Skip to main content

വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ഉൾക്കൊണ്ടാണ് ഇന്ത്യയിൽ ദേശീയത വളർന്നുവന്നതെന്നിരിക്കെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിരോധിക്കണം

വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ഉൾക്കൊണ്ടാണ് ഇന്ത്യയിൽ ദേശീയത വളർന്നുവന്നത്. വസ്തുത ഇതായിരിക്കെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രതിരോധിക്കാൻ കഴിയണം. കേന്ദ്ര സർക്കാരിൽ തൊഴിൽ നേടുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനും ഹിന്ദി പ്രാവീണ്യം നിർബന്ധിതമാക്കണമെന്നാണ് അമിത് ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി ശുപാർശ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ പരസ്യങ്ങളുടെ 50 ശതമാനത്തിലധികം ഹിന്ദിയിൽത്തന്നെ പ്രസിദ്ധീകരിക്കണമെന്നും ശുപാർശയുണ്ട്‌. ഹിന്ദി പരസ്യങ്ങൾ വലുതായി ഒന്നാം പേജിൽ നൽകണമെന്നും കേന്ദ്ര സർക്കാരിന്റെ എല്ലാ എഴുത്തുകളും ഹിന്ദിയിലാക്കണമെന്നുമാണ്‌ മറ്റൊരു ശുപാർശ. കേന്ദ്ര സർക്കാർ ഓഫീസുകളിലെ കംപ്യൂട്ടറുകളിലും കൂടുതൽ ജോലികൾ ഹിന്ദിയിലാക്കണമത്രെ.

ഇത്തരം നയങ്ങൾ പ്രാവർത്തികമാകുന്നതോടെ ഐഐടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പഠനങ്ങൾ ഹിന്ദിയിലായി മാറും. കേന്ദ്ര സർക്കാർ സർവീസിലെ പരീക്ഷാ ചോദ്യപേപ്പറുകൾക്കും സമാനമായ അനുഭവമാണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദിയിൽ പ്രാവീണ്യത്തോടെ ജോലി ചെയ്യുന്നവർക്ക് ഇൻസെന്റീവ് നൽകുന്നതടക്കമുള്ള നയങ്ങൾ പുതിയ വിഭജനം സൃഷ്ടിക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ അതീവ ഗൗരവമായ പ്രശ്നങ്ങളാണ് പുതിയ ഭാഷാ നയത്തിലൂടെ ഉണ്ടാകാൻ പോകുന്നത്.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഈ നീക്കം കേവലമായ ഭാഷാ താൽപ്പര്യത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്ന് കരുതിക്കൂടാ. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ആശയം നടപ്പാക്കാനുള്ള സംഘപരിവാറിന്റെ നീക്കമാണ് ഇതിനു പിന്നിലുള്ളത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലൂടെ മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രസ്താവന ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഹിന്ദിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതോടെ ഇതര ഭാഷ സംസാരിക്കുന്നവരെ രണ്ടാംകിട പൗരൻമാരായി കണക്കാക്കുന്നതിന് തുല്യമാണെന്ന സ്റ്റാലിന്റെ പ്രസ്താവന പ്രാദേശികഭാഷയെ സ്നേഹിക്കുന്നവരുടെ പൊതുവികാരമാണ്. ഇത്തരത്തിൽ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനും ദേശീയ ഐക്യത്തിനും കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ പോരാട്ടങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടിയുള്ള സമരമാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം.

ഭാഷാ പ്രശ്നങ്ങളെ സംബന്ധിച്ച് ജനകീയ ജനാധിപത്യ പരിപാടിയെന്നനിലയിൽ പാർടി നയത്തിൽ വിശദീകരിച്ചിട്ടുണ്ട്. പാർടി പരിപാടിയുടെ 6.3 ഖണ്ഡികയിൽ നാലാമതായി ഈ നയം വ്യക്തമാക്കുന്നു. പാർലമെന്റിലും കേന്ദ്ര ഭരണത്തിലും എല്ലാ ദേശീയ ഭാഷകൾക്കും തുല്യത ഉണ്ടായിരിക്കുന്നതാണ്. തങ്ങളുടേതായ ദേശീയ ഭാഷയിൽ സംസാരിക്കാനുള്ള അവകാശം എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ഉണ്ടായിരിക്കുന്നതാണ്. മറ്റ് എല്ലാ ഭാഷകളിലും തൽസമയ തർജമ ലഭ്യമാക്കുന്നതുമാണ്. സർക്കാരിന്റെ എല്ലാ കൽപ്പനകളും നിയമങ്ങളും ചട്ടങ്ങളും പ്രമേയങ്ങളും എല്ലാ ദേശീയ ഭാഷകളിലും ലഭ്യമാക്കുന്നതാണ്. ഏക ഔദ്യോഗികഭാഷ എന്നനിലയിലുള്ള ഹിന്ദിയുടെ ഉപയോഗം നിയമപരമായി നിർബന്ധമാക്കുകയില്ല.

വിവിധ ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിക്കൊണ്ടുമാത്രമേ രാജ്യത്തൊട്ടാകെയുള്ള ബന്ധഭാഷയായി ഹിന്ദിക്ക് അംഗീകാരം നേടാൻ കഴിയുകയുള്ളൂ. അതുവരെ ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കുകയെന്ന ഇന്നത്തെ വ്യവസ്ഥ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ഉന്നതനിലവാരംവരെ തങ്ങളുടെ മാതൃഭാഷയിലൂടെ ബോധനം നേടാൻ ജനങ്ങൾക്കുള്ള അവകാശം ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഔദ്യോഗിക സ്ഥാപനങ്ങളിലും ഭരണഭാഷയായി ആ സംസ്ഥാനത്തെ ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തിലെ ഭാഷയ്ക്ക് പുറമെ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെയോ, ന്യൂനപക്ഷങ്ങളുടെയോ പ്രദേശത്തിന്റെ ഭാഷകൂടി ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിൽ അതിനും വ്യവസ്ഥയുണ്ടാക്കുന്നതാണ്. ഉറുദു ഭാഷയും അതിന്റെ ലിപിയും സംരക്ഷിക്കപ്പെടുന്നതാണ്. ഇത്തരത്തിൽ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള നയം എടുത്തില്ലെങ്കിൽ ദേശീയ ഐക്യത്തെത്തന്നെ ബാധിക്കുമെന്ന ധാരണയോടെ ഇടപെടാനാകണം. ഭാഷാപ്രശ്നങ്ങൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതുകൊണ്ടാണ് നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉൾപ്പെടെ ഗുരുതരമായ പ്രതിസന്ധി ഉണ്ടായതെന്ന യാഥാർഥ്യം നാം മറന്നുപോകരുത്.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.