Skip to main content

ഇഎംഎസ് ദിനം

ഇഎംഎസ് ഇല്ലാത്ത കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ന് കാൽ നൂറ്റാണ്ടു തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസിന്റെ സ്മരണ മായുന്നതോ മറയുന്നതോ അല്ല. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാദിവസവും ഈ ഓർമ നാട്ടിൽ അലയടിക്കുന്നുണ്ട്. അതുകൊണ്ടാണ്‌ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവും കേരളവികസനവുമായി ചേർത്തുവച്ച്‌ ഇഎംഎസിന്റെ നാമധേയവും പരാമർശിച്ചത്‌.
ഇന്ത്യൻ രാഷ്ട്രീയത്തെ പുരോഗമനപരമായി വഴിതിരിച്ചുവിടുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായി 13 വർഷം പ്രവർത്തിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം 1992ൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും വിശ്രമിച്ചില്ല. കേരളത്തെ മതനിരപേക്ഷതയിലും സമത്വരാഷ്ട്രീയ ചിന്തയിലും ഉറപ്പിച്ചുനിർത്തുന്നതിൽ സഖാവിന്റെ നേതൃത്വവും പ്രവർത്തനവും ഇടപെടലും പ്രധാനമാണ്. വർഗീയ ഫാസിസ്റ്റ് ചിന്താഗതിയുടെ ഗർത്തത്തിൽ കേരളീയർ പൊതുവിൽ വീഴാത്തതിൽ സഖാവ് നടത്തിയ പ്രത്യയശാസ്ത്ര സമരം വലിയ സംഭാവന നൽകി.

നിരവധി പതിറ്റാണ്ടുകളിൽ കേരള രാഷ്ട്രീയത്തിന്റെ അജൻഡ നിശ്ചയിച്ചത് ഇഎംഎസിന്റെ ചിന്തകളായിരുന്നു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണം വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യ തലത്തിൽ പാർടിയുടെ വളർച്ചയ്ക്ക് അതുല്യസംഭാവന ചെയ്തു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നതനേതാക്കളിൽ ഒരാളായി മാറി.
അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയിൽനിന്ന് നാടിനെ മോചിപ്പിക്കാനും ജാതി–ജൻമി നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കാനും വലിയതോതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ജനിച്ച സമുദായത്തിലെ ജീർണതകൾക്കെതിരായ പോരാട്ടത്തിലായിരുന്നു ആദ്യം ഏർപ്പെട്ടത്. അങ്ങനെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനത്തെ നയിച്ചു. അതിന്റെ ഫലമായി ആ സമുദായത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിനുവേണ്ടി പ്രക്ഷോഭം നയിച്ചവരുടെ നിരയിൽ ഇ എം എസ് ഉൾപ്പെടെ ധാരാളം പേരുണ്ട്. ഇവരുടെയെല്ലാം പ്രവർത്തനഫലമായി, വിധവാവിവാഹത്തിന് അനുകൂലവും "സംബന്ധ ഇടപാടിന്' എതിരെയും ഇംഗ്ലീഷ് പഠനത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേഷപരിഷ്കാരത്തിനും അനുകൂലവുമായ നടപടികളുണ്ടായി.

വെറും സമുദായപരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചുവെന്നതാണ് ഇഎംഎസിന്റെ മികവ്. അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കാനും കഴിഞ്ഞു. അതിലൂടെ ആദ്യം കോൺഗ്രസിനെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയെയും ശേഷം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കി വളർത്തിക്കൊണ്ടുവന്നു. ഇതിലൂടെ തെളിയുന്ന വസ്തുത നവോത്ഥാനപ്രസ്ഥാനം നാടിനെ മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയ ഊർജപ്രവാഹമായി മാറും എന്നതാണ്.

ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയും വക്കം മൗലവിയും ചാവറയച്ചനും പൊയ്കയിൽ യോഹന്നാനും എല്ലാം നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തകർന്നടിയാതെ നവോത്ഥാനത്തെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും യത്നിച്ചു. ഇത് നാടിന്റെ സാമൂഹ്യമാറ്റത്തിന് നൽകിയ സംഭാവന വലുതാണ്. അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയർ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നത്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്ത കേരളീയരിൽ പൊതുവിൽ ഇന്നും സ്വാധീനം ചെലുത്തുന്നതും വർഗീയതകളിൽനിന്ന്‌ സംസ്ഥാനത്തെ അകറ്റിനിർത്തുന്നതും എൽഡിഎഫിന് മേധാവിത്വം ഉള്ളതുകൊണ്ടും എൽഡിഎഫ് ഭരണം ഉള്ളതുകൊണ്ടുമാണ്.

കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ൽ കോഴിക്കോട് ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഇഎംഎസ് കോഴിക്കോട് സബ്ജയിലിൽ എത്തിയപ്പോൾ സ്വീകരിച്ചത് പി കൃഷ്ണപിള്ളയായിരുന്നു. മരണംവരെ നീണ്ട അസാധാരണമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. കോഴിക്കോട് സബ് ജയിലിൽനിന്ന്‌ കണ്ണൂർ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന്‌ വെല്ലൂർ ജയിലിലേക്കും ഇഎംഎസിനെ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽവച്ചാണ് എ കെ ജിയെ കണ്ടുമുട്ടുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി മാറിയ ഇ എം എസിനെ കെപിസിസിയുടെ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുത്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയ നേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു. 1937ൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു ഇ എം എസ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.

മാർക്സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതിൽ ഇഎംഎസ് നൽകിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ചേരിയുടെയും തകർച്ചയെത്തുടർന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരണം ഒരു കൊടുങ്കാറ്റായി വീശി. ലോകത്തിലെ പല കമ്യൂണിസ്റ്റ് പാർടികളും പേരും കൊടിയും ഉപേക്ഷിച്ചു. അന്ന് സിപിഐ എമ്മിനെ പിരിച്ചുവിടാൻ ഉപദേശിച്ച് മനോരമ മുഖപ്രസംഗം എഴുതി. എന്നാൽ, പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സോഷ്യലിസത്തിന് സംഭവിച്ചതെന്നും സോഷ്യലിസവും കമ്യൂണിസവും ഇല്ലാതാകില്ലെന്നും ഇഎംഎസ് വ്യക്തമാക്കി. ദേശീയ അന്തർദേശീയ പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ ഇഎംഎസ് പുലർത്തിയ പാടവം അനിതരസാധാരണമാണ്.

ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ട് മന്ത്രിസഭയെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് പാർടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന് മുൻ അനുഭവമുണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയിൽ നിന്നുകൊണ്ട് സംസ്ഥാനസർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ മാതൃക കാണിച്ചു. കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്കാരങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യം വഹിച്ചു. ഭൂമിയിൽനിന്ന്‌ മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി ഒപ്പിട്ടത്. കേരളത്തിൽ ജൻമിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്കരണ നടപടികൾ നടപ്പാക്കുന്നതിനും ഇഎംഎസ് സർക്കാരിന് കഴിഞ്ഞു.

ആറടി മണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയ അവസ്ഥയിൽ കഴിയുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നൽകി എന്നതാണ് ഇഎംഎസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂർണവുമായ നടപടി. ഭൂപരിഷ്കരണം, വിദ്യാഭ്യാസബിൽ, അധികാരവികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഇടപെടൽ, ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റൽ തുടങ്ങി നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. ഭൂപരിഷ്കരണരംഗത്ത് ഉൾപ്പെടെ രണ്ടാം ഇ എം എസ് സർക്കാർ വരുത്തിയ മാറ്റം സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ഏടാണ്. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പിൽക്കാല സർക്കാരുകൾക്കും ഇഎംഎസിന്റെ ചിന്ത വഴികാട്ടിയായി. ജനകീയാസൂത്രണം ഉൾപ്പെടെയുള്ള ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ സഖാവിന്റെ ഇടപെടൽ വളരെ ഉപകരിച്ചു. കേരളത്തിന്റെ ഭാവി വികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുഖ്യസംഘാടകരിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചു. കലയും സാഹിത്യവും വരേണ്യവർഗത്തിന്റെ കൈയിൽ അമർന്നിരിക്കുന്ന അവസ്ഥയ്ക്കെതിരെ, അത് തൊഴിലാളിവർഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ഊർജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടൽ അദ്ദേഹം നടത്തി.

ഒന്നാം ഇഎംഎസ് സർക്കാരിനെ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ വിമോചനസമരം സംഘടിപ്പിച്ചാണ് വലതുപക്ഷ യാഥാസ്ഥിതിക ശക്തികൾ പുറത്താക്കിയത്. വിമോചന സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിക്ക് നാല് ശതമാനം വോട്ടിന്റെ വർധന ജനങ്ങൾ നൽകി. എന്നാൽ, എതിരാളികൾ യോജിച്ച് മത്സരിച്ചതിനാൽ അവർക്ക് സീറ്റ് കൂടുതൽ കിട്ടി.വിമോചനസമര രാഷ്ട്രീയം കാലഹരണപ്പെട്ടെങ്കിലും അതിന്റെ പുതുരൂപങ്ങൾ ഇന്നുമുണ്ട്‌. ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ ഏതെല്ലാം രീതിയിൽ ഇകഴ്‌ത്താൻ കഴിയുമോയെന്ന ശ്രമമാണ്‌ യുഡിഎഫും ബിജെപിയും നടത്തുന്നത്‌. അവർക്ക്‌ ഇക്കാര്യത്തിൽ തികഞ്ഞ യോജിപ്പാണ്‌. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരാകട്ടെ ഭരണഘടനയെത്തന്നെ ഇരുട്ടിലാക്കിയാണ്‌ ഭരണം നടത്തുന്നത്.

പാർലമെന്റിൽപ്പോലും ഇടപെടാൻ അനുവദിക്കാതെയാണ്‌ മോദി ഭരണം ജനാധിപത്യധ്വംസനം നടത്തുന്നത്‌. എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ ഭീഷണിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുപോലും അട്ടിമറിക്കുന്ന സാഹചര്യമാണ്‌ ത്രിപുരയിലും മറ്റും നാം കാണുന്നത്‌. മാത്രമല്ല, ബിജെപി ഇതര സർക്കാരുകളെ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്നു. ഈ നയങ്ങൾക്കെല്ലാം എതിരായി ജനകീയപോരാട്ടം ഉയർത്തിയാണ്‌ ജനകീയ പ്രതിരോധ ജാഥ പ്രയാണം നടത്തിയത്‌. അതിശക്തമായ പോരാട്ടങ്ങൾകൊണ്ടു മാത്രമേ കേന്ദ്രനയം തിരുത്തിക്കാൻ കഴിയൂ. യോജിച്ച പോരാട്ടങ്ങൾക്ക്‌ സഖാവ്‌ ഇഎംഎസിന്റെ സ്‌മരണ നമുക്ക്‌ കരുത്തേകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു

സ. പിണറായി വിജയൻ

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സത്യൻ മൊകേരിയുടെ വിജയത്തിനായി വലിയ ജനാവലിയാണ് ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

സ. ടി പി രാമകൃഷ്‌ണൻ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌.