂടി വരുന്ന ഈ ലക്ഷങ്ങളുടെ കണക്കുകൾ.
ഇതിനുപുറമേ 32 മോഡൽ റസിഡൻഷ്യൽ സ്കൂളുകളും 194 പ്രീ- മെടിക് ഹോസ്റ്റലുകളും 29 പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാവാഹിനി പദ്ധതിയിലൂടെ വിദൂര ഊരുകളിലെ കുട്ടികളെയും വാഹനങ്ങളിൽ സുരക്ഷിതമായി സ്കൂളിലെത്തിക്കുകയും പഠനശേഷം മടക്കി എത്തിക്കുകയും ചെയ്യുന്നു. 186 പഞ്ചായത്തുകളിലായി 689 വിദ്യാലയങ്ങളിലെ കാൽ ലക്ഷത്തിലേറെ കുട്ടികൾ വിദ്യാവാഹിനിയുടെ ഗുണഭോക്താക്കളാണ്.
വിദേശ പഠന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പട്ടിക വിഭാഗ വികസന വകുപ്പുകൾ പ്രത്യേക പദ്ധതി തന്നെ ആവിഷ്‌കരിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെ 1025 വിദ്യാർഥികൾക്കാണ് പിജി തലത്തിൽ വിദേശ പഠന സ്കോളർഷിപ് ലഭ്യമാക്കിയത്. പദ്ധതിക്ക് ഒരു രൂപരേഖയുണ്ടാക്കി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപവരെ പട്ടിക വിഭാഗക്കാർക്ക് സ്കോളർഷിപ് നൽകുന്നു. പിന്നാക്ക വിഭാഗക്കാർക്ക് 10 ലക്ഷം രൂപ വരെ സ്കോളർഷിപ് നൽകും. പരിവർത്തിത ക്രൈസ്തവരടക്കമുള്ള മറ്റിതര വിഭാഗങ്ങൾക്ക് പരിവർത്തിത ശുപാർശിത വിഭാഗ വികസന കോർപറേഷൻ മുഖേനയും പഠന സഹായം നൽകുന്നുണ്ട്. എല്ലാ വർഷവും ജനുവരി മുതൽ മാർച്ച് വരെ വിദേശ പഠനത്തിന് അപേക്ഷ സ്വീകരിച്ച് മെയ് മാസത്തോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കും. ഇതിൽ നിന്ന് 310 പേർക്ക് സ്കോളർഷിപ് നൽകും. തൊഴിൽ വകുപ്പിനു കീഴിലെ ഒഡെപെക് മുഖേനയാണ് തെരഞ്ഞെടുപ്പും യാത്രാ നടപടികളും പൂർത്തിയാക്കുന്നത്.
വിങ്സ് പദ്ധതിയിലൂടെ കൊമേഴ്സ്യൽ പൈലറ്റ് പരിശീലനത്തിന് ഓരോ വർഷവും ആറ് വിദ്യാർഥികൾക്കും അവസരം നൽകുന്നുണ്ട്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് പഠനം. യോഗ്യതാ പരീക്ഷ പാസാകുന്നവരിലെ മൂന്ന് എസ്‌സി, രണ്ട് എസ്‌ടി, ഒരു ഒഇസി എന്നിങ്ങനെ 25 ലക്ഷം രൂപ വീതം സ്കോളർഷിപ് നൽകും. ഇതിനു പുറമേ എയർഹോസ്റ്റസ്, എയർലൈൻ, എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകളിലും പരിശീലനം നൽകി തൊഴിലും വരുമാനവും സർക്കാർ ഉറപ്പാക്കുകയാണ്.
ഐഐഎം, ഐഐടി തുടങ്ങിയ ഭരണ സ്ഥാപനങ്ങളിലും സിഎ, സിഎസ്, ഐസിഡബ്ല്യുഎ തുടങ്ങിയ കോഴ്സുകളിലും സംസ്ഥാനത്തിന് പുറത്ത് അംഗീകൃത സ്ഥാപനത്തിൽ മെറിറ്റിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജ് രാജ്യത്തു തന്നെ പുതിയൊരു മാതൃകയാണ്. ഓരോ വർഷവും 72 പട്ടികവിഭാഗം വിദ്യാർഥികൾക്ക് ഇവിടെ പ്രവേശനം ഉറപ്പാണ്. നിലവിൽ അഞ്ച് ബാച്ചുകളിലെ ഡോക്ടർമാർ പഠിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. സിവിൽ സർവീസ് പരിശീലനത്തിന് പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ട് തന്നെ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്നു. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ സ്വപ്നങ്ങളാണ് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിലൂടെ പട്ടിക വിഭാഗക്കാർക്ക് സാധ്യമായിട്ടുള്ളത്. കൂടുതൽ പഠനാവസരങ്ങൾ ഒരുക്കുക, അതിലൂടെ അരികുവൽക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. ഒപ്പം ആത്മാഭിമാനവും അന്തസ്സുമുള്ള ഒരു പ്രബുദ്ധ സമൂഹമായി പട്ടിക വിഭാഗക്കാരെ മുൻപന്തിയിയിലെത്തിക്കുകയും ചെയ്യുന്നു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒമ്പതു വർഷമായി രാജ്യത്തിനും ലോകത്തിനും മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പൊതു സമൂഹത്തിന്റെ സർവതോമുഖമായ ഉയർച്ചയും വളർച്ചയും അതോടൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കമുള്ള ദീർഘകാല പദ്ധതികളാണ് നടപ്പാക്കി വരുന്നത്. നമ്മുടെ ഭാവി തലമുറകൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന വിജ്ഞാന കേരളത്തിലേക്കും പട്ടിക വിഭാഗക്കാരെ പ്രാപ്തരാക്കുന്നുണ്ട്.
പട്ടികവർഗ വികസന വകുപ്പ് രൂപീകൃതമായിട്ട് 50 വർഷങ്ങൾ പൂർത്തിയാകുകയാണ്. വൈവിധ്യമാർന്ന പദ്ധതികളാണ് 2025 –26 സുവർണ ജൂബിലി വർഷം സംഘടിപ്പിക്കുന്നത്. പട്ടിക വിഭാഗം ജനതയുടെ തനത് കലാവതരണ, വിപണനമേളയായ ഗദ്ദികയും ആഗസ്ത് 29 മുതൽ സെപ്തംബർ നാലുവരെ എറണാകുളത്ത് നടക്കുകയാണ്. പൊതുസമൂഹത്തിന്റെ എല്ലാ പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുമ്പോഴാണ് പട്ടിക വിഭാഗം ജനങ്ങൾ കൂടുതൽ ഉന്നതിയിലേക്ക് എത്തുന്നത്.
എന്നാൽ, കേരളം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിച്ച് പഴയ കാലത്തെ ജാതി -വർണ വ്യവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചിലർ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുകയാണ്. ജാതി, മത ചിന്തകൾ ഉണർത്തിയും സമുദായ വികാരങ്ങളെ ഇളക്കിവിട്ടും നമ്മുടെ മതനിരപേക്ഷ മനസ്സിനെ തകർക്കാനാണവർ ശ്രമിക്കുന്നത്. കേന്ദ്രഭരണം നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ പിൻബലവും ഇവർക്കുണ്ട്. ഇത്തരം കാര്യങ്ങളെ വളരെ ജാഗ്രതയോടെ കാണാനും ചെറുത്തു തോൽപ്പിക്കാനും നമുക്ക് കഴിയണം. ജാതിക്കോമരങ്ങളുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്രയുടെ സ്മരണകളും "പാഠമില്ലെങ്കിൽ പാടവുമില്ലെന്ന’ സമര പാഠങ്ങളും നമുക്കതിന് കരുത്ത് പകരും.
