Skip to main content

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.
ജാതി സമ്പ്രദായത്തിനെതിരായ സൈദ്ധാന്തിക നിലപാടുകൾ രൂപീകരിക്കുന്നതോടൊപ്പം ജാതി അടിമത്തത്തിനെതിരായ പ്രായോഗിക സമരത്തിന്റെയും മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ജ്യോതിറാവു ഫുലെയുടെ വിപ്ലവകരമായ ആശയങ്ങളും പ്രവർത്തനങ്ങളും ഉഴുതുമറിച്ച മഹാരാഷ്ട്രയുടെ മണ്ണിൽ ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ടാണ് ഡോ. അംബേദ്കർ പ്രവർത്തിച്ചത്. 1927ൽ അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ മഹാഡ് സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹയാത്രികനായിരുന്ന, പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹാരാഷ്ട്രയിലെ സമുന്നത നേതാവായ ആർ.ബി മോറെ ആയിരുന്നു. അംബേദ്കർ ഒരു രാഷ്ട്രീയ പാർടി രൂപീകരിച്ചപ്പോൾ അതിനിട്ട പേര് ലേബർ പാർടി എന്നായിരുന്നു. വിശദാശങ്ങളിൽ വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ത്യയിലെ പിന്നോക്ക വിഭാഗത്തിന്റെയും തൊഴിലാളികളുടെയും മുന്നേറ്റത്തിനായി എന്നും നിലകൊണ്ടു.
ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ അംബേദ്കർ നടത്തിയ പ്രവർത്തനങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന പദവി അദ്ദേഹത്തിനു നേടിക്കൊടുത്തത്. ജാതിയോ മതമോ ജനിച്ച പ്രദേശമോ ലിംഗമോ ഒന്നും കണക്കിലെടുക്കാതെ എല്ലാ പൗരന്മാർക്കും തുല്യാവകാശങ്ങൾ അനുവദിക്കുന്ന നമ്മുടെ ഭരണഘടനയിൽ അദ്ദേഹത്തിന്റെ ഉന്നതമായ മാനവികതയും സൈദ്ധാന്തികമായ നിലപാടിന്റെ കരുത്തും കാണാൻ കഴിയും.
ഭരണഘടനാ നിർമ്മാണ സഭയും യഥാർഥത്തിൽ വ്യത്യസ്‍തമായ വർഗ വീക്ഷണങ്ങളുടെ ഏറ്റുമുട്ടലിന്റെ വേദിയായിരുന്നു. സ്വതന്ത്ര ഇന്ത്യ അതിലെ എല്ലാ മനുഷ്യർക്കും സമഗ്രമായ അർത്ഥത്തിൽ തുല്യത ഉറപ്പുവരുത്തുന്ന ഒന്നായിരിക്കണം എന്ന വ്യക്തമായ കാഴ്ചപാട് ഡോ. അംബേദ്കർ മുന്നോട്ടുവച്ചു. ആ അർത്ഥത്തിൽ വിപുലമായ സാമ്പത്തിക സാമൂഹിക അവകാശങ്ങളെല്ലാം മൗലിക അവകാശങ്ങളിൽ ഉൾപ്പെടുത്തിയ ഭരണഘടനയുടെ കരടാണ് അദ്ദേഹം തയ്യാറാക്കിയിരുന്നത്. എന്നാൽ മൗലികമായ സാമ്പത്തിക അവകാശങ്ങൾ ഭരണഘടനയിലൂടെ ഉറപ്പു വരുത്താൻ കഴിയില്ല എന്ന നിലപാട് മുതലാളിത്ത-ഭൂപ്രഭു പക്ഷം സ്വീകരിച്ചതിന്റെ ഭാഗമായാണ് ഭരണഘടനയിൽ മൗലിക അവകാശങ്ങളും നിയാമക തത്വങ്ങളും രണ്ടു പട്ടികയിൽ ആയത്. തൊഴിലിനും കൂലിക്കും ജീവനോപധികള്‍ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഉൾപ്പെടെയുള്ള അടിസ്ഥാനപരമായ സാമ്പത്തിക അവകാശങ്ങൾകൂടി ഭരണഘടനയുടെ മൗലിക അവകാശമായി മാറ്റിയെടുക്കുന്ന രാഷ്ട്രീയഘടനയിലേക്ക് രാജ്യത്തെ മാറ്റിയെടുക്കുക എന്നത് അംബേദ്കറുടെ സ്വപ്‍നപൂർത്തീകരണത്തിന് അനിവാര്യമായ ഒന്നാണ്.
ഭരണഘടനാ നിർമാണ സഭയിൽ അംബേദ്കർ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു: "നാളെ ഭരണാധികാരം കയ്യാളുന്ന ശക്തികൾ ഈ ഭരണഘടനയുടെ മൂല്യങ്ങളോട് പ്രതിപത്തി ഇല്ലാത്തവരാണെങ്കിൽ നമ്മളിന്ന് എത്ര മഹത്തരമായ ഒരു ഭരണഘടന രാഷ്ട്രത്തിനു സമർപ്പിച്ചാലും അതിനു ഫലമുണ്ടാവണമെന്നില്ല"
ഭരണഘടന ഇന്ത്യയിലെ സാധാരണ മനുഷ്യർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ, ചൂഷണവും ജാതിഅടിമത്തവും നിർബാധം തുടരുന്ന ഒരു രാഷ്ട്രമാക്കി ഇന്ത്യയിൽ ദീർഘകാലം ഭരണം നടത്തിയ കോൺഗ്രസ്സ് പാർടി സത്യത്തിൽ ഈ പ്രവചനം ശരിവക്കുകയാണ് ചെയ്തത്. ഇപ്പോൾ അധികാരത്തിലുള്ള സംഘപരിവാറാകട്ടെ ഭരണഘടനാ മൂല്യങ്ങളെ പരിപൂർണമായി അട്ടിമറിച്ച് പിന്തിരിപ്പൻ പ്രാകൃത ഹിന്ദുരാഷ്ട്ര നിർമ്മാണം എന്ന അവരുടെ അജണ്ടയിലേക്കുള്ള ചവിട്ടുപടിയായി കേന്ദ്രഭരണത്തെ ദുരുപയോഗം ചെയ്യുന്നു.
ഡോ. അംബേദ്കറെ സ്മരിക്കുമ്പോൾ സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ജനകീയ പോരാട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകുക എന്ന ചുമതല നാം ഏറ്റെടുക്കണം. സമഗ്ര സമത്വത്തിന്റേതായ നിലപാടുകൾ നമ്മുടെ രാഷ്ട്രീയ ഘടനയിൽ നടപ്പാക്കിയെടുക്കാൻ വേണ്ട പോരാട്ടം മുന്നോട്ട് കൊണ്ടുപോകുവാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. നിലവിലുള്ള ഭരണഘടനാ അവകാശങ്ങൾ തന്നെയും കവർന്നെടുക്കാൻ തുനിഞ്ഞിറങ്ങിയ ഇപ്പോഴത്തെ ഭരണകൂടത്തെ ചെറുത്ത് തോൽപിച്ച് ഭരണഘടനയെ സംരക്ഷിച്ചു നിലനിർത്തുക എന്നത് നമ്മുടെ അടിയന്തരമായ ചുമതലയായിരിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അംബേദ്കർ ആഗ്രഹിച്ച തരത്തിലുള്ള സാമൂഹ്യമുന്നേറ്റ പൂർത്തീകരണത്തിനുള്ള പോരാട്ടം ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.