Skip to main content

പ്രവാസികൾക്ക് അംഗീകാരം നൽകുന്ന ഉന്നതജനാധിപത്യ സംവിധാനമാണ് ലോക കേരളസഭ. അതിനോടുള്ള അരിശം പ്രതിപക്ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് അവർക്ക് നന്ന്.

ലോക കേരളസഭ വിജയകരമായി നടത്തി. ഇത് ഒരു നൂതന ജനാധിപത്യസംവിധാനമാണ്. ഇതിനോട് കോൺഗ്രസ് - ബിജെപി പ്രതിപക്ഷ മുന്നണികൾ എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുതയും പങ്കെടുത്ത പ്രവാസികളോട് അരിശവും കാട്ടിയതെന്നത് മനസ്സിലാക്കാനാവുന്നില്ല. നാടിന്റെ പ്രശ്‌നങ്ങളിൽ യോജിക്കാൻ കഴിയുന്ന കാര്യങ്ങളിൽ പൊതുവിൽ യോജിക്കുക എന്നതാണ് പ്രതിപക്ഷത്താണെങ്കിലും ഭരണപക്ഷത്താണെങ്കിലും രാഷ്ട്രീയകക്ഷികൾ ചെയ്യേണ്ടത്. എന്നാൽ, ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ഒരു ജനാധിപത്യസംവിധാനം പ്രവാസികൾക്കുവേണ്ടി അവതരിപ്പിക്കുകയും അതിന്റെ മൂന്നാം സമ്മേളനം ചേരുകയും ചെയ്തപ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ എത്രമാത്രം നിരുത്തരവാദപരമായാണ് പ്രതികരിച്ചത്. ബഹിഷ്‌കരണത്തോടൊപ്പം വിതണ്ഡതാവാദങ്ങളും ഉന്നയിച്ചു.

ലോക കേരളസഭകൊണ്ട് എന്ത് പ്രയോജനം, മൂന്നാം സഭയിലെത്തിയപ്പോൾ എന്തു നേട്ടമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ ചോദിച്ചു. ലോക്‌സഭയും രാജ്യസഭയും എന്നപോലെയും നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലും എന്നതുപോലെയും വളരെ പരിമിതവും എന്നാൽ വിശാലവുമായ വേദിയാണ് ലോക കേരളസഭ. സഭയിലെ 351 അംഗങ്ങളിൽ എംഎൽഎമാർ, എംപിമാർ, കേരളസർക്കാർ നാമനിർദേശം ചെയ്ത പ്രവാസികൾ, തിരികെയെത്തിയ പ്രവാസികളുടെ പ്രതിനിധികൾ എന്നിവരാണ് ഉൾപ്പെടുന്നത്. ഇന്ത്യക്ക്‌ അകത്തുനിന്നും പുറത്തുനിന്നും തെരഞ്ഞെടുത്ത പ്രവാസികളെ തൊഴിൽ, ലിംഗപദവി, തങ്ങളുടെ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളുടെ എണ്ണം, പ്രവാസിസമൂഹത്തിന് നൽകുന്ന സംഭാവനകൾ എന്നീ വസ്തുതകൾ പരിശോധിച്ചാണ് തെരഞ്ഞെടുക്കുന്നത്. കൂടാതെ, ഇന്ത്യൻ പൗരത്വം ഇല്ലാത്തവരായ പ്രമുഖ കേരളീയർ ഉൾപ്പെടെയുള്ളവരെ പ്രത്യേക ക്ഷണിതാക്കളായും ഉൾപ്പെടുത്തുന്നു. ലോക കേരളസഭ ഒരു സ്ഥിരം സഭയാണ്. പക്ഷേ, രണ്ട് സമ്മേളനത്തിനിടയിൽ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കേണ്ടതുണ്ട്. ഈ സഭയ്ക്ക് സ്റ്റാറ്റ്യൂട്ടറി അധികാരം നൽകുന്നതിനുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന സൂചന മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

പ്രവാസികളുടെ നിക്ഷേപം

കേരളത്തെ സംബന്ധിച്ചിടത്തോളം സർവതലസ്പർശിയായ സംഭാവനയാണ് പ്രവാസികൾ നൽകുന്നത്. രാജ്യത്തിന്റെ ഏറ്റവും വലുതും നിർണായകവുമായ വിദേശനാണയ സ്രോതസ്സാണ് അവർ. പുറംകേരളത്തിൽനിന്ന്‌ എത്തുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 36 ശതമാനം വരുമെന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇതിൽ ഏറിയ പങ്കും കേരളീയരുടേതാണ്. പത്ത് കേരളീയരിൽ ഒരാൾ പ്രവാസിയാണ്. പ്രവാസം കേരളത്തിന്റെ സമസ്തമേഖലയെയും സ്വാധീനിക്കുന്നു. സാമ്പത്തികകാര്യങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല. കേരളത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണരീതി, വസ്ത്രധാരണം, ഫാഷൻ, വ്യവസായം, വാണിജ്യം, ആഭരണം, വീട്, വാഹനം, വീട്ടുപകരണങ്ങൾ, സാഹിത്യം, സിനിമ- ഇങ്ങനെ എല്ലാ മേഖലയെയും സ്വാധീനിക്കുന്നു.

പ്രവാസികളുടെ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം അവരുടെ സംരക്ഷണവും പ്രധാനമാണ്. ഇക്കാര്യത്തിൽ തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാരിന്റെ സഹായം കൂടിയേ കഴിയൂ. ഇന്ന് ലോകത്ത് സർവകലാശാലകളിലും ലബോറട്ടറികളിലും മറ്റും പണിയെടുക്കുന്ന വലിയൊരു സംഖ്യ മലയാളി പണ്ഡിതരും വിദഗ്ധരും ഉണ്ട്. അവരെ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ മെന്റർമാരായും ഓണററി അധ്യാപകരായും പ്രയോജനപ്പെടുത്തണം. ഇത്തരം കാര്യങ്ങളെപ്പറ്റിയുള്ള ഉള്ളുതുറന്ന ചർച്ചയാണ് ലോക കേരളസഭയിലുണ്ടായത്. നമ്മുടെ പ്രവാസികളിൽ 70 ശതമാനത്തിനുമേൽ അവിദഗ്ധ തൊഴിലാളികളായിരുന്ന സ്ഥിതിക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. സാങ്കേതികവൈദഗ്ധ്യവും ഉയർന്ന വിദ്യാഭ്യാസയോഗ്യതയും ഉള്ളവരുടെ സാന്നിധ്യം ഇന്ന് വളരെ കൂടുതലാണ്. എങ്കിലും അവിദഗ്ധ തൊഴിലാളികളും അൽപ്പവരുമാനക്കാരുമായ വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം നൽകേണ്ടതുണ്ട്. അതിനെ അഭിസംബോധന ചെയ്യാൻ ലോക കേരളസഭയ്ക്ക് കഴിഞ്ഞു. 30 വർഷത്തിലധികമായി ഒമാനിൽ വീട്ടുജോലി ചെയ്യുന്ന എലിസബത്ത് ജോസഫിന്റെ ഉള്ളുപൊള്ളുന്ന അനുഭവം അവർ വേദിയിൽ വിവരിച്ചിരുന്നു. ഡൊമസ്റ്റിക് വർക്കേഴ്‌സിന്റെ സുരക്ഷിതത്വത്തിന് രാജ്യാന്തരതലത്തിൽ പ്രത്യേക ഇടപെടലുകൾ ആവശ്യമാണ്.

ലോക കേരളസഭയ്‌ക്ക്‌ പിന്തുണ

ലോക കേരളസഭ എങ്ങനെ സാർഥകമാകുന്നു എന്നതിന് അതിന്റെ പങ്കാളിത്തം നോക്കിയാൽ മതി. ഒന്നാം സഭയ്ക്ക് 20 രാജ്യത്തിന്റെ പങ്കാളിത്തമുണ്ടായി. രണ്ടാം സഭയിൽ 40 രാജ്യമായി. ഇക്കുറിയാകട്ടെ 61 രാജ്യത്തെയും 21 സംസ്ഥാനത്തെയും പ്രതിനിധികൾ പങ്കെടുത്തു. ലോക കേരളത്തെ ഒരു ചരടിൽ കോർത്തിണക്കാനാണ് ശ്രമം. ഡോ. എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഗോകുലം ഗോപാലൻ, ജി കെ മേനോൻ തുടങ്ങിയവരെല്ലാം അവരുടെ ബിസിനസ് കാര്യങ്ങൾ മാറ്റിവച്ചാണ് പങ്കെടുത്തത്. ഇവർ പ്രകടിപ്പിച്ച താൽപ്പര്യം അഭിനന്ദനാർഹമാണ്. എങ്കിലും ഈ വിഭാഗം എണ്ണത്തിൽ കുറവാണ്. സാധാരണക്കാരും തൊഴിലാളികളും ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും സാഹിത്യകാരൻമാരും ചിത്രകാരൻമാരുമൊക്കെ അടങ്ങുന്ന വിഭാഗമായിരുന്നു എണ്ണത്തിൽ കൂടുതൽ. മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം സാന്നിധ്യം ഉറപ്പാക്കിയത് ഈ സംരംഭത്തിന്റെ ഗൗരവത്തെ അടിവരയിടുന്നു.

13 മണിക്കൂർ നീണ്ട സഭയിൽ ഒമ്പത് മണിക്കൂർ ചർച്ചയ്ക്കായി മാറ്റി. ചർച്ചയിലെ പ്രധാനകാര്യങ്ങൾക്കെല്ലാം മുഖ്യമന്ത്രി സമാപന പ്രസംഗത്തിൽ മറുപടി നൽകി. ഈ വർഷം കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസി മലയാളികളുടെ വിവരശേഖരണം വിപുലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസിത-മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള പിന്തുണ മുഖ്യമന്ത്രി തേടി.

യുഡിഎഫിന്‌ രാഷ്‌ട്രീയ അജൻഡ

ലോക കേരളസഭയോടുള്ള നിസ്സഹകരണത്തിന് യുഡിഎഫും ബിജെപിയും ആയുധമാക്കിയത് മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുകയെന്ന രാഷ്ട്രീയ അജൻഡയാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ യുവതി കേന്ദ്രഭരണക്കാരുടെയും പ്രതിപക്ഷത്തിന്റെയും ഒത്താശയോടെ പുലമ്പുന്ന അർഥമില്ലാത്ത ജൽപ്പനങ്ങൾ ഉപയോഗപ്പെടുത്തി എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷം മോഹിക്കുന്നുണ്ട്. ഇതിന് വലതുപക്ഷ മാധ്യമങ്ങളുടെ കൂട്ടുമുണ്ട്. എന്നാൽ, നാടിനോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളാണെങ്കിൽ ലോക കേരളസഭ ബഹിഷ്‌കരിക്കില്ലായിരുന്നു. സഭയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉൾപ്പെടെ പ്രവാസിസംഘടനകളുടെ പ്രതിനിധികൾ സഭയിൽ പങ്കെടുത്തിരുന്നു. സഭയിൽ അവർ നടത്തിയ അഭിപ്രായങ്ങളും വികാരങ്ങളും പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേൾക്കേണ്ടതാണ്. പ്രവാസികളുടെ കാര്യത്തിൽ ഭിന്നിപ്പല്ല, യോജിപ്പാണ് വേണ്ടതെന്നും പ്രതിപക്ഷ ബഹിഷ്‌കരണം തെറ്റാണെന്നും പറഞ്ഞതിന് യൂസഫലിക്കെതിരെ പ്രതിപക്ഷനേതാക്കൾ നടത്തിയ പ്രതികരണങ്ങൾ വിലകുറഞ്ഞതാണ്.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റും കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ അനിഷേധ്യ നേതാവുമായ വൈ എ റഹീം നടത്തിയ അഭ്യർഥന എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഷാർജ ഭരണാധികാരി ഏത് നിലവാരത്തിലുള്ള ആളാണെന്നത് മാധ്യമങ്ങൾ മറക്കുന്നു. അതുകൊണ്ടാണ് ഷാർജ ഭരണാധികാരിക്ക് കേരളത്തിൽ നിന്നെന്തോ പാരിതോഷികം കൈക്കൂലിയായി നൽകിയെന്ന അസംബന്ധം വന്നപ്പോൾ മാധ്യമങ്ങൾ അത് പ്രചരിപ്പിച്ചത്. ഇന്ത്യൻ അസോസിയേഷൻ ഷാർജയ്ക്ക് സ്‌കൂൾ തുടങ്ങാൻ 1979ൽത്തന്നെ പത്തേക്കർ സ്ഥലം സുൽത്താൻ അനുവദിച്ചു. 12 ഏക്കർ ഭൂമിയും 14 കോടി രൂപയും നൽകിയാണ് ഹിന്ദുക്കൾക്ക് ശ്മശാനം നിർമിച്ചത്. ഇന്നത്തെ മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് 182 തടവുകാരെ 200 കോടി രൂപയിലധികം സ്വന്തം പോക്കറ്റിൽനിന്ന് ചെലവഴിച്ച് വിട്ടയച്ച ദീനദയാലുവായ ഭരണാധികാരിയെയാണ് അപകീർത്തിപ്പെടുത്താൻ നോക്കിയത്. ഇതിലൂടെ പ്രവാസി മലയാളികളുടെ അന്നം മുട്ടിക്കുകയാണ്. ഇത് ചെയ്യരുതെന്ന അഭ്യർഥനയാണ് റഹീം നടത്തിയത്.

യുഎഇയിൽ പുതിയ ഭരണാധികാരി അധികാരമേറ്റിട്ടുണ്ട്. കേരളത്തിന്റെ ക്ഷണം രാജ്യത്തെ ഗവൺമെന്റിന്റെ ക്ഷണം എന്നപോലെ സ്വീകരിക്കുന്നവരാണ് ഗൾഫ് ഭരണാധികാരികൾ. അനാവശ്യമായ വിവാദങ്ങളും അപകീർത്തിപ്പെടുത്തലും കാരണം പുതിയ ഭരണാധികാരികളെ ഇവിടേക്ക് കൊണ്ടുവരുന്നതിനുപോലും മടിക്കുകയാണെന്നാണ് ചില പ്രമുഖ പ്രവാസികൾ പറയുന്നത്. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിസ്തുല സംഭാവന നൽകുന്ന പ്രവാസികൾക്ക് അംഗീകാരം നൽകുന്ന ഉന്നതജനാധിപത്യ സംവിധാനമാണ് ലോക കേരളസഭ. ഇതിനോടുള്ള അരിശം പ്രതിപക്ഷം എത്രയും വേഗം അവസാനിപ്പിക്കുന്നത് അവർക്ക് നന്ന്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.