Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം

സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. 2022 ഒക്ടോബര്‍ ഒന്നിനാണ് സഖാവ് കോടിയേരി നമ്മെ വിട്ടുപിരിഞ്ഞത്. പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച, ജനങ്ങളുമായി ഏറെ അടുപ്പം സൂക്ഷിച്ച കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം പരിഹരിക്കാവുന്നതല്ല. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും കോടിയേരി വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം പാര്‍ടിക്കും വിദ്യാര്‍ഥി–യുവജന പ്രസ്ഥാനങ്ങള്‍ക്കും വര്‍ഗബഹുജന സംഘടനകള്‍ക്കും ഊര്‍ജസ്വലമായ നേതൃത്വം നല്‍കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം അനുപമമായ മാതൃക കാട്ടി. ഏതു പ്രതിസന്ധിഘട്ടവും മുറിച്ചുകടന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു കോടിയേരി. എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന കോടിയേരി സ്നേഹനിര്‍ഭരമായ പെരുമാറ്റംകൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നു.

കേരളം മുഴുവന്‍ പ്രവര്‍ത്തനമണ്ഡലമാക്കിയ കോടിയേരി, മറ്റ് സംസ്ഥാനങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കി. കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളില്‍ അതീവശ്രദ്ധയോടെ ഇടപെട്ട് പരിഹാരം കാണുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തനത്തിന് കൃത്യമായ ദിശാബോധം പകരുന്നതിലും പ്രക്ഷോഭ സമരപാതകളില്‍ അവരെ അണിനിരത്തുന്നതിലും ശ്രദ്ധിച്ചു. നല്ലൊരു പാര്‍ലമെന്റേറിയന്‍കൂടിയായിരുന്ന കോടിയേരി നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലും ശോഭിച്ചു.

കൈകാര്യം ചെയ്ത വകുപ്പുകള്‍ക്ക് നൂതനമായ ആശയങ്ങളിലൂടെ മിഴിവേകാനും കഴിഞ്ഞു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ്‌ പൊലീസ് എന്നിവയെല്ലാം കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ രൂപംകൊണ്ടതാണ്. നിരവധിയായ ജയില്‍പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പാക്കി. കേരളത്തിന്റെ ഭാവിവികസനം മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് ആവിഷ്കരിച്ച വികസനപദ്ധതികളിലെല്ലാം കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വികസനവിഷയങ്ങളും നാടിന്റെ ആവശ്യങ്ങളും വ്യക്തമായി പഠിച്ച് നിയമസഭയില്‍ ശക്തമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. നര്‍മത്തിന്റെ അകമ്പടിയോടെ കുറിക്കുകൊള്ളുന്ന വാക്കുകളുമായി നിയമസഭയില്‍ ശോഭിച്ചു. തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ചെറുചിരിയോടെ സ്വീകരിച്ച് അവരുടെ വാക്കുകള്‍ സശ്രദ്ധം കേട്ട് പരിഹാരമാര്‍ഗം നിര്‍ദേശിക്കുമായിരുന്നു.

സിപിഐ എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ പദവിയും കോടിയേരി വഹിച്ചിരുന്നു. കാലത്തിനനുസരിച്ച് ദേശാഭിമാനിയെ നവീകരിക്കുന്നതിലും പത്രത്തിന്റെ കെട്ടിലും മട്ടിലുമെല്ലാം പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിലും സഖാവ് അതീവ ശ്രദ്ധപുലര്‍ത്തി. പ്രസ്ഥാനത്തിന്റെ നാവായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ദേശാഭിമാനിയെ പൊതുപത്രമാക്കി വളര്‍ത്തുന്നതിലും മികച്ച സംഭാവനകള്‍ നല്‍കി. ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ശ്രദ്ധവച്ചു. കൂടുതല്‍ ജനങ്ങളിലേക്ക് ദേശാഭിമാനിയെ എത്തിക്കുന്നതിനുള്ള അക്ഷീണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹത്തെ രോഗം കീഴ്പെടുത്തിയത്. അസുഖത്തിന്റെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും പ്രസ്ഥാനത്തിനായി അവസാനംവരെ പോരാടിയ സഖാവിനെയാണ് നമുക്ക് നഷ്ടമായത്.

ചെറുപ്പംമുതല്‍ കോടിയേരി ബാലകൃഷ്ണനുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഞങ്ങളിരുവരും സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായി വന്ന ഘട്ടംമുതല്‍ അടുത്തറിയാം. കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ (കെഎസ്‌വൈഎഫ്) രൂപീകരണവേളയില്‍ ഈ ബന്ധം ദൃഢമായി. അന്ന് വിദ്യാര്‍ഥിരംഗത്തായിരുന്നു കോടിയേരിയുടെ പ്രവര്‍ത്തനം. ഞാന്‍ യുവജനസംഘടനാ രംഗത്തും. ഞങ്ങളുടെയൊക്കെ പ്രധാന കേന്ദ്രം സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായിരുന്നു. പല ദിവസങ്ങളിലും രാത്രി ഈ ഓഫീസിലായിരുന്നു താമസം. അന്ന് രൂപപ്പെട്ട സൗഹൃദം ജീവിതാവസാനംവരെ ഒരു പോറല്‍പോലും ഏല്‍ക്കാതെ നിലനിന്നു.

​സംഘാടകന്‍ എന്ന നിലയില്‍ ചെറുപ്പംമുതലേ മികച്ച കഴിവ് പ്രകടിപ്പിച്ച നേതാവായിരുന്നു കോടിയേരി. ഏത് സന്ദിഗ്ധഘട്ടത്തിലും പാര്‍ടിയെ മുന്നോട്ടുനയിക്കുന്ന നേതാവ്. തലശേരി മേഖലയില്‍ ആര്‍എസ്എസിന്റെ കടന്നാക്രമണം തുടര്‍ച്ചയായി നടക്കുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതില്‍ സഖാവ് മുന്നിലുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍, കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതാണ് കോടിയേരിയുടെ പ്രസംഗശൈലി. രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കുന്നതില്‍ ഒരു പിശുക്കും കാട്ടിയില്ല. സംഘാടകന്‍, പ്രസംഗകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായി കോടിയേരി വളരുന്നത് അടുത്തുനിന്ന് വീക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു. പാര്‍ടിയില്‍ ആശയപരമായ വ്യതിയാനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പാര്‍ടിയെ പരിക്കേല്‍ക്കാതെ രക്ഷിച്ചതിലും കോടിയേരിക്ക് പങ്കുണ്ട്. 1967–68 ഘട്ടത്തില്‍ നക്സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ശക്തമായ ആശയസമരം നടന്നപ്പോള്‍ വളരെ വ്യക്തതയോടെ അത്തരം ആശയഗതികളെ നേരിടുന്നതില്‍ വിദ്യാര്‍ഥിനേതാവെന്ന രീതിയില്‍ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. അക്കാലത്ത് സംസ്ഥാനത്തെങ്ങും ഈ ആശയസമരത്തെ നയിച്ചു. പാര്‍ടിക്കകത്ത് വിഭാഗീയത ഉയര്‍ന്ന ഘട്ടത്തിലും പാര്‍ടി നിലപാടുകളില്‍ ഉറച്ചുനിന്നു. രാഷ്ട്രീയ, പ്രത്യയശാസ്ത്ര കാര്യങ്ങള്‍ കണിശതയോടെ കൈകാര്യം ചെയ്യാന്‍ എന്നും ശ്രദ്ധിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെട്ട കോടിയേരി പുറത്തിറങ്ങിയശേഷം കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളോടുപോലും എന്നും സൗഹൃദം നിലനിര്‍ത്താന്‍ കോടിയേരിക്ക് കഴിഞ്ഞു. പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാര്‍ടിയെയാകെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാനായി. വിശ്രമരഹിതമായ രാഷ്ട്രീയജീവിതമായിരുന്നു സഖാവിന്റേത്. അസുഖം ബാധിച്ച ഘട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. ഏതു പരീക്ഷണഘട്ടത്തിലും സൗമ്യമായ പെരുമാറ്റത്തിലൂടെ ജനങ്ങളുടെ ആദരം പിടിച്ചുവാങ്ങാനും അദ്ദേഹത്തിനായി.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയ വികസനപ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുകുതിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോടിയേരിയുടെ വേര്‍പാടുണ്ടായത്. സഖാവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വപ്‌നം കണ്ട ആ പാതയിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ നയിക്കുന്നത്. നാനാമേഖലയിലും വികസനവെളിച്ചം എത്തിയ ഒന്പതരവര്‍ഷം. നാടിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികള്‍. പാര്‍പ്പിടം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യനിര്‍മാര്‍ജനം തുടങ്ങി എല്ലാ മേഖലയിലും കാതലായ മാറ്റങ്ങളുടെ കാലം. ജനജീവിതംതന്നെ പരിഷ്കരിക്കപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. കണ്‍മുന്നില്‍ കാണാവുന്ന ഈ മാറ്റം സാധാരണജനത തിരിച്ചറിയുന്നുണ്ട്. അവര്‍ ഈ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നത്. നിയമസഭയില്‍പ്പോലും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് പ്രതിപക്ഷം. എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉടക്കുകളെല്ലാം അതിജീവിച്ചാണ് സര്‍ക്കാര്‍ ജനകീയവിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ബിജെപിയാകട്ടെ, മതവും സമുദായവും വിശ്വാസവുമെല്ലാം ദുരുപയോഗിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ പരീക്ഷിക്കാനാകുമോ എന്ന ശ്രമത്തിലാണ്.

വികസനവിരുദ്ധരെ ഒറ്റപ്പെടുത്തി നമുക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. നാടിനുവേണ്ടി യോജിച്ച പ്രവര്‍ത്തനമാണ്‌ ആവശ്യം. പ്രക്ഷോഭപാതകള്‍ക്ക് എന്നും ഊര്‍ജംപകര്‍ന്ന കോടിയേരി സഖാവിന്റെ സ്മരണ നമുക്ക് ഏതു പ്രതിസന്ധിഘട്ടത്തിലും കരുത്തേകും. ആ അമരസ്മരണകള്‍ക്കുമുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.