Skip to main content

ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനത്തിലാണ് സിപിഐ എം ഏർപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരെന്ന നാട്യത്തിൽ ശത്രുവർഗം കമ്യൂണിസ്റ്റ് ചേരിക്കെതിരെ കുപ്രചാരണം നടത്തുന്നു. അതിന് മന്ത്രിയായിരിക്കെ സജി ചെറിയാൻ നടത്തിയ മല്ലപ്പള്ളിയിലെ പ്രസംഗത്തെ മറയായി ദുരുപയോഗപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഭരണഘടനയോടുള്ള സിപിഐ എമ്മിന്റെ സമീപനമെന്ത്, ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏത്, ഭരണഘടനാ സംരക്ഷണത്തിനുള്ള പ്രാധാന്യമെന്ത്, സജി ചെറിയാന്റെ മന്ത്രിസ്ഥാന രാജി മാതൃകാപരമാകുന്നത് എന്തുകൊണ്ട് എന്നീ കാര്യങ്ങൾ വ്യക്തമാക്കാനാണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്.

കമ്യൂണിസ്റ്റുകാർ മാർക്സിസം–ലെനിനിസത്തിൽ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് കുത്തക മുതലാളിത്ത വ്യവസ്ഥയുള്ള ഇന്ത്യയിലെ ഭരണഘടന കമ്യൂണിസ്റ്റുകാർക്ക് അംഗീകരിക്കാൻ കഴിയുമോ എന്ന ചോദ്യം ഏറെക്കാലത്തിനു മുമ്പുമുതലേ ഉയർന്നിരുന്നു. അതിന്‌ മുഖ്യമന്ത്രിയായിരിക്കെ 1968ൽ പുണെയിലെ ഗൊഖ്‌ലേ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആർ ആർ ഖലേ സ്മാരക പ്രസംഗത്തിൽ ഇ എം എസ് മറുപടി നൽകിയിരുന്നു. മാർക്സിസം–-ലെനിനിസത്തിന്റെ അടിസ്ഥാനതത്വങ്ങളോടുള്ള കൂറ് നിലനിർത്തിക്കൊണ്ടുതന്നെ പാർലമെന്ററി ജനാധിപത്യത്തിന്റെ തത്വങ്ങളോടും ഗതിക്രമങ്ങളോടും ഭരണഘടനയോടുമുള്ള കൂറ് കമ്യൂണിസ്റ്റുകാർ മുറുകെപ്പിടിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന കമ്യൂണിസ്റ്റ് പാർടിയുടെ സർക്കാരുകൾ ആ അധികാരം ഉപയോഗിച്ച് ഭരണഘടനാപരമായ കാര്യങ്ങളാണ് നടപ്പാക്കുകയെന്ന് 1957ൽ ആദ്യത്തെ മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയപ്പോൾത്തന്നെ ഇ എം എസ് ചൂണ്ടിക്കാട്ടിയിരുന്നു. താൻ ശ്വസിക്കുന്നതുപോലും കമ്യൂണിസ്റ്റ്‌ സമുദായം സൃഷ്ടിക്കുന്നതിനു വേണ്ടിയാണെന്നും എന്നാൽ, തന്റെ സർക്കാരിന്റെ പരിപാടി കമ്യൂണിസ്റ്റ് സമുദായം സൃഷ്ടിക്കൽ ആയിരിക്കില്ലെന്നും ഇ എം എസ് അന്ന് പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്. ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെയും ഇടത്തരക്കാരെയുംകൂടെ കൂട്ടുന്നതാണ് എൽഡിഎഫ് സർക്കാർ. എന്നാൽ, കോൺഗ്രസിന്റെ കാലത്തെ കേന്ദ്രഭരണങ്ങളും ഇപ്പോഴത്തെ ആർഎസ്എസ് നയിക്കുന്ന മോദി ഭരണവും അങ്ങനെയല്ല. അവർ കോർപറേറ്റുകൾക്കൊപ്പമാണ്. ഇത് വ്യക്തമാക്കുന്നത് ഇന്ത്യൻ ഭരണഘടനയോട് അടിസ്ഥാന കൂറുപുലർത്തുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും കൂറില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉണ്ടെന്നതാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആദ്യകാലത്ത് പണ്ഡിറ്റ് ജവാഹർലാൽ ഒരുകാര്യം പറഞ്ഞു–ദീർഘകാലമായി അടിച്ചമർത്തപ്പെട്ടിരുന്ന ഇന്ത്യയുടെ ആത്മാവ് ഇതാ സംസാരിച്ചു തുടങ്ങുന്നുവെന്നായിരുന്നു. അടിച്ചമർത്തപ്പെട്ട ഇന്ത്യയുടെ ആത്മാവിന്റെ ആദ്യമായുള്ള ഔപചാരികമായ സംസാരമാണ് നമ്മുടെ ഭരണഘടനയെന്ന് വിലയിരുത്തി. ഇപ്രകാരമുള്ള ഭരണഘടന ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉൽപ്പന്നംകൂടിയാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഭരണഘടനാ അസംബ്ലിയെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് എം എൻ റോയിയും മറ്റ് കമ്യൂണിസ്റ്റുകാരുമായിരുന്നു. സമ്പൂർണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തിലേക്ക് സ്വാതന്ത്ര്യപ്രസ്ഥാനം എത്തിയതിലും കമ്യൂണിസ്റ്റുകാർക്കുള്ള പങ്ക് വലുതാണ്. ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ സമ്പൂർണ സ്വരാജ് അവതരിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്. ഇങ്ങനെ ചരിത്രപരമായിത്തന്നെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നവരാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകാർ. സ്വാതന്ത്ര്യം കിട്ടിയശേഷം രാജ്യം ഏറ്റെടുത്ത പ്രധാന കർത്തവ്യങ്ങളിൽ ഒന്നായിരുന്നു ഭരണഘടന എഴുതിയുണ്ടാക്കുകയെന്നത്. ഭരണഘടനാ നിർമാണസഭയിൽ കമ്യൂണിസ്റ്റ് പാർടി പ്രതിനിധി ഉണ്ടായിരുന്നു. സഭയുടെ അധ്യക്ഷൻ ബി ആർ അംബേദ്കർ ആയിരുന്നു.

ഭരണനിർവഹണം, നിയമനിർമാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലും കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകൾ തമ്മിലുമുള്ള ബന്ധങ്ങൾ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. ഇതിൽ 22 ഭാഗവും 395 വകുപ്പുമുണ്ട്. ഇവയിൽ മിക്കവയ്ക്കും നിരവധി അപവാദങ്ങളും പരിമിതികളും വിശേഷങ്ങളുമുണ്ട്. ഒമ്പത് പട്ടികയും നൂറിലധികം ഭേദഗതിയുമുണ്ട്. 300 പേജ് വരുന്ന നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും നീണ്ട ഭരണഘടനയാണ്. ദീർഘമായ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കുംശേഷമാണ് പല ഭാഗവും ചേർത്തത്. വോട്ടെടുപ്പും വേണ്ടിവന്നിട്ടുണ്ട്. രാജ്യത്തിന്റെ പേര് എന്താകണമെന്നതുതന്നെ വലിയ തർക്കത്തിന് വിഷയമായതാണ്. പാകിസ്ഥാൻ എന്ന പേരു വന്നതിനാൽ നമ്മൾ ഹിന്ദുസ്ഥാൻ എന്ന പേരിടണമെന്ന് ശഠിച്ചവരുണ്ട്. അല്ലെങ്കിൽ ഹിന്ദുകാണ്ഡം എന്നാക്കണമെന്ന് പറഞ്ഞവരുണ്ട്. എന്നാൽ, അവസാനം ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്നാക്കി. ഭരണഘടനയുടെ ആമുഖം എങ്ങനെ തുടങ്ങണമെന്നത് വലിയ തർക്കവിഷയമായിരുന്നല്ലോ. ദൈവത്തിന്റെ നാമത്തിൽ എന്ന് വേണമെന്നതായിരുന്നു പ്രബലമായ ഒരു അഭിപ്രായം. എന്നാൽ, വീ ദ പീപ്പിൾ ഓഫ് ഇന്ത്യ, ഇന്ത്യയിലെ ജനങ്ങളായ നമ്മൾ എന്നാക്കി. ഇതെല്ലാം തീർപ്പാക്കാൻ വോട്ടെടുപ്പും വേണ്ടിവന്നു. മതത്തിന്റെ പേരിൽ വിവേചനമോ പ്രീണനമോ പാടില്ലെന്നും വ്യവസ്ഥയുണ്ടാക്കി. ഇതിലെല്ലാം കമ്യൂണിസ്റ്റുകാരുടെ നിലപാട് സുവ്യക്തമാണ്. ഇപ്രകാരമുള്ള ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് ഇന്നത്തെ വർത്തമാനകാലത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ ആവശ്യമാണ്. ഭരണഘടനയിൽ ഭേദഗതികളും പൊളിച്ചെഴുത്തും കൂട്ടിച്ചേർക്കലും വേണമെന്ന് പല ഘട്ടത്തിലും സിപിഐ എമ്മും പാർടിയുടെ മുഖ്യമന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പുപരിഷ്കാരത്തിനുള്ള നിർദേശം പാർടി മുന്നോട്ടുവച്ചിട്ടുണ്ട്. വോട്ടിൽ ന്യൂനപക്ഷമാണെങ്കിലും സീറ്റിൽ ഭൂരിപക്ഷം കിട്ടുന്ന ഇന്നത്തെ സമ്പ്രദായത്തിൽ മാറ്റംവരുത്തി ആനുപാതിക പ്രാതിനിധ്യം കൊണ്ടുവരണമെന്ന് സിപിഐ എം നിർദേശിച്ചിട്ടുണ്ട്. അതുപോലെ സാമൂഹ്യവും സാമ്പത്തികവുമായി കൈക്കൊള്ളേണ്ടതും സമയബന്ധിതമായി പ്രാവർത്തികമാക്കേണ്ടതുമായ കാര്യങ്ങൾ നിർദേശകതത്വങ്ങളെന്ന രൂപത്തിൽ മാത്രമായി ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിന്റെ പോരായ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ പൗരൻമാർക്കും മതിയായ ഉപജീവനോപായങ്ങൾ ലഭ്യമാക്കുന്നതിനും സാർവത്രിക വിദ്യാഭ്യാസം, തൊഴിലവകാശം തുടങ്ങിയവയ്ക്കുള്ള സ്ഥാനം മൗലികാവകാശമാക്കണമെന്നും സിപിഐ എം പറഞ്ഞിട്ടുണ്ട്.

ഇതെല്ലാം നമ്മുടെ ഭരണഘടനയ്ക്ക് ജനാധിപത്യത്തിന്റെയും സമത്വാശയങ്ങളുടെയും ഭാഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ്. ആ കാഴ്ചപ്പാടിൽ വേണം ഇന്ത്യൻ ഭരണഘടനയെ സമീപിക്കാൻ. സജി ചെറിയാന്റെ പ്രസംഗ പരാമർശങ്ങളുടെ മറവിൽ ഭരണഘടനാ സംരക്ഷണത്തിന്റെ ചാമ്പ്യൻമാരായി രംഗത്തുവന്നിരിക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ഭരണഘടനാവിരുദ്ധ സ്വഭാവം എല്ലാവർക്കും ബോധ്യമുള്ളതാണ്. നിയമസഭയിൽ ഭൂരിപക്ഷമുള്ള ഇ എം എസ് സർക്കാരിനെ കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ പേരിൽ 356–ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട ജനാധിപത്യക്കുരുതിക്ക് തുടക്കമിട്ടത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരാണ്. പിന്നെ ജനാധിപത്യത്തെ കഴുത്തുഞെരിച്ചുകൊന്ന അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ ഭരണത്തിലായിരുന്നു. പശ്ചിമബംഗാളിൽ സിപിഐ എമ്മിനെതിരെ അർധ ഫാസിസ്റ്റുവാഴ്ച അടിച്ചേൽപ്പിച്ചത് കോൺഗ്രസ് ഭരണമാണ്. ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ പൗരാവകാശവും മാധ്യമ സ്വാതന്ത്ര്യവും ഭരണഘടനാമൂല്യങ്ങളും കവരുന്നത് ആർഎസ്എസ് നയിക്കുന്ന മോദി ഭരണത്തിലാണ്.

മോദി ഭരണത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വനിയമഭേദഗതി പാർലമെന്റിൽ പാസാക്കി. ഇതിനേക്കാൾ വലിയ ഭരണഘടനാലംഘനം മറ്റെന്തുണ്ട്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകു’മെന്ന് 1949 നവംബർ 25ന് ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. ഭരണഘടന മാറ്റിമറിക്കാതെതന്നെ അതിനെ അട്ടിമറിക്കാമെന്ന് തെളിയിക്കുന്നു. പതിനൊന്നോളം സംസ്ഥാനത്തിന്‌ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള പ്രത്യേക പദവികളോ പരിഗണനകളോ ഉണ്ട്. അതെല്ലാം നിലനിർത്തിക്കൊണ്ടുതന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞു. കാർഷിക ഭേദഗതി നിയമം, അയോധ്യാ വിധി നടപ്പാക്കൽ തുടങ്ങിയവയെല്ലാം ഭരണഘടനാ ലംഘനത്തിന്റെ മറ്റ് ഉദാഹരണങ്ങളാണ്. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുകയോ വിവേചനമോ പ്രീണനമോ പാടില്ലെന്ന് ഭരണഘടന ഊന്നുന്നു. നമ്മുടെ റിപ്പബ്ലിക്കിന് ഭരണഘടന നൽകിയ വിശേഷണങ്ങൾ പ്രധാനമാണ്. പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ്. ഇതിലെ മതനിരപേക്ഷത ഉൾപ്പെടെയുള്ള വിശേഷണങ്ങൾ അനാവശ്യമാണെന്ന് കേന്ദ്രഭരണക്കാർ പറഞ്ഞു നടക്കുന്നുണ്ട്. മതനിരപേക്ഷത എന്നത് പിന്നീട് എഴുതിച്ചേർത്തതു കൊണ്ടും ഈ വിശേഷണം മറ്റൊരു ഘട്ടത്തിൽ എടുത്തുകളയാമെന്നാണ് ഇക്കൂട്ടരുടെ വാദം. മതനിരപേക്ഷ രാജ്യമെന്ന വിശേഷണം ഉള്ളപ്പോൾത്തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർ ഭരണഘടനയെ പിച്ചിച്ചീന്താൻ ഒട്ടും മനഃസാക്ഷിക്കുത്തില്ലാത്തവരാണ്.

ഇതിലേക്കുള്ള കൈവഴികളാണ് നേരത്തേ ചൂണ്ടിക്കാട്ടിയ പൗരത്വനിയമഭേദഗതി മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭം അനാച്ഛാദന ചടങ്ങ് വരെയുള്ളത്. യുദ്ധത്തിന്റെ പാത ഉപേക്ഷിച്ച് സമാധാനത്തിന്റെ വഴിയിലെത്തുന്ന അശോക ചക്രവർത്തിയുടെ സാരാനാഥിലെ നാല് സിംഹങ്ങളോടുകൂടിയ അശോകസ്തംഭത്തെയാണ് ഇന്ത്യയുടെ ദേശീയ ചിഹ്നമായി തെരഞ്ഞെടുത്തത്. ഇതിലെ സിംഹങ്ങൾക്ക് സമാധാനത്തിന്റെ പ്രതീകമെന്നനിലയിൽ ശാന്തഭാവമായിരുന്നു. എന്നാൽ, പാർലമെന്റിൽ മോദി സ്ഥാപിച്ച സിംഹരൂപങ്ങൾ ക്രൗര്യഭാവത്തിലുള്ളതാണ്. രാഷ്ട്രപതി അനാച്ഛാദനം ചെയ്യേണ്ടതാണ് പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം. നിയമനിർമാണസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി ഇവയെല്ലാം അടങ്ങുന്ന പാർലമെന്ററി സമ്പ്രദായത്തിൽ ഇത്തരം ചടങ്ങ് നിർവഹിക്കേണ്ടത് എക്സിക്യൂട്ടീവിന്റെ പ്രതിനിധിയായ പ്രധാനമന്ത്രിയല്ല. കേവലമൊരു ചടങ്ങിന്റെ പ്രോട്ടോകോൾ ലംഘനമല്ല ഇതിൽ അടങ്ങുന്നത്. ഒരു രാജ്യം, ഒരു നേതാവ് എന്ന ഏകാധിപത്യവാഴ്ചയുടെ കേളികൊട്ടാണ്‌ ഇത്. ഇപ്രകാരം ഒരുസാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനാ സംരക്ഷണത്തിന് ഇന്ന് മറ്റേതൊരു കാലത്തേക്കാളും പ്രാമുഖ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഭരണഘടനയെപ്പറ്റിയുള്ള പ്രസംഗത്തിലെ ചില വാക്കുകൾ ശത്രുചേരി ദുരുപയോഗപ്പെടുത്തി എൽഡിഎഫിനെയും സിപിഐ എമ്മിനെയും ക്ഷീണിപ്പിക്കാൻ ദേശവ്യാപകമായി രംഗത്തുവന്ന സാഹചര്യത്തിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. കമ്യൂണിസ്റ്റുകാർ ഒരുസ്ഥാനത്ത് വരുന്നതും ആ സ്ഥാനം ഒഴിയുന്നതും പാർടിയുടെ നിശ്ചയപ്രകാരമാണ്. അതാണ് സജി ചെറിയാന്റെ കാര്യത്തിലും ഉണ്ടായത്.

സജി ചെറിയാൻ ഭരണഘടനയെപ്പറ്റി പ്രസംഗിച്ച കൂട്ടത്തിലെ തെറ്റായ ചില കാഴ്ചപ്പാടുകളെ സിപിഐ എം അനുകൂലിക്കുന്നില്ല. നിൽക്കക്കള്ളിയില്ലാതെ രാജിവച്ചു എന്ന വിലയിരുത്തൽ അർഥശൂന്യമാണ്. രാജി സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. സജി നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന ശത്രുചേരിയുടെ ആവശ്യത്തിന് പഴയ കടലാസിന്റെ വിലപോലുമില്ല. ഒരു നിയമസഭാംഗത്തിന്റെ രാജി ഭരണഘടനാബാഹ്യമായ ഒരുകാര്യം പറഞ്ഞ് ആവശ്യപ്പെടുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയോട് പ്രതിബദ്ധത പുലർത്തി പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവ എല്ലാം സംരക്ഷിക്കാനുള്ള ശക്തമായ പ്രവർത്തനത്തിലാണ് പാർടി ഏർപ്പെട്ടിരിക്കുന്നത്. അതിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതാണ് പാർടിയുടെ അടിസ്ഥാന കാഴ്ചപ്പാട്.

സ. കോടിയേരി ബാലകൃഷ്‌ണൻ

സിപിഐ എം സംസ്ഥാന സെക്രട്ടറി

 

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.