Skip to main content

ഏറെക്കാലം ദൈനംദിന രാഷ്ട്രീയത്തിൽനിന്ന്‌ മാറിനിന്ന രാഹുലിനെ നേതാവാക്കി ഉയർത്തുകയെന്ന പദ്ധതി ഭാരത്‌ ജോഡോ യാത്രയിലുടെ വിജയിച്ചെന്ന വിലയിരുത്തലാണ്‌ പൊതുവെയുള്ളത്‌. എന്നാൽ, രാഹുലിന്റെ ഈ റീ ബ്രാൻഡിങ് കോൺഗ്രസിനകത്ത്‌ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ കാണാതിരുന്നുകൂടാ

കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്ര ജനുവരി 30ന്‌ ശ്രീനഗറിൽ സമാപിച്ചു. സെപ്‌തംബർ ഏഴിന്‌ കന്യകുമാരിയിൽനിന്ന്‌ ആരംഭിച്ച യാത്രയാണ്‌ മൂവായിരത്തിലധികം കിലോമീറ്റർ താണ്ടി കശ്‌മീരിൽ സമാപിച്ചത്‌. മോദി സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി പോരാട്ടം നടത്തുകമാത്രമാണ്‌ മുന്നിലുള്ള വഴിയെന്ന്‌ അവസാനം കോൺഗ്രസിനും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. കുറെ വർഷത്തിനുശേഷമാണ്‌ രാഹുൽഗാന്ധി ഒരു രാഷ്ട്രീയ പ്രവർത്തനത്തിന്‌ തുടർച്ചയായി നേതൃത്വം നൽകുന്നത്‌. മടിച്ചുനിൽക്കുന്ന, 24x7 രാഷ്‌ട്രീയ പ്രവർത്തനത്തിന്‌ താൽപ്പര്യമില്ലാത്ത, രാഷ്ട്രീയക്കാരൻ എന്ന പ്രതിച്ഛായയിൽനിന്നും അൽപ്പമെങ്കിലും മാറിനടക്കാനും രാഹുലിന്‌ ഇന്ത്യയെ കണ്ടെത്താനും യാത്ര സഹായിച്ചിട്ടുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

എന്നാൽ, ഒരു ബദൽ രാഷ്ട്രീയപദ്ധതി മുന്നോട്ടുവയ്‌ക്കാൻ രാഹുലിന്‌ കഴിഞ്ഞുവോ എന്ന ചോദ്യമാണ്‌ പ്രധാനമായും ഉയരേണ്ടത്‌. ബിജെപി മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ ദേശീയതയ്‌ക്ക്‌ പകരംവയ്‌ക്കാവുന്ന ഒരു രാഷ്ട്രീയ ആഖ്യാനം കൊണ്ടുവരുന്നതിൽ ജാഥ വിജയിച്ചെന്ന്‌ പറയാനാകില്ലെന്നാണ്‌ രാഷ്ട്രീയ ഗവേഷകനായ അസിം അലിയുടെ നിരീക്ഷണം (ടൈംസ്‌ ഓഫ്‌ ഇന്ത്യ ജനുവരി 31, 2022). ഇതാണ്‌ പ്രധാന വിഷയം. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനമായിട്ടുപോലും ഗുജറാത്തിലൂടെ യാത്ര പോകാതിരുന്നത്‌ മോദി സർക്കാർ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ ആഖ്യാനത്തെ അവരുടെ ‘മാതൃകാ സംസ്ഥാന’ത്ത്‌ എതിരിടാനുള്ള വിമുഖതയാണ്‌ കോൺഗ്രസ്‌ പ്രകടിപ്പിച്ചത്‌. ഒരു പ്രതിപക്ഷ കക്ഷിയാകാൻ പോലുമുള്ള സീറ്റുകൾ ലഭിക്കാതെ ഗുജറാത്തിൽ കോൺഗ്രസ്‌ തകർന്നടിഞ്ഞത്‌ ഈ രാഷ്ട്രീയ ബദൽ മുന്നോട്ടുവയ്‌ക്കാനാകാത്തതിന്റെ പ്രഥമ ലക്ഷണമാണ്‌.

അതുപോലെ തന്നെ യാത്രയ്‌ക്ക്‌ സമാപനംകുറിച്ച്‌ ശ്രീനഗറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ ഭരണഘടനയിലെ 370, 35 എ വകുപ്പുകൾ റദ്ദാക്കിയതിനെക്കുറിച്ച്‌ ഒരക്ഷരം പറയാൻ തയ്യാറായില്ല. കശ്‌മീർ ജനത രാഹുലിൽനിന്ന്‌ കേൾക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്‌ അതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാന മുദ്രാവാക്യങ്ങളാണ്‌ ജമ്മു– കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370-ാം വകുപ്പ്‌ റദ്ദാക്കുക, ഏക സിവിൽ കോഡ്‌ നടപ്പാക്കുക, അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമാണം എന്നിവ. ഇതിൽ ഏറ്റവും ആദ്യമായി ബിജെപിയും ആർഎസ്‌എസും നടപ്പാക്കിയത്‌ കശ്‌മീരിന്റെ പ്രത്യേക ഭരണഘടനാ അവകാശങ്ങൾ റദ്ദാക്കലായിരുന്നു. അതുമാത്രമല്ല, ജമ്മു–കശ്‌മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കുകയും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്‌ത്തുകയും ചെയ്‌തു. ജമ്മു–കശ്‌മീരിനെ ഇന്ത്യയോടൊപ്പം നിർത്താനായി രാഹുലിന്റെ മുത്തച്ഛനും പ്രഥമ പ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്‌റു നൽകിയ പ്രത്യേക അവകാശങ്ങൾ റദ്ദ്‌ ചെയ്‌തിട്ടുപോലും അത്‌ പുനഃസ്ഥാപിക്കണമെന്നു പറയാതെ സംസ്ഥാന പദവി തിരിച്ചുനൽകണമെന്നു മാത്രമാണ്‌ രാഹുൽ കശ്‌മീരിലെ പ്രസംഗങ്ങളിൽ പറഞ്ഞത്‌.

ജമ്മു–കശ്‌മീരിലെ അരഡസനോളം കക്ഷികൾ ചേർന്ന്‌ ഭരണഘടനയിലെ 370-ാം വകുപ്പ്‌ അനുസരിച്ചുള്ള പ്രത്യേക അവകാശങ്ങൾ തിരിച്ചുപിടിക്കാനായി രൂപീകരിച്ച ഗുപ്‌കാർ പ്രഖ്യാപനത്തിനായുള്ള ജനകീയ സഖ്യത്തിൽ (പിഎജിഡി) നിന്നും കോൺഗ്രസ്‌ വിട്ടുനിൽക്കുകയുമാണ്‌. ഇതെല്ലാം നൽകുന്ന സന്ദേശമെന്താണ്‌. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോൺഗ്രസിന്‌ ഇല്ല എന്നല്ലേ. അതുകൊണ്ടല്ലേ രാഹുൽ ബ്രിഗേഡിലുള്ള യുവനേതാക്കൾ പോലും ഒരുമടിയുമില്ലാതെ ബിജെപിയിലേക്ക്‌ ഒഴുകിക്കൊണ്ടിരിക്കുന്നത്‌.

ഏറെക്കാലം ദൈനംദിന രാഷ്ട്രീയത്തിൽനിന്ന്‌ മാറിനിന്ന രാഹുലിനെ നേതാവാക്കി ഉയർത്തുകയെന്ന പദ്ധതി ഭാരത്‌ ജോഡോ യാത്രയിലുടെ വിജയിച്ചെന്ന വിലയിരുത്തലാണ്‌ പൊതുവെയുള്ളത്‌. എന്നാൽ, രാഹുലിന്റെ ഈ റീ ബ്രാൻഡിങ് കോൺഗ്രസിനകത്ത്‌ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ കാണാതിരുന്നുകൂടാ. യാത്രയ്‌ക്കിടയിലാണ്‌ കോൺഗ്രസിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കോൺഗ്രസ്‌ നേതൃത്വം മത്സരം ആഗ്രഹിക്കാതിരുന്നിട്ടും ശശി തരൂർ രംഗത്തുവന്നതോടെ മത്സരത്തിന്‌ വഴങ്ങേണ്ടിവന്നു. കർണാടകക്കാരനായ ഖാർഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, രാഹുൽ പ്രധാന നേതാവായി ഉയർന്നതോടെ പലരും വിശേഷിപ്പിക്കുന്നതുപോലെ ഖാർഗെ കോൺഗ്രസിലെ റബർ സ്റ്റാമ്പ്‌ പ്രസിഡന്റായി മാറുമോ. ഇതോടൊപ്പം കോൺഗ്രസ്‌ നൽകേണ്ട മറ്റൊരു ഉത്തരം രാഹുലിന്‌ ഇനി എന്തു പദവിയാണ്‌ പാർടി നൽകുക എന്നതാണ്‌. ഈ മാസം റായ്‌പുരിൽ ചേരുമെന്നു പ്രഖ്യാപിച്ച കോൺഗ്രസ്‌ പ്ലീനറി സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

പാർടി സംഘടനയാകെ ചലിപ്പിക്കാൻ യാത്ര ഉപകരിച്ചെന്ന്‌ പറയാനാകില്ലെന്നാണ്‌ പ്രതാപ്‌ ഭാനു മേത്തയെപ്പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ നിരീക്ഷിക്കുന്നത്‌. അതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്‌ കോൺഗ്രസിന്‌ വിജയസാധ്യതയുള്ള രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിൽ ഇപ്പോഴും ശക്തമായി തുടരുന്ന ഗ്രൂപ്പുപോരാണ്‌. കേന്ദ്ര നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വത്തിന്റെ വിശ്വാസമില്ലായ്‌മയാണ്‌ ഈ പോര്‌ രൂക്ഷമാകാൻ കാരണമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അതോടൊപ്പം ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ രാഹുൽ യാത്ര നയിക്കുമ്പോഴാണ്‌ കോൺഗ്രസ്‌ ഭരിക്കുന്ന ഛത്തീസ്‌ഗഢിൽ ക്രിസ്‌ത്യാനികൾക്കെതിരെ സംഘപരിവാർ ആക്രമണം നടന്നത്‌. ഈ ആക്രമണം തടയാനോ ആക്രമണത്തിന്‌ വിധേയരായ ആയിരത്തിലധികംപേരെ പുനരധിവസിപ്പിക്കാനോ ഒരുനടപടിയും സ്വീകരിക്കാൻ ഭൂപേഷ്‌ ബാഗേൽ സർക്കാർ തയ്യാറായില്ല. പിന്നെ എങ്ങനെയാണ്‌ രാജ്യത്തിലെ ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ വിശ്വാസമർപ്പിക്കുക.

യാത്രയുടെ മറ്റൊരു പരാജയം മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടുന്നതിന്‌ കോൺഗ്രസിന്‌ കഴിയുമെന്ന്‌ രാജ്യത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല എന്നതാണ്‌. ജാഥാ സമാപനത്തിന്‌ ശ്രീനഗറിലേക്ക്‌ ഒരു ഡസനിലധികം രാഷ്ടീയ കക്ഷികളെ വിളിച്ചെങ്കിലും പകുതി രാഷ്ട്രീയ കക്ഷികൾ പോലും ചടങ്ങിന്‌ എത്തിയില്ല. കേരളം, തമിഴ്‌നാട്‌, ജമ്മു– -കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുമാണ്‌ പ്രധാനമായും കക്ഷിനേതാക്കൾ ശ്രീനഗറിൽ എത്തിയത്‌. കേരളത്തിൽനിന്ന്‌ മുസ്ലിംലീഗ്‌, ആർഎസ്‌പി എന്നീ കക്ഷികളും തമിഴ്‌നാട്ടിൽനിന്ന്‌ ഡിഎംകെയും വിസികെയും കശ്‌മീരിൽനിന്ന്‌ പിഡിപി, നാഷണൽ കോൺഫറൻസ്‌ എന്നീ കക്ഷികളും സിപിഐ, ജെഎംഎം പ്രതിനിധിയും പങ്കെടുത്തു. ഇതിനർഥം വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ സഖ്യകക്ഷികൾ പോലും ജാഥാ സമാപനത്തിന്‌ എത്തിയില്ല എന്നാണ്‌. ദീർഘകാലമായി കോൺഗ്രസുമായി സഖ്യത്തിലായ ആർജെഡി, എൻസിപി കക്ഷികളും സമാജ്‌വാദി പാർടി, ബിഎസ്‌പി, ജെഡി എസ്‌, ജെഡിയു തുടങ്ങിയ കക്ഷികളൊന്നും സമാപനച്ചടങ്ങിന്‌ എത്തിയില്ല. ഇത്‌ തെളിയിക്കുന്നത്‌ പ്രതിപക്ഷ നേതൃസ്ഥാനത്ത്‌ കോൺഗ്രസിനെ കാണാനോ വിലമതിക്കാനോ രാജ്യത്തെ ഭൂരിപക്ഷം കക്ഷികളും പൂർണമനസ്സോടെ തയ്യാറാകുന്നില്ല എന്നതാണ്‌.

ഈ ഘട്ടത്തിലാണ്‌ നൊബേൽ സമ്മാനജേതാവായ അമർത്യസെൻ കഴിഞ്ഞദിവസം ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച്‌ നടത്തിയ നിരീക്ഷണം (പിടിഐ, ദ വയർ) പ്രസക്തമാകുന്നത്‌. ലോകത്തിൽ ഏറ്റവും ഭയപ്പെടുത്തുന്ന സർക്കാരാണ്‌ ഇന്ത്യയിലേത്‌ എന്നാണ്‌ അമർത്യസെന്നിന്റെ അഭിപ്രായം. എന്നാൽ, മോദിയുടെ ഭരണത്തിൽനിന്ന്‌ ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസിന്‌ കഴിയില്ലെന്ന സൂചനയും അദ്ദേഹം പങ്കുവച്ചു. കോൺഗ്രസ്‌ ഏറെ ദുർബലമായി കഴിഞ്ഞെന്നും അതിനാൽ എത്രമാത്രം ഈ പാർടിയെ ആശ്രയിക്കാനാകുമെന്ന്‌ പറയാനാകില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. കോൺഗ്രസിനല്ല ഡിഎംകെ പോലുള്ള പ്രാദേശിക കക്ഷികൾക്കാണ്‌ ബിജെപിയെ ശക്തമായി എതിരിടാൻ കഴിയുകയെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ കുറച്ചുവർഷമായി സിപിഐ എം പറയുന്നതും ഇതുതന്നെയാണ്‌. സിപിഐ എമ്മിന്റെ 22ഉം 23ഉം പാർടി കോൺഗ്രസുകൾ അംഗീകരിച്ച രാഷ്ട്രീയപ്രമേയം അടിവരയിടുന്ന രാഷ്ട്രീയനയം ഇതുതന്നെയാണ്‌. ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ ഓരോ സംസ്ഥാനത്തും പരമാവധി മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ച്‌ നിർത്തുക. പൊതുതെരഞ്ഞെടുപ്പിനുശേഷം ബിജെപി ഇതരകക്ഷികളെ കൂട്ടിയോജിപ്പിച്ചുള്ള സർക്കാരിന്‌ വഴിയൊരുക്കുക. ഇതാണ്‌ പ്രായോഗികമായ രാഷ്ട്രീയ സമീപനം എന്നാണ്‌ സിപിഐ എം കരുതുന്നത്‌. കോൺഗ്രസിതര സർക്കാരുകൾ രൂപംകൊണ്ടത്‌ തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥ ഉപയോഗപ്പെടുത്തിയാണെന്നതും ഓർമിക്കുക.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.