Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങൾ

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സമൂഹത്തിനാകെയും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. സമരപോരാട്ടങ്ങളിൽ തോൾചേർന്ന് നിന്ന പ്രിയപ്പെട്ടൊരാൾ വിട പറയുകയാണ്.അത്രയേറെ ആത്മബന്ധമുള്ള സഹപ്രവർത്തകനായിരുന്നു കോടിയേരി. യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന കാലം തൊട്ടുള്ള ആ അടുപ്പം സമരവഴികളിൽ കരുത്തായിരുന്നു. എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്ന സഖാവിനെ നഷ്ടമാകുന്നതിന്റെ വേദന വാക്കുകൾക്കതീതമാണ്.

അസുഖത്തിന്റെ വേദനകൾക്കിടയിലും പാർട്ടി സഖാവിൽ ഏല്പിച്ചിരിക്കുന്ന ചരിത്രദൗത്യത്തെ നെഞ്ചോട് ചേർത്ത് കോടിയേരി പോരാടി. ശാരീരിക ബുദ്ധിമുട്ടുകളെയെല്ലാം മറികടന്ന് നിസ്വവർഗ്ഗത്തിന്റെ വിമോചനത്തിനായി അക്ഷീണം പോരാട്ടം തുടർന്നു. ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞ നിശ്ചയദാർഡ്യമായിരുന്നു അത്.വിദ്യാർത്ഥി കാലഘട്ടം മുതൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം പോരാട്ടങ്ങളോടൊപ്പം തന്നെ ആശയദൃഢതയുടെയും സൗമ്യതയുടെയുമായിരുന്നു. തലശ്ശേരി കലാപത്തിൽ ഉൾപ്പെടെ മനുഷ്യരെ വിഭജിക്കാനുള്ള എല്ലാ സംഘടിത ശ്രമങ്ങളെയും സഖാവ് രാഷ്ട്രീയം കൊണ്ട് ചെറുത്തു തോൽപിച്ചു.

1973 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന കോടിയേരി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സകല പ്രതിസന്ധികളെയും മറികടന്ന് ധീരോജ്വലം മുന്നോട്ടുപോയി. മനുഷ്യനെന്ന പ്രഥമ പരിഗണന പോലും നല്കാത്ത അടിയന്തരാവസ്ഥയുടെ ദുർദിനങ്ങളിൽ സംഘടനയുടെയും അതി ജീവിക്കാൻ പാടുപെടുന്ന മനുഷ്യരുടെയും ആശയും ആവേശവുമായി ഗ്രാമാന്തരങ്ങളിൽ സഖാവ് സഞ്ചരിച്ചു. കോടിയേരി എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത് ഏതു പ്രതിസന്ധിയെയും വകഞ്ഞുമാറ്റി മുന്നേറാനുള്ള കരുത്തായിരുന്നു.

ശരിയായ രീതിയിൽ പാർടി നിലപാടുകൾ അവതരിപ്പിക്കുകയും ആശയ വ്യക്തതയോടെ പാർടിയെ മുന്നോട്ടുനയിക്കുകയും ചെയ്ത ജനകീയനായ നേതാവാണ് കോടിയേരി. പാർലമെന്ററി പ്രവർത്തനങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളിലും ആ കർമ്മധീരത നമ്മൾ നേരിട്ടറിഞ്ഞവരാണ്. രാഷ്ട്രീയ കേരളത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ അതുല്യമായ ഈടുവയ്പ്പാണ്. പാർട്ടി നേരിട്ട അനവധി പ്രതിസന്ധി ഘട്ടങ്ങളിലും സഖാവ് മുന്നിൽ നിന്ന് നയിച്ചു. തലശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ സഖാവ് ജനകീയ ശബ്ദമായി മാറി. കേരള പോലീസിന്റെ മുഖച്ഛായ മാറ്റി ജനകീയ മുഖം നൽകുന്നതിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ സഖാവിന്റെ പ്രവർത്തനം അതിശയകരമായിരുന്നു. പാർട്ടിയുടെ പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുകയും ജനകീയവും കാര്യക്ഷമവുമായ ഇടപെടലുകൾക്കും ഭരണത്തുടർച്ചയ്ക്കും പാർട്ടിയെ മുന്നിൽനിന്നും നയിക്കാനും സഖാവിന് സാധിച്ചു.

മനുഷ്യ മോചന പോരാട്ടങ്ങളുടെ അദ്വിതീയ നേതൃത്വമായിരുന്ന സഖാവ് കോടിയേരി പിൻവാങ്ങുകയാണ്. തുടരുന്ന പോരാട്ടങ്ങളുടെ സമരഭൂമിയിൽ വഴിയും വെളിച്ചവുമായി സഖാവ് കോടിയേരി ബാലകൃഷ്ണൻ ജ്വലിച്ചു നിൽക്കും. കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിൽ എക്കാലത്തെയും സമരാവേശമായി പ്രിയപ്പെട്ട സഖാവ് അനശ്വരനായ നിലകൊള്ളും.

റെഡ് സല്യൂട്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.