ഗവർണർ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലർത്തുന്നതാണ് സർക്കാർ നിലപാട്. എന്നാൽ തന്റെ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ് ഗവർണർ. ഭരണഘടനാപരമായ രീതിയിലാണോ ഗവർണറുടെ പ്രവർത്തനം എന്ന് ജനങ്ങൾ സംശയിക്കുന്നു.
ചരിത്ര വസ്തുതകൾ കാണാതെ ഗവർണർ വില കുറഞ്ഞ നിലപാട് സ്വീകരിക്കുകയും തെറ്റായ പ്രചരണങ്ങൾ നടത്തുകയും ചെയ്യുകയാണ്. കണ്ണൂരിൽ തനിക്കെതിരെ ആസൂത്രിതമായ വധശ്രമം നടന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വയോധികനായ പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബ് ചരിത്ര കോൺഗ്രസ് വേദിയിൽവെച്ച് ഗവർണറെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിൽ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് ജനങ്ങൾക്ക് മനസിലാകും. ഇനി അതിന് തെളിവുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണ്. കണ്ണൂർ സർവകലാശാല വിസിക്കെതിരെയും അനാവശ്യ വിവാദങ്ങളാണ് ഗവർണറുണ്ടാക്കുന്നത്.
ഭരണഘടനാപരമായി പ്രവർത്തിക്കേണ്ട ഗവർണർ തെറ്റായ ആശയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രചരിപ്പിക്കുകയാണ്. ഗവർണർ എന്ന നിലയിലുള്ള സമചിത്തത അദ്ദേഹം കാണിക്കുന്നില്ല.