Skip to main content

മോദി സർക്കാരിനെതിരെ നടന്ന ഐതിഹാസികമായ കർഷകസമരത്തിന്‌ തുടർച്ചയുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ്‌ രാംലീല മൈതാനിയിലെ റാലി നൽകുന്നത്‌.

സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തും ജീവൻ നിലനിർത്താൻവേണ്ടി അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ പ്രക്ഷോഭത്തിന്റെ പാത തെരഞ്ഞെടുക്കേണ്ടിവരുന്നുവെന്ന്‌ ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി തെളിയിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച്‌ 75 വർഷം കഴിഞ്ഞിട്ടും ഭൂരിപക്ഷം കർഷകരും തൊഴിലാളികളും നിത്യജീവിതത്തിന്‌ വകയില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയേണ്ടിവരുന്നുവെന്നതാണ്‌ ഇന്ത്യൻ യാഥാർഥ്യം. രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ നയസമീപനവും നടപടികളുമാണ്‌ അതിനു കാരണം.

മൂന്നു പതിറ്റാണ്ടായി ഇന്ത്യൻ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവഉദാരവൽക്കരണനയങ്ങളാണ്‌ ഇന്ത്യൻ കാർഷികമേഖലയെയും തൊഴിൽമേഖലയെയും തകർത്തെറിഞ്ഞത്‌. നരസിംഹറാവു സർക്കാരിന്റെ കാലത്താണ്‌ ഉദാരവൽക്കരണനയം അന്നത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ഇന്ത്യയിൽ അവതരിപ്പിച്ചത്‌. തുടർന്നുവന്ന ബിജെപി സർക്കാരും ഈ നയംതന്നെ തുടർന്നു. 2014ൽ മോദി അധികാരമേറിയതോടെ ഇതിന്‌ വേഗം വർധിച്ചു. കർഷകർക്കും തൊഴിലാളികൾക്കും അനുകൂലമായി ഉണ്ടായിരുന്ന നാമമാത്ര ആശ്വാസനടപടികൾപോലും പിൻവലിക്കുകയും സബ്‌സിഡികൾ നിർത്തുകയും ചെയ്‌തു. പാവപ്പെട്ട കർഷകർക്കും തൊഴിലാളികൾക്കുമല്ല, മറിച്ച്‌ കോർപറേറ്റുകൾക്കാണ്‌ സബ്‌സിഡി നൽകേണ്ടതെന്നും എങ്കിൽ മാത്രമേ സമ്പദ്‌വ്യവസ്ഥ വളരുകയുള്ളൂവെന്നുമാണ്‌ നവഉദാര സാമ്പത്തികനയം പറയുന്നത്‌. ഇതിനകം 11 ലക്ഷം കോടി രൂപയുടെ കോർപറേറ്റ്‌ കടമാണ്‌ മോദി സർക്കാർ എഴുതിത്തള്ളിയത്‌. അദാനിക്കും അംബാനിക്കും നൽകാൻ മോദി സർക്കാരിന്‌ പണമുണ്ട്‌. എന്നാൽ, കർഷകർക്കും തൊഴിലാളികൾക്കും നൽകാൻ പണമില്ല.

കാർഷികമേഖലയ്‌ക്ക്‌ നൽകിവരുന്ന സബ്‌സിഡികൾ പലതും അവസാനിപ്പിച്ചു. തൊഴിലാളികൾക്ക്‌ സംഘടിക്കാനും വിലപേശാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടു. തൊഴിൽ സമയം വർധിപ്പിക്കുകയും കൂലി കുറയുകയും ചെയ്‌തു. പെൻഷൻ സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടു. വിദ്യാഭ്യാസ – ആരോഗ്യമേഖലയിൽ പൊതുനിക്ഷേപം നാമമാത്രമായി. ഈ മേഖലയെല്ലാംതന്നെ കോർപറേറ്റുകൾക്ക്‌ കൈമാറി. ഇതോടെ സാധാരണ ജനജീവിതം ചെലവേറിയതും ദുസ്സഹവുമായി. അതോടൊപ്പം രൂക്ഷമായ വിലക്കയറ്റവും. ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ സമരം ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല എന്നായി. ഇത്‌ ഇന്ത്യയുടെമാത്രം ചിത്രമല്ല. നവഉദാര സാമ്പത്തികനയം സ്വീകരിക്കുന്ന ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും സ്ഥിതിയാണ്‌. അതിന്റെ ഫലമായാണ്‌ ബ്രിട്ടനിലും അമേരിക്കയിലും ഫ്രാൻസിലും ലാറ്റിനമേരിക്കയിലും വൻ തൊഴിലാളി – കർഷക സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടത്‌. അമേരിക്കയിലും ബ്രിട്ടനിലും റെയിൽ പൊതുഗതാഗത സംവിധാനമായി തുടരണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്ന സമരവും ബ്രിട്ടനിൽ നാഷണൽ ഹെൽത്ത്‌ സർവീസ്‌ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്ന സമരവും പെൻഷൻ പ്രായം കൂട്ടുന്നതിനെതിരെ ഫ്രാൻസിൽ നടക്കുന്ന സമരവും ഇതിന്റെ ഭാഗമാണ്‌. അതായത്‌ നവഉദാരവൽക്കരണനയത്തിനെതിരെ ലോകമെങ്ങും വളരുന്ന പ്രക്ഷോഭജ്വാലയുടെ ഭാഗം തന്നെയാണ്‌ രാംലീല മൈതാനിയിൽ നടന്ന റാലിയും.

റാലിയിൽ ഉയരുന്ന ആവശ്യങ്ങൾ പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും. നവഉദാരവൽക്കരണനയം സൃഷ്ടിച്ച ആഘാതം മറികടക്കാനുള്ള നിർദേശങ്ങളാണ്‌ അവ ഓരോന്നും. കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ നൽകിവരുന്ന താങ്ങുവില നിയമപരമാക്കുക എന്നതാണ്‌ പ്രധാന ആവശ്യങ്ങളിൽ ഒന്ന്‌. സ്വാമിനാഥൻ കമീഷനാണ്‌ ഉൽപ്പാദനച്ചെലവും അതിന്റെ പകുതിവിലയും ചേർത്തുള്ള താങ്ങുവില നൽകണമെന്ന്‌ ശുപാർശ ചെയ്‌തത്‌. അത്‌ നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം നൽകി അധികാരത്തിലെത്തിയ മോദി സർക്കാർ ഒൻപതു വർഷം അധികാരത്തിലിരുന്നിട്ടും അത്‌ നടപ്പാക്കിയില്ല. ഈ പശ്ചാത്തലത്തിലാണ്‌ ഈ ആവശ്യം മുന്നോട്ടുവയ്‌ക്കപ്പെട്ടത്‌. അതോടൊപ്പം കാർഷിക കടാശ്വാസം പ്രഖ്യാപിക്കുക, തൊഴിലാളികൾക്ക്‌ 26,000 രൂപയെങ്കിലും മാസത്തിൽ മിനിമംകൂലി ഉറപ്പാക്കുക, 60 വയസ്സ്‌ കഴിഞ്ഞ കൃഷിക്കാർക്ക്‌ പെൻഷൻ നൽകുക, തൊഴിലാളിവിരുദ്ധ നാല്‌ ലേബർ കോഡുകളും വൈദ്യുതി ഭേദഗതി നിയമവും പിൻവലിക്കുക, തൊഴിലുറപ്പുപദ്ധതി വിപുലമാക്കുക തുടങ്ങിയ ആശ്യങ്ങളാണ്‌ റാലിയിൽ മുന്നോട്ടുവയ്‌ക്കപ്പെട്ടത്‌.

ജനദ്രോഹകരമായ നയം മാറണമെങ്കിൽ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാർ മാറണം. തെറ്റായ ഈ നയത്തിനെതിരെ രാജ്യത്തെ കോടിക്കണക്കിനു വരുന്ന ജനങ്ങളെ അണിനിരത്തണം. കഴിഞ്ഞ ആറു മാസമായി അഖിലേന്ത്യ കിസാൻസഭയും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയനും സിഐടിയുവും ഈ പരിശ്രമത്തിലായിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ കണ്ണൂരിൽ ചേർന്ന മൂന്ന്‌ സംഘടനകളുടെയും സംയുക്ത യോഗത്തിലാണ്‌ ശക്തമായ പ്രക്ഷോഭമെന്ന ആശയം മുന്നോട്ടുവയ്‌ക്കപ്പെട്ടത്‌. ആഗസ്‌തിൽ രാജ്യമെമ്പാടും സമരത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു. സെപ്‌തംബറിൽ ഡൽഹിയിൽ ആയിരങ്ങൾ പങ്കെടുത്ത ദേശീയ കൺവൻഷനും ചേർന്നു. മാർച്ച്‌ 20ന്‌ ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്തും ചേർന്നു.

രാജ്യം ഭരിക്കുന്നത്‌ കോർപറേറ്റ്‌ – വർഗീയ കൂട്ടുകെട്ടാണ്‌ എന്നും രണ്ടു വിഭാഗവും വർഗ്ഗഐക്യത്തെ തകർക്കാനാണ്‌ ശ്രമിക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ പ്രചാരണപ്രവർത്തനങ്ങൾ സഹായിച്ചു. കോർപറേറ്റുകളും വർഗീയവാദികളും ഒരുപോലെ ഭയക്കുന്നത്‌ തൊഴിലാളികളുടെയും കർഷകരുടെയും വർഗ്ഗ ഐക്യത്തെയാണ്‌. ജാതി, മത ഭേദമില്ലാതെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഒരു വേദിയിൽ അണിനിരക്കുന്നതിനെ അവർ ഭയപ്പെടുന്നു. വരാനിരിക്കുന്ന കോർപറേറ്റ്‌ – വർഗീയവിരുദ്ധ സമരത്തിന്റെ കേന്ദ്രമായി സംയുക്ത മോർച്ച മാറിയാൽ അത്‌ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ വഴി വെട്ടിത്തെളിക്കും. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രധാന ദൗർബല്യം നവഉദാരവൽക്കരണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ അവർ തയ്യാറല്ല എന്നതാണ്‌. കാരണം ഈ നയത്തോട്‌ അവർക്ക്‌ എതിർപ്പില്ല. അദാനിക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അദാനിമാരെ സൃഷ്ടിക്കുന്ന നയത്തെ എതിർക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല.

കഴിഞ്ഞ കുറച്ചു മാസമായി നടന്ന പ്രക്ഷോഭങ്ങളും സമരങ്ങളും ഇടതുപക്ഷത്തിന്‌ ഇന്ത്യൻ രാഷ്ട്രീയത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്‌. പാർലമെന്റിലും നിയമസഭകളിലുമുള്ള സീറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും അളക്കുന്നത്‌ എത്രമാത്രം മൗഢ്യമായിരിക്കുമെന്നും ഈ സമരവിജയങ്ങൾ തെളിയിക്കുന്നു. അതിൽ ഏറ്റവും പ്രധാനം നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ നടന്ന മൂന്നാമത്തെ കിസാൻ ലോങ് മാർച്ചാണ്‌. ഉള്ളിക്ക്‌ ന്യായവില ലഭിക്കണമെന്ന്‌ ഉൾപ്പെടെ 15 ആവശ്യമുന്നയിച്ച്‌ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിലാണ്‌ മാർച്ച്‌ നടന്നത്‌. പതിനായിരങ്ങൾ പങ്കെടുത്ത ഈ മാർച്ച്‌ ആറാം ദിവസം താനെ ജില്ലയിലെ വസിന്ദിൽ അവസാനിച്ചത്‌ പ്രധാന ആവശ്യങ്ങളെല്ലാം നേടിക്കൊണ്ടായിരുന്നു. ഒരു ക്വിന്റൽ ഉള്ളിക്ക്‌ 350 രൂപ സബ്‌സിഡി നൽകാൻ മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ തയ്യാറായി. അതുപോലെ തന്നെ ബിജെപി ഭരണം നടത്തുന്ന ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും വൈദ്യുതി ജീവനക്കാർ നടത്തിയ സമരവും വിജയിക്കുകയുണ്ടായി. കർണാടക, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന അങ്കണവാടി ജീവനക്കാരുടെ സമരവും ഹരിയാന, മധ്യപ്രദേശ്‌, ഒഡിഷ സംസ്ഥാനങ്ങളിൽ നടന്ന ആശാ വർക്കർമാരുടെയും ഉച്ചക്കഞ്ഞി തൊഴിലാളികളുടെയും സമരവും പ്രധാന ആവശ്യങ്ങൾ നേടിയെടുത്താണ്‌ അവസാനിച്ചത്‌. ഈ സമരപോരാട്ടങ്ങളുടെ തുടർച്ചയെന്നോണമാണ്‌ രാംലീല മൈതാനിയിലെ റാലി നടന്നത്‌. മുൻസൂചിപ്പിച്ച സമരവിജയങ്ങൾ ഡൽഹി റാലി വിജയിപ്പിക്കുന്നതിന്‌ പ്രധാന കാരണമായിട്ടുണ്ടെന്ന്‌ കരുതുന്നതിലും തെറ്റില്ല.

കേരളം ഉൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നുമുള്ള കർഷകരും തൊഴിലാളികളും ഈ സമരത്തിൽ പങ്കെടുത്തെങ്കിലും പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ റാലിയിൽ അണിനിരന്നത്‌. മോദി സർക്കാരിന്റെ കർഷകവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഹിന്ദി ഹൃദയഭൂമിയിലും പ്രതിഷേധക്കാറ്റ്‌ വിശുകയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രധാന കർഷക – തൊഴിലാളി മുന്നേറ്റമായി ഈ റാലി ചരിത്രത്തിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മോദി സർക്കാരിനെതിരെ നടന്ന ഐതിഹാസികമായ കർഷകസമരത്തിന്‌ തുടർച്ചയുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ്‌ രാംലീല മൈതാനിയിലെ റാലി നൽകുന്നത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു

സ. പിണറായി വിജയൻ

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സത്യൻ മൊകേരിയുടെ വിജയത്തിനായി വലിയ ജനാവലിയാണ് ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

സ. ടി പി രാമകൃഷ്‌ണൻ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌.