ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര - വയലാർ സമരത്തിന് ഈ വർഷം 79 വയസ്സ് പൂർത്തിയാവുകയാണ്. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കർഷക ജനസാമാന്യം നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന് സഖാവ് വിഎസ് ഉൾപ്പെടെയുള്ളവർ ഉജ്ജ്വല നേതൃത്വമായി. വിഎസിന്റെ അഭാവത്തിലുള്ള ആദ്യത്തെ പുന്നപ്ര-വയലാർ വാരാചരണമാണിക്കുറി.
തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത മുന്നേറ്റത്തെയും അതിന്റെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിന്റെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമർത്തൽ. 1946 ഒക്ടോബർ 24 മുതൽ 27 വരെ ദിവാൻ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളോട് സഖാക്കൾ പോരാടി. നിരവധി സഖാക്കൾ പുന്നപ്ര - വയലാറിൽ രക്തസാക്ഷികളായി.
തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ സിപി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിർഭരമായ സമരം മർദ്ദിത ജനവിഭാഗങ്ങളുടെ പിൽക്കാല പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമായിട്ടുണ്ട്. ദിവാൻ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളോട് വാരിക്കുന്തവുമേന്തി പൊരുതിനിന്ന പുന്നപ്ര-വയലാറിലെ സമരേതിഹാസങ്ങൾ ഉൾപ്പെടെയാണ് ഫ്യൂഡൽ സാമൂഹിക സാഹചര്യങ്ങളിൽ നിന്നും ആധുനിക കേരളത്തിലേക്കുള്ള നാടിന്റെ മുന്നോട്ടുപോക്കിന് വിത്തുപാകിയത്.
