Skip to main content

എൽ ഡി എഫ് സർക്കാരിനെ ഇല്ലായ്മ ചെയ്യാൻ ബി ജെ പിയുമായി ചേർന്ന് വിശാലമായ ഇടതുപക്ഷവിരുദ്ധ മഹാസഖ്യം ഉണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം പരിശ്രമിക്കുകയാണ്


കോഴിക്കോട്ടു നടന്ന കോൺഗ്രസിന്റെ  സംസ്ഥാനതല സംഗമം  കല്യാണത്തിരക്കിനിടയിൽ താലികെട്ടാൻ മറന്നതുപോലെ  ഒന്നായി പര്യവസാനിച്ചു എന്നാണ് മാധ്യമ വാർത്തകൾ വിലയിരുത്തുന്ന, ആരും എത്തുന്ന നിഗമനം. ‘ചിന്തൻ ശിബിർ' എന്നു പേരിട്ട സമ്മേളനത്തിലെ തീരുമാനങ്ങളും പ്രസ്താവനകളും അതാണ് വ്യക്തമാക്കുന്നത്‌. സിപിഐ എമ്മിനെയും എൽഡിഎഫിനെയും മുഖ്യശത്രുവായി ഉറപ്പിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ് ശിബിർ. ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിൽനിന്നു വേറിട്ട ഒന്നല്ല കേരളം. എന്നാൽ, അത് തമസ്കരിക്കുന്നതായി കോൺഗ്രസ് നിലപാട്.
ഇന്നത്തെ ദേശീയരാഷ്ട്രീയത്തിലെ മുഖ്യശത്രു ബിജെപിയാണ്.  കണ്ണൂരിൽ ചേർന്ന സിപിഐ എമ്മിന്റെ 23-ാം പാർടി കോൺഗ്രസ് ഓരോ രാഷ്ട്രീയപാർടികളെയും വിലയിരുത്തി രാജ്യത്തിന്റെ മുഖ്യ അപകടശക്തി ഏതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപി വെറുമൊരു ബൂർഷ്വാ പാർടിയല്ല. സാമ്പത്തികനയത്തിൽ നവ ഉദാരവൽക്കരണ-സ്വകാര്യവൽക്കരണനയം പിന്തുടരുന്നു. ആർഎസ്എസ് നയിക്കുന്ന ഈ കക്ഷി ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ അക്രമാസക്തമായി നിലകൊള്ളുന്നു. അതിനുവേണ്ടി അവരുടെ കേന്ദ്രഭരണം സംസ്ഥാനഭരണങ്ങളെയും ഭരണഘടനയെയും നിയമവ്യവസ്ഥയെയും ഫെഡറലിസത്തെയും അട്ടിമറിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ അടക്കം രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ദുരുപയോഗപ്പെടുത്തുന്നു. ഹിന്ദുത്വരാഷ്ട്ര സ്ഥാപനത്തിനുവേണ്ടി സംഘപരിവാറിനെ അക്രമാസക്തമായി  രംഗത്തിറക്കിയിരിക്കുന്നു. മോദി ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം വിലയിരുത്തിയാണ് ഇന്ത്യൻ വർത്തമാനകാല രാഷ്ട്രീയത്തിൽ മുഖ്യശത്രു ബിജെപിയാണെന്ന് സിപിഐ എം പാർടി കോൺഗ്രസ് സംശയലേശമെന്യേ വ്യക്തമാക്കിയത്.
ബിജെപിക്കെതിരെ മൗനം
എന്നാൽ, കോൺഗ്രസിന്റെ കോഴിക്കോട്ടെ സംഗമം ബിജെപിയുടെ ആപത്തിനെ അടിവരയിടുകയോ അവർക്കെതിരെ ബഹുജന ഐക്യവും മുന്നേറ്റവും ഉണ്ടാകേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുകയോ ചെയ്തില്ല. പകരം എൽഡിഎഫിനെ ദുർബലപ്പെടുത്താനുള്ള അടവുകൾ സ്വീകരിക്കുമെന്ന മോഹതീരുമാനങ്ങളാണ് കൈക്കൊണ്ടത്. എൽഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് അടർത്തിയെടുക്കുമെന്നും അങ്ങനെ യുഡിഎഫ് വിപുലീകരിക്കുമെന്നുമാണ് നേതാക്കളുടെ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച സ്വപ്നം. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കാൻ ബിജെപി പക്ഷത്തെ ആളുകളെയോ കക്ഷികളെയോ കൊണ്ടുവരുന്നതിനല്ല ഇക്കൂട്ടർക്ക് താൽപ്പര്യം. പിണറായി വിജയൻ സർക്കാർ തീവ്രവലതുപക്ഷ നയങ്ങൾ പിന്തുടരുന്നതിനാൽ ഇടതുപക്ഷസംഘടനകൾ എൽഡിഎഫ് വിടുമെന്ന, പാഴാകുന്ന സ്വപ്നമാണ് കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, കോൺഗ്രസിന്റേതാണ് ഇടതുപക്ഷനയമെന്ന അത്യന്തം തമാശനിറഞ്ഞ അഭിപ്രായവും തട്ടിമൂളിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ജനകീയ അടിത്തറ വർധിപ്പിക്കാൻ എൽഡിഎഫിനെ ക്ഷീണിപ്പിക്കണമെന്ന കാഴ്ചപ്പാട് അവരെത്തന്നെ തിരിഞ്ഞുകൊത്തുന്നതാണ്.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചതുപോലെ കേരളത്തിൽ കോൺഗ്രസും യുഡിഎഫും ഇന്നത്തെപ്പോലെ നിലനിൽക്കുന്നതു തന്നെ ഇവിടെ എൽഡിഎഫ് ഭരണമുള്ളതുകൊണ്ടാണ്‌,  കരുത്തുള്ള എൽഡിഎഫ്  ഉള്ളതുകൊണ്ടാണ്‌. അല്ലെങ്കിൽ കോൺഗ്രസിനെയും അതിന്റെ എംഎൽഎമാരെയും ബിജെപി എപ്പോൾ റാഞ്ചി എന്നു നോക്കിയാൽ മതി. ഗോവയിൽ ബിജെപി സർക്കാർ വന്നത് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനുമുമ്പേ കോൺഗ്രസിലെ ഒരു കൂട്ടം എംഎൽഎമാർ കാലുമാറിയതുകൊണ്ടാണല്ലോ. പുതിയ ബിജെപി സർക്കാർ വന്നപ്പോഴാകട്ടെ 11 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരെ ബിജെപി ചാക്കിൽകയറ്റി. അതിനുവേണ്ടി 50 കോടി രൂപ നീക്കിവച്ചിരുന്നു എന്നാണ് കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയത്. തൽക്കാലം ഈ കാലുമാറ്റത്തിന് അവധി കൊടുത്തു. മറ്റു പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ മൊത്തമായും ചില്ലറയായും വിലയ്ക്കെടുത്താണ് ബിജെപി സംസ്ഥാനങ്ങളിൽ ഭരണം സ്ഥാപിച്ചിരിക്കുന്നത്. 12 സംസ്ഥാനങ്ങളിൽ  ഒറ്റയ്ക്കും ഏഴു സംസ്ഥാനങ്ങളിൽ കൂട്ടുകക്ഷിയായും ബിജെപി സർക്കാർ ഉണ്ടാക്കിയിരിക്കുകയാണ്.
കെട്ടുറപ്പില്ലാത്ത കോൺഗ്രസ്‌
കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചതിനാലാണ്‌ ഇവിടെ ബിജെപി ലക്ഷ്യം നേടാൻ കഴിയാതെ പോയത്. സ്വന്തം പാർടിയിലെ നേതാക്കളെപ്പോലും യോജിപ്പിച്ച് അണിനിരത്താൻ കഴിയാത്ത ഒരു കക്ഷിയാണ്കോൺഗ്രസ്‌.   അവരാണ്‌ യുഡിഎഫ്‌ വിപുലീകരണത്തെപ്പറ്റി വാചാലമായിരിക്കുന്നത്.  കെപിസിസി പ്രസിഡന്റുമാരായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനും ചിന്തൻ ശിബിർ ബഹിഷ്‌കരിച്ചു. അതിന്റെ കാരണം സോണിയ ഗാന്ധിയെ അറിയിക്കാം എന്നതിലൂടെ നിലവിലുള്ള നേതൃത്വത്തോടുള്ള വിയോജിപ്പാണ് മുല്ലപ്പള്ളി പരസ്യമായി പ്രകടിപ്പിച്ചത്. ഇങ്ങനെ സംഘടനാപരമായും രാഷ്ട്രീയമായും കെട്ടുറപ്പില്ലാത്ത ഒന്നാണ് കേരളത്തിലെ കോൺഗ്രസ്. സ്വന്തം കാലിൽ മന്തുള്ളപ്പോഴാണ് അന്യന്റെ കണ്ണിലെ കരടിനെ കുറ്റം പറയുന്നത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വാധീനം കൊണ്ടാണ് ഹിന്ദുത്വ ആക്രമണത്തിൽനിന്നു കേരളം വലിയൊരു പരിധിവരെ മോചിതമായി നിൽക്കുന്നത്. ലീഗ് പ്രസിഡന്റ് ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ അർഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്‌ സിപിഐ എം നിലനിൽക്കേണ്ടത് മതനിരപേക്ഷതയ്ക്ക് അത്യാവശ്യമാണ് എന്നാണ്. ഇതെങ്കിലും കാണാനുള്ള കണ്ണ് കോൺഗ്രസ് നേതൃത്വത്തിനില്ല.
പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നത് തീവ്രവലതുപക്ഷ നയമാണെന്നും കോൺഗ്രസിന്റേത് ഇടതുപക്ഷ നയമാണെന്നുമുള്ള കണ്ടുപിടിത്തം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. വലതുപക്ഷ നയം മുറുകെപ്പിടിക്കുന്നതിൽ സോണിയ ഗാന്ധിയിൽനിന്നു രാഹുലിലേക്കും രമേശ് ചെന്നിത്തലയിൽനിന്നു വി ഡി സതീശനിലേക്കും എത്തുമ്പോൾ കമ്മലിട്ടവൻ പോയി കടുക്കനിട്ടവൻ വന്നതുപോലുള്ള അവസ്ഥയിലാണ് കോൺഗ്രസ്. നവ ഉദാരവൽക്കരണ നയത്തിന്‌ ഇന്ത്യയിൽ  തുടക്കം കുറിച്ചത്‌ കോൺഗ്രസാണ്. കുത്തകകൾക്കും കോർപറേറ്റുകൾക്കും പ്രീണനം, പണിയെടുക്കുന്നവർക്കും പാവപ്പെട്ടവർക്കും അവഗണന–- അതായിരുന്നു കോൺഗ്രസ് ഭരണനയം. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കൽ ഒരു നയമായി തുടങ്ങിയത് കോൺഗ്രസാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരുന്നാൽ ആ കക്ഷി ചെയ്യുന്നത് അതാണ്. ആ നയം തീവ്രമായി മുന്നോട്ടുകൊണ്ടുപോകുകയാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി ഭരണങ്ങൾ. യുഡിഎഫ് കേരളത്തിൽ ഭരിച്ചപ്പോൾ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ വിറ്റുതുലയ്‌ക്കുന്ന നയമാണ്‌ നടപ്പാക്കിയത്‌. . സ്വകാര്യവൽക്കരണത്തിന് കളമൊരുക്കിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായിരുന്നു ചവറ കെഎംഎംഎൽ. ഇന്ന് എൽഡിഎഫ് ഭരണത്തിൽ കെഎംഎംഎല്ലിന്റെ കഴിഞ്ഞ വർഷത്തെ ലാഭം 309 കോടി രൂപയാണ്. വിറ്റുവരവാകട്ടെ  1000 കോടി കവിഞ്ഞു. കൃത്യമായി പറഞ്ഞാൽ 1058 കോടി.
കേന്ദ്രസർക്കാർ സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ ലേലത്തിൽവച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്ടറി സംസ്ഥാനസർക്കാർ ലേലത്തുക നൽകി സ്വന്തമാക്കി. ഇപ്പോൾ പൊതുമേഖലയിൽ പേപ്പർ ഉൽപ്പാദിപ്പിക്കുകയാണ്. ഇതാണ് ഇടതുപക്ഷ നയം. പൊതുമേഖലയുടെ  സ്വകാര്യവൽക്കരണവും കോർപറേറ്റുകൾക്കു വിറ്റുതുലയ്ക്കുന്നതുമാണ്  വലതുപക്ഷ നയം. ഈ നയത്തിന്റെ വക്താക്കളാണ് ബിജെപിയും കോൺഗ്രസും. ഇങ്ങനെ സാമ്പത്തികനയത്തിൽ രണ്ടു കക്ഷികളും ഒരേ തൂവൽപ്പക്ഷികളാണ്. എന്നിട്ടാണ്‌കോൺഗ്രസ്‌ ഇപ്പോൾ ഇടതുപക്ഷ വേഷം ധരിക്കുന്നത്. ഇതൊരു കോമാളിത്തരമാണ്. ആത്മവഞ്ചനയും ജനങ്ങളെ വിഡ്ഢികളാക്കുന്നതുമാണ്.
യുഡിഎഫ് അസംതൃപ്തരുടെ കൂടാരമാണ്‌.  എൽഡിഎഫ് അങ്ങനെയല്ല. നിശ്ചയദാർഢ്യമുള്ളവരുടെയും ആശയപരമായി യോജിപ്പുള്ളവരുടെയും ഐക്യകേന്ദ്രമാണ്‌ എൽഡിഎഫ്‌. കോൺഗ്രസും യുഡിഎഫുമാകട്ടെ നിരാശരുടെയും അവസരവാദികളുടെയും പൊളിയാൻ പോകുന്ന പാളയവുമാണ്. കെട്ടുപൊട്ടിയ പട്ടം പോലെയാണ് യുഡിഎഫ്. സിപിഐ എമ്മിന്റെ ഹൈദരാബാദിൽ നടന്ന 22–-ാം പാർടി കോൺഗ്രസ് കേരളത്തിലെ എൽഡിഎഫ് വിപുലമാക്കാൻ തീരുമാനിച്ചിരുന്നു. സമാന ആശയം സിപിഐയും മുന്നോട്ടുവച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ എൽഡിഎഫിൽ പുതിയ കക്ഷികളും ഗ്രൂപ്പുകളും വ്യക്തികളും എത്തിയത്. യുഡിഎഫിലെ അസംതൃപ്ത നേതാക്കളെയും ആശയപരമായി വിയോജിപ്പുള്ളവരെയും കക്ഷികളെയും വിപുലമായി ഉൾക്കൊള്ളുക എന്ന നയം എൽഡിഎഫ് സ്വീകരിച്ചാൽ യുഡിഎഫിൽനിന്നു കക്ഷികളുടെയും നേതാക്കളുടെയും കുത്തൊഴുക്കായിരിക്കും ഉണ്ടാവുക.    ആശയപരമായും സംഘടനാപരമായും കെട്ടുറപ്പുള്ളതാണ് എൽഡിഎഫ്. അതുകൊണ്ടാണ് മോദി ഭരണവും സംഘപരിവാറും കേന്ദ്ര അന്വേഷണ ഏജൻസികളും കിണഞ്ഞു പരിശ്രമിച്ചിട്ടും എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും കരളുറപ്പോടെ മുന്നോട്ടുപോകുന്നത്.
അവിശുദ്ധ കൂട്ടുകെട്ട്
തകർച്ചയെ നേരിടുന്നതും സംഘടനാപരമായി കെട്ടുപൊട്ടിയതുമായ ഒരു രാഷ്ട്രീയപ്രസ്ഥാനമാണ് കോൺഗ്രസ്. ദേശീയ വിപത്തായ ബിജെപിയെ തോൽപ്പിക്കാനുള്ള കെൽപ്പൊന്നും കോൺഗ്രസിനില്ല. ബിജെപിക്കെതിരെ സാമ്പത്തിക നയത്തിന്റെയോ ഹിന്ദുത്വ വർഗീയതയെ എതിർക്കുന്നതിന്റെയോ കാര്യത്തിൽ ജനങ്ങളെ അണിനിരത്താനുള്ള വിശ്വസ്തതയുള്ള ഒരു കക്ഷിയല്ല കോൺഗ്രസ്. ഈ പശ്ചാത്തലത്തിൽ ആ കക്ഷിയിൽ നേതൃത്വവും അണികളും തമ്മിലുളള വൈരുധ്യം മൂർച്ഛിക്കുകയാണ്. ഇതൊരു പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഈ ദുരവസ്ഥയുടെ എല്ലാ രോഗലക്ഷണങ്ങളും പ്രകടമാക്കുന്നതായി കോഴിക്കോട്ടെ സംഗമം. ഇന്ത്യൻ രാഷ്ട്രീയത്തിലെ മുഖ്യശത്രു ബിജെപിയാണെന്നത് വിസ്മരിക്കുന്ന ഒരു രാഷ്ട്രീയകക്ഷിക്ക്‌ മതനിരപേക്ഷ–- ജനാധിപത്യ രാഷ്ട്രീയത്തിന്റെ വിശ്വാസ്യത ആർജിക്കാൻ കഴിയില്ല. പൊതുതെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ മുഖ്യഎതിരാളികൾ എൽഡിഎഫും യുഡിഎഫുമാണ്. അതുകൊണ്ട് ഇന്ത്യയുടെ ഭാഗമായ കേരളത്തിൽ, മുഖ്യശത്രു ബിജെപിയല്ല സിപിഐ എമ്മും എൽഡിഎഫുമാണ് എന്ന കോൺഗ്രസിന്റെ നിലപാട് വിവേകശൂന്യമാണ്. ഇത് ബിജെപിയുമായി ഇപ്പോൾ തുടരുന്ന അവിശുദ്ധ കൂട്ടുകെട്ട് കോൺഗ്രസും യുഡിഎഫും തുടരുന്നതിനു വേണ്ടിയാണ്.
ഇതുവഴി എൽഡിഎഫ് സർക്കാരിനെയും കേരളത്തെയും ശ്വാസംമുട്ടിക്കാനുള്ള മോദി ഭരണത്തിന്റെ ഗൂഢനീക്കത്തിലെ കോൺഗ്രസിന്റെ സജീവ പങ്കാളിത്തം ഉറപ്പിക്കുകയാണ്. ഇഡി ഉൾപ്പെടെയുളള കേന്ദ്ര അന്വേഷണ ഏജൻസികളെയും കേന്ദ്ര ഭരണ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി എൽഡിഎഫ് സർക്കാരിനെയും കിഫ്ബി, കേരള സ്റ്റേറ്റ് പോസ്റ്റൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് തുടങ്ങിയവയെയും വരിഞ്ഞുമുറുക്കാനാണ് കേന്ദ്രഭരണക്കാർ നീങ്ങുന്നത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണുംനട്ടാണ്. കേരളത്തിന്റെ വികസനചരിത്രത്തിൽ വൻകുതിപ്പാണ് പിണറായി ഭരണത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ ക്ഷേമ നടപടികളിലും. സാമൂഹ്യക്ഷേമ പെൻഷൻ 65 ലക്ഷം പേർക്കാണ് സമാശ്വാസമായിരിക്കുന്നത്. ഇതെല്ലാം തടസ്സപ്പെടുത്താനുള്ള തുറന്ന യുദ്ധത്തിലേക്ക് കേന്ദ്രസർക്കാർ കടന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി പ്രയാസം നേരിടാൻ പോകുന്നത് ജനങ്ങളും കേരളത്തിന്റെ ഭാവി വികസനവുമാണ്. സംസ്ഥാനത്തോട് തെല്ലെങ്കിലും സ്നേഹമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഇവിടത്തെ കോൺഗ്രസ് എങ്കിൽ പ്രാഥമികമായിത്തന്നെ കേന്ദ്രസർക്കാരിന്റെ ഈ കൊള്ളരുതായ്മയെ ചോദ്യംചെയ്യുന്ന രണ്ടുവരി പ്രമേയമെങ്കിലും പാസാക്കുമായിരുന്നു. അത് ചെയ്തില്ലെന്നു മാത്രമല്ല എൽഡിഎഫ് സർക്കാരിനെ ഇല്ലായ്മ ചെയ്യാൻ ബിജെപിയുമായി ചേർന്ന് വിശാലമായ ഇടതുപക്ഷവിരുദ്ധ മഹാസഖ്യം ഉണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം പരിശ്രമിക്കുകയാണ്. അതിന്റെ ഉച്ചഭാഷിണി ശബ്ദമാണ് കോഴിക്കോട്ടുനിന്ന്‌ ഉയർന്നത്. ഇതിന്റെ വിപത്തു തിരിച്ചറിഞ്ഞ് യുഡിഎഫിലെ ഘടകകക്ഷികളും കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളിലെ അണികളും രംഗത്തുവരുന്ന നാളുകൾ അതിവിദൂരമല്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.