ഇറാനു നേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ആക്രമണോത്സുകമായ പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രസ്താവനകൾ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം വർധിക്കുന്നതിനും മേഖലയെ മുഴുവൻ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുന്നതിനും കാരണമാകും.
ഇറാനിയൻ നേതാക്കളെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഇറാന്റെ നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെടുകയുമാണ് ട്രംപ്. പശ്ചിമേഷ്യയിൽ വൻതോതിൽ യുഎസ് സൈന്യത്തെ വിന്യസിക്കുന്നത് ഇറാനെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ സന്നദ്ധതയെയാണ് വ്യക്തമാക്കുന്നത്. അപകടകരമായ ഈ സംഭവവികാസങ്ങൾ പശ്ചിമേഷ്യയെയും ലോകത്തെയും വിനാശകരമായ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. കാനഡയിൽ നടന്ന ജി-7 യോഗത്തിൽ നിന്നുള്ള പ്രസ്താവനയും ഈ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നതാണ്.
ഇസ്രയേലിന്റെ ആക്രമണ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ട് ഇറാനെ കുറ്റപ്പെടുത്തുകയാണ് ജി-7. പശ്ചിമേഷ്യയിൽ നിലവിലുണ്ടായ സംഘർഷാവസ്ഥയുടെ പ്രാഥമിക ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് വ്യക്തമാണ്. ഗാസയിലെ വംശഹത്യയ്ക്കു പിന്നാലെ സിറിയ, ലബനൻ, യെമൻ, ഇറാൻ എന്നിവയുൾപ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും മനഃപൂർവ്വം സൈനിക നടപടികൾ വ്യാപിപ്പിക്കുകയായിരുന്നു ഇസ്രയേൽ. ഇസ്രയേലിനെ നിയന്ത്രിക്കാത്തിടത്തോളം കാലം മേഖലയിലെ സമാധാനവും സ്ഥിരതയും അപ്രാപ്യമായിരിക്കും.
പശ്ചിമേഷ്യയിലും അതിനപ്പുറത്തും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്രയേലെന്ന തെമ്മാടി രാഷ്ട്രത്തെ ഉപയോഗിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. അമേരിക്കയും ഇസ്രയേലും അവരുടെ ആക്രമണാത്മക നടപടികൾ അവസാനിപ്പിച്ച് നയതന്ത്രത്തിലേക്ക് മടങ്ങാനായി സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി പ്രവർത്തിക്കണം.
അമേരിക്കയ്ക്കും ഇസ്രയേലിനും അനുകൂലമായ വിദേശനയ നിലപാട് ബിജെപി നയിക്കുന്ന ഇന്ത്യൻ സർക്കാർ ഉപേക്ഷിക്കണം. ഇസ്രയേലിന്റെയും പ്രധാന പിന്തുണക്കാരായ അമേരിക്കയുടെയും ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിന് മറ്റ് രാജ്യങ്ങളുമായുള്ള ഐക്യദാർഢ്യം ആവശ്യപ്പെടുന്നു.
