Skip to main content

സഖാവ് ഇ കെ നായനാർ ദിനം

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി ഇ കെ നായനാരുടെ സ്‌മരണദിനമാണ് മെയ് 19. മൂന്നുതവണ എൽഡിഎഫ് ഭരണത്തെ നയിച്ച അദ്ദേഹം, നമ്മെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം പൂർത്തിയാകുന്നു. കേരളജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, പാർലമെന്റേറിയൻ, ദേശാഭിമാനി മുഖ്യപത്രാധിപർ, എഴുത്തുകാരൻ, പ്രസംഗകൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

​സ്‌കൂൾ വിദ്യാർഥിയായിരിക്കെ ബാലസംഘത്തിലൂടെ സഖാവ് പൊതുരംഗത്തെത്തി. കല്യാശേരി ഹയർ എലിമെന്ററി സ്‌കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ, കെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിക്കും കെ പി ആറിനുമൊപ്പം നായനാരും സമരത്തിനിറങ്ങി. ആദ്യം കോൺഗ്രസിലും 1940നുമുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലുമെത്തി. സംഘടനാപ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവന്നശേഷം മൊറാഴ കർഷകപോരാട്ടത്തിന്റെ നേതാക്കളിൽ ഒരാളായി.

​കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ ഈ ഘട്ടത്തിൽ ഒളിവിൽ പോയി. കയ്യൂർ സമരത്തിലും സജീവപങ്കാളിയായി. ഈ കേസിൽ നായനാരെ പ്രതിയാക്കുകയും ചെയ്തു. ഇക്കാലയളവിലാണ് സുകുമാരനെന്ന പേരിൽ കേരള കൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്യ്രം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു.

​ത്യാഗോജ്വലമായ സമരസംഘടനാജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായി. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായി. റിവിഷനിസത്തിന് എതിരായ സമരത്തിൽ 1964-ൽ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു.

​​ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ, അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970-ൽ സിപിഐ എം മുഖമാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായതും നായനാരായിരുന്നു.

​സി എച്ച് കണാരന്റെ വിയോഗത്തെ തുടർന്ന് 1972-ൽ നായനാർ പാർടി സംസ്ഥാന സെക്രട്ടറിയായി. 1980-ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992-ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് 1996ൽ മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണ കാലംമുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1998-ൽ പൊളിറ്റ് ബ്യൂറോ അംഗമായി. 2004-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ഘട്ടത്തിലാണ് നായനാർ നമ്മോട് വിടപറഞ്ഞത്. അന്ന് കേരളത്തിൽ 18 സീറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽനിന്ന് പുറത്തായി.

​സംസ്ഥാനത്ത് ഇന്ന് കാണുന്ന വികസനത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ നായനാർ വഹിച്ച പങ്ക് വളരെ വലുതാണ്.

ആദ്യത്തെ ഐടി പാർക്ക് സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്‌ചപ്പാടുകൾ പ്രായോഗികമായത് നായനാരുടെ ഭരണകാലത്താണ്. കർഷകർക്കും തൊഴിലാളികൾക്കുംവേണ്ടി നിലകൊണ്ട നേതാവായിരുന്നു. നായനാർ നേതൃത്വം നൽകിയ 1980ലെ എൽഡിഎഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. തൊഴിലാളികൾക്കും കർഷകർക്കും സാധാരണക്കാർക്കും ഗുണകരമായ തീരുമാനങ്ങളായിരുന്നു എൽഡിഎഫ് സർക്കാരുകൾ കൈക്കൊണ്ടത്. എൽഡിഎഫിന് തുടർഭരണമുണ്ടായാൽമാത്രമേ കേരളവികസനത്തിന് തുടർച്ചയുണ്ടാകൂ എന്നതായിരുന്നു സ്ഥിതി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളവികസനത്തിൽ വലിയ കുതിപ്പുതന്നെ ഉണ്ടായി.

​നമ്മുടെ പ്രക്ഷോഭങ്ങളും സർക്കാരുകളുടെ ഇടപെടലുകളും ചേർന്നാണ് ജന്മിത്വകേരളത്തെ അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കി മാറ്റിയത്. ആഗോളവൽക്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോകുന്ന 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. ഇതെല്ലാം നേടിയിട്ടും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയമുണ്ടായി എന്ന പരിശോധന നടക്കുന്ന ഘട്ടമാണിത്‌. വർഗീയശക്തികളെ കൂട്ടുപിടിക്കുന്ന നടപടി സ്വീകരിച്ചും ബിജെപിയുമായി സഖ്യമുണ്ടാക്കിയുമാണ് പല മണ്ഡലത്തിലും യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്. ബിജെപി വിജയിച്ച മണ്ഡലത്തിൽ മൂന്നാംസ്ഥാനത്താണ് യുഡിഎഫ് എന്നത് ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. വർഗീയസംഘർഷമില്ലാത്ത കേരളത്തിൽ അത്തരം ശക്തികൾ തലപൊക്കുകയാണ്. വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൾകൂടിയാണിത്. ഇതിനെതിരെ ജാഗ്രതയോടെ മുന്നോട്ടുപോകണം.

​കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തിൽ വരുന്ന സ്ഥിതിയാണ് അടുത്ത കാലംവരെ ഉണ്ടായിരുന്നത്. അതിന് മാറ്റംവരുത്തിയാണ് എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. ഇപ്പോഴുണ്ടായ തിരിച്ചടികളെ അതിജീവിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരും. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റുകളായിരുന്നു സിപിഐ എമ്മിന്‌ ഉണ്ടായിരുന്നത്. 2001ൽ എൽഡിഎഫ്‌ 40 സീറ്റുകളിൽ ഒതുങ്ങി. പിന്നീടാണ് 99 സീറ്റിലേക്കെത്തുന്ന നിലയുണ്ടായത്. 100 വർഷം കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ അധികാരത്തിൽ വരില്ലെന്ന് പ്രഖ്യാപിച്ചവരുണ്ട്. പാർടി അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് മരിക്കുമെന്ന് പറഞ്ഞവരുമുണ്ട്. അങ്ങനെ കരുതിയ രാഷ്ട്രീയസാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോയ പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്‌. പോരായ്‌മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്നതിൽ തർക്കമില്ല. ആ പോരാട്ടങ്ങൾക്ക്‌ നായനാരുടെ ഓർമകൾ കരുത്തുപകരും.

 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.