ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന ശത്രു ബിജെപിയാണ്. അവരെ നേരിടാൻ, മതനിരപേക്ഷ ഉള്ളടക്കമുള്ള, ജനാധിപത്യ സ്വഭാവമുള്ള, എല്ലാ പാർടികളെയും യോജിപ്പിച്ച് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതയ്‌ക്കനുസരിച്ച് ഫലപ്രദമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തണം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാകണം ലക്ഷ്യം. ബിജെപിയെ തറപറ്റിക്കാതെ ഇന്ത്യ ഇന്നത്തെ നിലയിലെങ്കിലും മുന്നോട്ടുപോകില്ല. അവരെ പരാജയപ്പെടുത്തുകയെന്നത് രാജ്യത്തിന്റെ താൽപ്പര്യമാണ്. ഫാസിസത്തിലേക്ക് രാജ്യം പോകാതിരിക്കണമെങ്കിൽ, ജനാധിപത്യ സംവിധാനം നിലനിൽക്കണമെങ്കിൽ അത് അനിവാര്യമാണ്. എക്‌സിക്യൂട്ടീവ് ഏറെക്കുറെ പൂർണമായും ബിജെപിയുടെ കൈയിലായി. ഫോർത്ത് എസ്‌റ്റേറ്റായ മാധ്യമങ്ങളെയും വരുതിയിലാക്കി. നിയമനിർമാണസഭകൾ പൂർണമായും കൈപ്പിടിയിലായാൽ അതും തകരും. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ് ഇപ്പോൾ ശ്രമം. ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിൽ വിശ്വാസമില്ല എന്ന് കേന്ദ്ര നിയമമന്ത്രിതന്നെ പറയുന്നത് അതിനാലാണ്. ജഡ്‌ജിമാരെ നിയമിക്കുന്നതിൽ ആർഎസ്‌എസിന് അധികാരം കിട്ടിയാൽ അതിന്റെ സ്ഥിതിയെന്താകും എന്ന് പറയാൻ കഴിയില്ല.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. അഖിലേന്ത്യാതലത്തിൽ ബിജെപി വിരുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിനുമുമ്പുണ്ടാകും എന്ന് പറയാൻ കഴിയില്ല. തെരഞ്ഞെടുപ്പിനുശേഷമാണ് കോൺഗ്രസ്, ബിജെപി വിരുദ്ധ സർക്കാരുകൾ രൂപപ്പെട്ടത് എന്നതാണ് ചരിത്രം. അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനെ ഉപയോഗിച്ച് ബിജെപിക്കെതിരെ ബദൽ നയം ഉണ്ടാക്കാൻ കഴിയില്ല. കേരളത്തിനുപുറത്ത് മതനിരപേക്ഷത എന്നൊരു പദം പറയാനുള്ള ധൈര്യംപോലും കോൺഗ്രസിനില്ല. വർഗീയതയുടെ കാര്യത്തിൽ ബിജെപിയുടെ രണ്ടാം ടീമാണ് അവർ. ജയിച്ചുവന്നാൽ ഇവരൊക്കെ കോൺഗ്രസായിനിൽക്കും എന്ന് കോൺഗ്രസിനുതന്നെ ഉറപ്പില്ല. ജയിച്ചവരെ പണംകൊടുത്ത് ബിജെപി വാങ്ങുന്നു. ബിജെപിയെ തോൽപ്പിക്കാൻ ഓരോ സംസ്ഥാനത്തെയും പ്രത്യേകതയനുസരിച്ച് തീരുമാനമെടുക്കണം. ബിജെപിയെ തോൽപ്പിക്കാനാവുന്ന ഏതേത് സ്ഥാനാർഥി, ഏതേത് പാർടി എന്ന് കണ്ട് ബിജെപി വിരുദ്ധ വോട്ടുമുഴുവൻ ജയിക്കുന്ന സ്ഥാനാർഥിക്ക് നൽകണം. ചില മേഖലകളിൽ സ്വാധീനമുള്ള പ്രാദേശിക പാർടികളെപ്പോലെ, കോൺഗ്രസും അപ്പോൾ കൂടെയുണ്ടാകും.