ഇരുപതാം നൂറ്റാണ്ടിലെ ദേശീയ പ്രസ്ഥാനത്തെ നയിക്കാനും ഇന്ത്യൻ മതേതരത്വത്തിന് പുതിയ സാധ്യതകൾ നൽകാനും ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ആ മതേതര കാഴ്ചപ്പാടുകൾ ഹിന്ദുത്വ തീവ്രവാദികളെ കൂടുതൽ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു. ബഹുജനങ്ങളിലേക്ക് പടരാനുള്ള ഗാന്ധിജിയുടെ ചിന്താശക്തിക്കുള്ള ശേഷിയെയാണ് ഹിന്ദു തീവ്രവാദം യഥാർത്ഥത്തിൽ ഭയന്നത്. ഗാന്ധിജിയെ കൊന്നതിനു ശേഷം അദ്ദേഹവുമായി തനിക്ക് വ്യക്തിവിരോധങ്ങളൊന്നുമില്ല, തീർത്തും രാഷ്ട്രീയമായ വിരോധം മാത്രമാണെന്ന് കൊലയാളിയായ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ സമ്മതിക്കുന്നുണ്ട്.
നിർഭാഗ്യവശാൽ ഗാന്ധിക്കെതിരെ തോക്കെടുത്തവരുടെ കയ്യിലാണ് അധികാരം ചെന്നെത്തി നിൽക്കുന്നത്. ചരിത്രത്തെ തിരുത്താനും ഇല്ലാത്ത ചരിത്രത്തെ എഴുതി ചേർക്കാനും നിരന്തരം ശ്രമിക്കുന്ന സംഘപരിവാർ അജണ്ട ഗാന്ധിജിയെയും ഔട്ട് ഓഫ് സിലബസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യൻ മനസ്സുകളിൽ നിന്നും ക്രമേണ ചരിത്രത്തിൽ നിന്നും മഹാത്മാഗാന്ധിയെ ഒഴിവാക്കാനുള്ള നിരന്തരശ്രമങ്ങൾ നടക്കുകയാണ്. മാലിന്യം നീക്കം ചെയ്യാനും, അച്ചടക്ക ജീവിതം, സംബന്ധിച്ചും സംഘപരിവാർ മുന്നോട്ടുവെക്കുന്ന രാമരാജ്യത്തിനുമായി ഗാന്ധിജിയെ ചുരുക്കി കളയുകയാണ്. മഹാത്മാഗാന്ധി രക്തസാക്ഷിത്വത്തിന് 75 വർഷങ്ങൾ പൂർത്തിയാവുകയാണ്. അഖണ്ഡ ഭാരതത്തിന് എതിരെ നിന്നു എന്ന കുറ്റത്തിനാണ് ഹിന്ദുത്വം ഗാന്ധിജിക്ക് വധശിക്ഷ നടപ്പിലാക്കിയത്. എല്ലാ ബഹുസ്വരതയെയും തകർത്ത് അതെ ഹിന്ദുത്വം രാജ്യത്തെ കൂടുതൽ ഫാസിസത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. ഗാന്ധിജി ഒരേ സമയം ഓർമ്മയും മറവിയുമാണ്. മറവി ഫാസിസവും ഓർമ്മ പ്രതിരോധവുമാണ്. ഗാന്ധിജിയുടെ ഓർമ്മകൾ ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ നിത്യ പ്രതിരോധമായി തുടരും.