വെനസ്വേലയിൽ അമേരിക്ക നടത്തുന്നഏകപക്ഷീയ ആക്രമണങ്ങളിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും ബന്ദിയാക്കിയതിലും പ്രതിഷേധിച്ച് സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിച്ച് കരീബിയൻ കടലിൽ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിൻവലിക്കണം. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണം.
