Skip to main content

വർഗീയ ചേരിതിരിവുണ്ടാക്കി അധികാരത്തിൽ വന്ന മോദി സർക്കാർ ഭരണം നിലനിർത്താൻ വർഗീയ അജൻഡയാണ് പ്രയോഗിക്കുന്നത് ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരിൽനിന്ന് മതനിരപേക്ഷ സമീപനം പ്രതീക്ഷിക്കരുത്

കേന്ദ്രസർക്കാരിന്റെ അവഗണനയാണ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുഖ്യമായും ചർച്ച ചെയ്യുന്നത്‌. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്‌. ഫെഡറൽ സംവിധാനത്തിന്‌ എതിരായ നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. ഒരു കാര്യത്തിലും കേരളത്തിന്‌ അനുകൂലമായ തീരുമാനമുണ്ടാകുന്നില്ല. റെയിൽവേ, എയിംസ്‌, വിമാനത്താവളം എന്നിവയെ പൂർണമായി അവഗണിച്ചു. അനുവദിച്ച കോച്ച്‌ ഫാക്ടറി നിഷേധിച്ചു. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കണ്ണൂർ വിമാനത്താവളത്തിന്‌ വിദേശ വിമാന കമ്പനികളുടെ സർവീസിന്‌ അനുമതി നൽകുന്നില്ല. എയിംസ്‌ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യം പോലും മോദി സർക്കാർ പരിഗണിച്ചില്ല.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിലപാട്‌ സംസ്ഥാനത്തിന്‌ പൂർണമായും എതിരാണ്‌. കേരളത്തിന്‌ അർഹതപ്പെട്ട 40,000 കോടി രൂപയുടെ സാമ്പത്തികവിഹിതം വെട്ടിക്കുറച്ചു. പത്താം പഞ്ചവത്സര പദ്ധതിയിൽ വിഹിതം 3.9 ശതമാനമായിരുന്നു. അത്‌ 1.9 ശതമാനമാക്കി കുറച്ചു. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ നഷ്‌ടമാണ്‌ കേരളത്തിനുണ്ടായത്‌. വികസനത്തിന്റെ ഒന്നാംഘട്ടം (വിദ്യാഭ്യാസ,ആരോഗ്യ , സേവന മേഖലകൾ) തരണം ചെയ്‌ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ്‌ കേരളം. അതാണ്‌ കേന്ദ്രവിഹിതം വെട്ടിക്കുറയ്‌ക്കാൻ കാരണമായി പറയുന്നത്‌. കേരളത്തിന്റെ വികസനനേട്ടം ശിക്ഷയായി മാറുകയാണ്‌. ജിഎസ്‌ടി നഷ്‌ടപരിഹാര തുകയിൽ ജൂണിനുശേഷം 9,000 കോടി രൂപയുടെ കുറവുണ്ടായി. ജിഎസ്‌ടി കുടിശ്ശികയായി 750 കോടി രൂപ കിട്ടാനുണ്ട്‌. സംസ്ഥാനങ്ങളുടെ വായ്പാ പരിധി (ധനകമ്മി) 2021–22 ൽ നാലുശതമാനമായിരുന്നു. അത്‌ 2022-23 ൽ 3.5 ശതമാനമായും 2023-24, 2024-25, 2025-26 വർഷങ്ങളിൽ മൂന്നുശതമാനമായും കുറച്ചു.

കേരള വികസനത്തിന്‌ കിഫ്ബിയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയും കടമെടുക്കുന്ന തുക സംസ്ഥാന സർക്കാരിന്റെ കടമെടുപ്പായി കണക്കാക്കിയും കേരളത്തെ കുരുക്കുന്നു. ഇങ്ങനെ കിഫ്ബി, പെൻഷൻ ഫണ്ട് എന്നിവയുടെ വായ്പായിനത്തിൽ 14,000 കോടി രൂപയാണ് അനുവദനീയമായ കടമെടുപ്പ് തുകയിൽനിന്നും വെട്ടിക്കുറച്ചത്. ഇങ്ങനെ എല്ലാവഴികളിലൂടെയും സംസ്ഥാനത്തിന്റെ വരവ് –-ചെലവ് അനുമാനങ്ങളെ താളംതെറ്റിച്ച്‌ സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. 40,000 കോടി രൂപയുടെ ഫണ്ട്‌ നിഷേധിച്ച്‌ കേരളത്തിന്റെ നിലനിൽപ്പ്‌ അപകടത്തിലാക്കുന്ന കേന്ദ്രസർക്കാർ, സംസ്ഥാനത്ത്‌ രണ്ട്‌ രൂപ ഇന്ധനസെസ്‌ ഏർപ്പെടുത്തിയത്‌ വലിയ പാതകമായി അവതരിപ്പിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. സംസ്ഥാന സർക്കാരിന്‌ ഒരു തരത്തിലും മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യത്തിലാണ്‌ സെസ്‌ ഏർപ്പെടുത്തിയത്‌. ഇതിനെ ജനങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. ഒരു ലിറ്റർ പെട്രോളിന്‌ 106 രൂപയാണ്‌ ഇപ്പോഴത്തെ വില. ഇതിന്റെ 1.89 ശതമാനം മാത്രമാണ്‌ കേരളസെസ്‌. ബാക്കിയെല്ലാം കേന്ദ്രം കൂട്ടിയതാണ്‌. ഇതുമായി ബന്ധപ്പെട്ട യുഡിഎഫ്‌ സമരം രാഷ്‌ട്രീയമാണ്‌. ഇന്ധനവില കൂട്ടിയ കേന്ദ്രത്തെ പിന്തുണയ്‌ക്കുകയും കേരളം പ്രതിസന്ധിയിൽനിന്നും കരകയറാൻ സ്വീകരിച്ച നടപടികളെ തുരങ്കം വയ്‌ക്കുകയുമാണ്‌ യുഡിഎഫ്‌ ചെയ്യുന്നത്‌. പാർലമെന്റിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ചോദ്യം ഇത്തരത്തിൽ വേണം കാണാൻ. പ്രേമചന്ദ്രന്റെ ദുരുദ്ദേശ്യപരമായ ചോദ്യത്തിന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയ മറുപടിയാകട്ടെ പച്ചനുണയും. സിഎജി ഒപ്പിട്ട കണക്ക്‌ നൽകാത്തതിനാലാണ്‌ ജിഎസ്‌ടി വിഹിതം കേരളത്തിന്‌ നൽകാത്തത്‌ എന്നാണ്‌ മന്ത്രി പറഞ്ഞത്‌. കണക്ക്‌ കൃത്യമായി നൽകുകയും വിഹിതം കിട്ടുന്നുമുണ്ട്‌. എന്നാൽ ജിഎസ്‌ടി നഷ്‌ടപരിഹാര തുക കുറച്ചതും അതിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതുമാണ്‌ നാം ഉന്നയിക്കുന്ന പ്രശ്നം.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച്‌ അസ്ഥിരപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ഇതിന്‌ അനുകൂലമായ സമീപനമാണ്‌ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌. എന്നാൽ ഈ സർക്കാർ നിലനിൽക്കണമെന്നാണ്‌ ജനങ്ങളുടെ ആഗ്രഹം. ജനങ്ങൾക്ക്‌ നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും തുടരാനാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനം. അതിനാൽ കേന്ദ്രം എത്ര പ്രയാസം സൃഷ്‌ടിച്ചാലും ജനങ്ങളുടെ പിന്തുണയോടെ അതിനെയെല്ലാം അതിജീവിച്ച്‌ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകും. കേന്ദ്രത്തിനെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരും. ലോകത്തിലെ ഏറ്റവും വലിയ മുതലാളിമാരെ സൃഷ്‌ടിക്കുന്നതാണ്‌ മോദി സർക്കാരിന്റെ സാമ്പത്തിക നയം. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക്‌ ആശ്വാസം നൽകുകയും ഗുണമേന്മയുള്ള ജീവിതം നയിക്കാൻ പ്രാപ്‌തമാക്കുകയും ചെയ്യുന്ന നയമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റേത്‌. ഇതാണ്‌ കേന്ദ്രവും കേരളവും തമ്മിലുള്ള വ്യത്യാസം.

വർഗീയ ചേരിതിരിവുണ്ടാക്കിയാണ്‌ മോദി സർക്കാർ അധികാരത്തിൽ വന്നത്‌. ഭരണം നിലനിർത്താനും വർഗീയ അജൻഡയാണ്‌ പ്രയോഗിക്കുന്നത്‌. ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന സർക്കാരിൽനിന്ന്‌ മതനിരപേക്ഷ സമീപനം പ്രതീക്ഷിക്കരുത്‌. മതനിരപേക്ഷതയ്‌ക്ക്‌ തികച്ചും വിരുദ്ധമായ നിലപാട്‌ സ്വീകരിക്കുന്ന സംഘടനയാണ്‌ ആർഎസ്‌എസ്‌. ഒരു നൂറ്റാണ്ടായുള്ള ആർഎസ്‌എസിന്റെ പ്രവർത്തനം അറിയുന്നവരാരും ഇത്തരമൊരു ചർച്ചയ്‌ക്ക്‌ മുതിരില്ല. ഗാന്ധി വധം ഉൾപ്പെടെ നമ്മുടെ മുന്നിലുണ്ട്‌. ഈ ചർച്ച മുസ്ലിം സമുദായത്തിന്റെയും മതനിരപേക്ഷ ശക്തികളുടെയും വിമർശത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. അത്‌ എല്ലാവർക്കും അറിയുന്നതാണ്‌.

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ ബിബിസി തയ്യാറാക്കിയ രണ്ട്‌ ഭാഗങ്ങളുളള ഡോക്യുമെന്ററി അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്‌. മോദിക്ക്‌ വംശഹത്യയിൽ നേതൃപരമായ പങ്കുണ്ടെന്നാണ്‌ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലയായ ബിബിസി ഗുജറാത്ത്‌ കലാപം സംബന്ധിച്ച്‌ പഠനം നടത്തിയശേഷം പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ പറയുന്നത്‌. ഡോക്യുമെന്ററിക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയെങ്കിലും വിലപ്പോയില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകമാകെ ഈ ഡോക്യുമെന്ററി ചർച്ചയായി. ഡോക്യുമെന്ററി ബിജെപിക്കും മോദിക്കും വലിയ തിരിച്ചടിയാണ്‌. ഇതിന്റെ പ്രതികാരമാണ്‌ ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ റെയ്‌ഡ്‌. ലോക മാധ്യമങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാൽ മാധ്യമ സ്വാതന്ത്ര്യം ഉദ്‌ഘോഷിക്കുന്ന രാജ്യത്തെ മാധ്യമങ്ങൾ ഈ റെയ്‌ഡിൽ മൗനം പാലിക്കുകയായിരുന്നു. മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണ്‌ ഇവിടെ കണ്ടത്‌. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ ഇക്കാര്യത്തിൽ മോദിയുടെ റെയ്‌ഡിനെ അനുകൂലിക്കുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌.

മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും നിലനിർത്താൻ ഒരോ സംസ്ഥാനങ്ങളിലെയും പ്രത്യേകതകൾ കണക്കിലെടുത്താണ്‌ സിപിഐ എം നിലപാട്‌ സ്വീകരിക്കുന്നത്‌. ബിജെപിക്കെതിരായ വോട്ടുകൾ ഏകോപിപ്പിക്കുകയെന്ന സമീപനമാണ്‌ ത്രിപുരയിൽ സ്വീകരിച്ചത്‌. ഇത്‌ പാർടി നേരത്തേ വ്യക്തമാക്കിയതാണ്‌. ത്രിപുരയിൽ ഉണ്ടാക്കിയത്‌ കോൺഗ്രസുമായുള്ള ഐക്യമുന്നണിയല്ല. സീറ്റ്‌ നീക്കുപോക്ക്‌ മാത്രമാണ്‌. ഇത്‌ മോദിയെ അസ്വസ്ഥമാക്കുന്നെന്നാണ്‌ ഗുസ്‌തി ദോസ്‌തി പരാമർശത്തിലൂടെ പുറത്തുവന്നത്‌.

സിപിഐ എം ജാഥ നടത്തുന്ന സന്ദർഭങ്ങളിലെല്ലാം ഇത്തരം പ്രചാരണം വലതുപക്ഷ മാധ്യമങ്ങൾ നടത്താറുണ്ട്‌. കണ്ണൂരിലെ ചില ക്രിമിനലുകൾ സമൂഹ മാധ്യമത്തിലൂടെ നടത്തുന്ന പ്രചാരണമാണ്‌ ജാഥയ്‌ക്ക്‌ വെല്ലുവിളിയായി ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്‌. ഇത്‌ എവിടെയും ഏശാൻ പോകുന്നില്ല. വടക്കാഞ്ചേരി ഫ്ലാറ്റുമായി ബന്ധപ്പെട്ട അപവാദ പ്രചാരണം ജനങ്ങൾ തള്ളിയതാണ്‌. മാധ്യമങ്ങളുടെ സഹായത്തോടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. അതൊന്നും ജനങ്ങൾ അംഗീകരിക്കില്ല.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.