സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് - ബിജെപി ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. കഴിഞ്ഞദിവസം നടന്ന എൽഡിഎഫ് ജാഥയിലേക്ക് കടന്നുകയറി അക്രമം നടത്താൻ ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തിയിരുന്നു. രാത്രിയിൽ തിരുവനന്തപുരം നെട്ടയത്ത് സിഐടിയു സ്ഥാപിച്ചിരുന്ന വിശ്രമകേന്ദ്രവും അടിച്ചു തകർത്തു. ഏതാനം ദിവസങ്ങൾക്ക് മുൻപാണ് പാർടി പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം സഖാവ് ഷാജഹാനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ സംഭവവികാസങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത് എന്നാണ്.
അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള തന്ത്രങ്ങളിൽ യാതൊരു കാരണവശാലും പാർടി പ്രവർത്തകരോ അനുഭാവികളോ കുടുങ്ങരുത്. ആർഎസ്എസിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാൻ പാർടി പ്രവർത്തകർക്കാകണം. സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം ക്രിമിനലുകളെ ഉപയോഗിച്ച് തകർക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശ്രമങ്ങളെ എതിർക്കുവാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണം. പാർടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു