Skip to main content

ജനാധിപത്യഹത്യ, ഭരണഘടനയെ അട്ടിമറിക്കൽ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, ഫെഡറലിസത്തിനെതിരായ ആക്രമണം, വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം, മതനിരപേക്ഷതയ്‌ക്കെതിരായ കടന്നാക്രമണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ഐക്യനിര ഉണ്ടാകണം

സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ 27 മുതൽ 29 വരെ മൂന്നു ദിവസം ഡൽഹിയിൽ ചേരുകയുണ്ടായി. രാജ്യത്തെ ഗ്രസിക്കുന്ന വിഷയങ്ങളാണ്‌ പ്രധാനമായും ചർച്ച ചെയ്‌തത്‌. മോദി ഭരണം സ്വേച്ഛാധിപത്യക്രമത്തിലേക്ക്‌ അതിവേഗം നീങ്ങുകയാണെന്നും അതിന്‌ തടയിടാൻ മുന്നിട്ടിറങ്ങണമെന്നുമുള്ള ആഹ്വാനമാണ്‌ പ്രധാനമായും യോഗത്തിൽ ഉയർന്നുവന്നത്‌.
ഡൽഹിയിൽ യോഗം നടക്കുന്ന വേളയിൽത്തന്നെയാണ്‌ രാജ്യത്തെ ഗുസ്‌തിതാരങ്ങൾ ജന്തർമന്തറിൽ പ്രതിഷേധപ്പന്തൽ ഉയർത്തിയത്‌. സഹ ഗുസ്‌തിതാരങ്ങൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ഒളിമ്പിക്‌സ്‌ മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള ഗുസ്‌തിതാരങ്ങളുടെ പ്രതിഷേധം. പ്രായപൂർത്തിയാകാത്ത താരത്തിനെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന്‌ ആരോപണമുയർന്നിട്ടുപോലും ഒരുനടപടിയും സ്വീകരിക്കാൻ ഡൽഹി പൊലീസോ മോദിഭരണമോ തയ്യാറായില്ലെന്നത്‌ പ്രതിഷേധാർഹമാണ്‌.

ഈ താരങ്ങൾ ഇപ്പോഴല്ല ഈ പരാതി ഉയർത്തിയത്‌. ജനുവരിയിൽത്തന്നെ അവർ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ ഒരുനടപടിയും സ്വീകരിക്കാൻ കായികമന്ത്രാലയം തയ്യാറായില്ല. ഇതേത്തുടർന്നാണ്‌ അവർ ജനുവരിയിൽ ജന്തർമന്തറിൽ ധർണയിരിക്കാൻ തയ്യാറായത്‌. പോഷ്‌ ആക്ട്‌ (പ്രവൃത്തിസ്ഥലത്തെ ലൈംഗികാതിക്രമം തടയുന്ന നിയമം) അനുസരിച്ച്‌ കുറ്റം ആരോപിക്കപ്പെട്ടയാളെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും ഉടൻ നീക്കംചെയ്യേണ്ടതാണ്‌. എന്നാൽ, അതുണ്ടായില്ല. സ്വാഭാവികമായും പ്രതിഷേധം കടുത്തു. ഈ ഘട്ടത്തിലാണ്‌ അന്വേഷണം നടത്തുന്നതിന്‌ ഒരു സമിതിയെ വയ്‌ക്കാൻ സർക്കാർ തയ്യാറായത്‌. ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാനാണ്‌ ആവശ്യപ്പെട്ടതെങ്കിലും മൂന്നു മാസത്തിനുശേഷം റിപ്പോർട്ട്‌ സമർപ്പിച്ചു. എന്നാൽ, പരാതിക്കാർക്കുപോലും ഈ റിപ്പോർട്ട്‌ നൽകാൻ അധികൃതർ തയ്യാറായില്ല. നടപടിക്രമങ്ങളിൽ ചില വൈകല്യം ഉണ്ടായതല്ലാതെ ലൈംഗികാതിക്രമമൊന്നും ഉണ്ടായിട്ടില്ലെന്നാണ്‌ കമ്മിറ്റി കണ്ടെത്തിയത്‌ എന്നാണ്‌ അധികൃതരുടെ ഭാഷ്യം. തീർത്തും ജനാധിപത്യവിരുദ്ധമായ നടപടിയാണ്‌ ഇത്‌. റിപ്പോർട്ടിന്റെ കോപ്പി പരാതിക്കാർക്ക്‌ നൽകാനുള്ള മാന്യതപോലും മോദിസർക്കാർ കാട്ടിയില്ല.

ഇതേത്തുടർന്നാണ്‌ ഗുസ്‌തി താരങ്ങൾ ഡൽഹി പൊലീസ്‌ സ്‌റ്റേഷനിൽ ബ്രിജ്‌ഭൂഷണെതിരെ രേഖാമൂലം പരാതി നൽകിയത്‌. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ്‌ ഒരുനടപടിയും കൈക്കൊള്ളാൻ തയ്യാറായില്ല. അവസാനം ഏഴ്‌ ഗുസ്‌തി താരങ്ങൾ പരമോന്നതകോടതിയെ സമീപിക്കുകയും ചീഫ്‌ ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ ഈ കേസ്‌ ഉടൻ പരിഗണിക്കുകയും ചെയ്‌തു. വിഷയം അതീവ ഗൗരവമുള്ളതാണെന്ന്‌ അഭിപ്രായപ്പെട്ട സുപ്രീംകോടതി ഡൽഹി പൊലീസിന്‌ നോട്ടീസ്‌ അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ രണ്ട്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ്‌ തയ്യാറായത്‌. കോടതി പറഞ്ഞാലേ ലൈംഗികാതിക്രമ കേസിൽപ്പോലും പൊലീസ്‌ നടപടി സ്വീകരിക്കൂ എന്നുവരുന്നത്‌ ജനാധിപത്യത്തിന്‌ ഒട്ടും ഭൂഷണമല്ല.

ലൈംഗികാതിക്രമക്കേസുകളിൽ നടപടിയെടുക്കാതിരിക്കുക എന്നത്‌ ബിജെപി സർക്കാരുകളുടെ പതിവുരീതിയാണ്‌. പുരുഷാധിപത്യ സമൂഹമെന്നത്‌ അവരുടെ പ്രത്യയശാസ്‌ത്ര ധാരണയുടെ ഭാഗമാണ്‌. ഹരിയാനയിലെ കായിക മന്ത്രി സന്ദീപ്‌ സിങ്ങിനെതിരെ ഒരു ജൂനിയർ വനിതാ കോച്ച്‌ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ മന്ത്രിയെ പുറത്താക്കാൻ തയ്യാറായില്ല. മറിച്ച്‌ കായിക ചുമതലയിൽനിന്ന്‌ അദ്ദേഹത്തെ ഒഴിവാക്കുക മാത്രമാണ്‌ ചെയ്‌തത്‌. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവിൽ പതിനേഴുകാരിയെ ബലാത്സംഗംചെയ്‌ത കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ്‌ സിങ് സെംഗറെ രക്ഷിക്കാനാണ്‌ യുപി സർക്കാരും പൊലീസും ശ്രമിച്ചത്‌. ഹൈക്കോടതിയുടെ ഇടപെടലിന്റെ ഫലമായി കേസ്‌ സിബിഐക്ക്‌ വിടുകയും അവസാനം സെംഗർ അറസ്റ്റുചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്‌തു. സമാനമായ രീതിയിലാണ്‌ ബ്രിജ്‌ഭൂഷൺ സിങ്ങിന്‌ എതിരെയുള്ള കേസും പോകുന്നത്‌. രാജ്യത്തെ കർഷകസമരത്തോട്‌ മോദി സർക്കാർ കൈക്കൊണ്ട ക്രിമിനൽ അവഗണന തന്നെയാണ്‌ ഗുസ്‌തി താരങ്ങളുടെ സമരത്തോടും സർക്കാർ സ്വീകരിക്കുന്നത്‌.

മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധതയുടെ മറ്റൊരു പ്രതീകമാണ്‌ ഇന്ന്‌ ജമ്മു -കശ്‌മീർ. 2018 മുതൽ ജമ്മു കശ്‌മീരിൽ നിയമസഭയില്ല. സംസ്ഥാനത്തെ വെട്ടിമുറിച്ച്‌ രണ്ട്‌ കേന്ദ്രഭരണപ്രദേശമായി തരംതാഴ്‌ത്തുകയും ചെയ്‌തു. എന്നാൽ, മണ്ഡലപുനർനിർണയവും പുതിയ വോട്ടർപ്പട്ടികയും സമാധാനാന്തരീക്ഷവും സംജാതമായാൽ തെരഞ്ഞെടുപ്പ്‌ നടത്തുമെന്നാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പറഞ്ഞിരുന്നത്‌. ഷാ പറഞ്ഞ സാഹചര്യമെല്ലാം രൂപപ്പെട്ടെന്ന്‌ കേന്ദ്ര സർക്കാരും ബിജെപിയും ആവർത്തിക്കുന്നെങ്കിലും തെരഞ്ഞെടുപ്പ്‌ നടത്താൻമാത്രം തയ്യാറാകുന്നില്ല. ബിജപിക്ക്‌ ജയിക്കാൻ പാകത്തിലാണ്‌ മണ്ഡല പുനർനിർണയം നടത്തിയത്‌. എങ്കിലും ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടത്തിയാൽ ഭരണത്തിൽ എത്താനാകില്ലെന്ന ബോധ്യം ഭരണപക്ഷത്തിനുണ്ട്‌. അതുകൊണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ വൈകിപ്പിക്കുന്നത്‌. ഇത് ജനങ്ങളുടെ അടിസ്ഥാന ഭരണഘടനാ അവകാശങ്ങളുടെയും ജനാധിപത്യ അവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയുണ്ടായി.

വനാവകാശ നിയമത്തിൽ വെള്ളംചേർത്ത്‌ കോർപറേറ്റുകൾക്ക്‌ വനഭൂമി പതിച്ചുനൽകുന്നതിനുള്ള ഹീനമായ ശ്രമത്തിനെതിരെയും രാജ്യത്തെ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്ന്‌ യോഗം വിലയിരുത്തി. പാർലമെന്റിലെ ബജറ്റ്‌ സമ്മേളനത്തിൽ ബഹളത്തിനിടെയാണ്‌ വനാവകാശ നിയമത്തിൽ ഭേദഗതി അവതരിപ്പിക്കപ്പെട്ടത്‌. വിവാദപരമായ ഈ ബിൽ വനം- പരിസ്ഥിതി മന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റിക്ക്‌ വിടാതെ ഇരുസഭയുടെയും സംയുക്തസമിതിക്ക്‌ വിട്ടതുതന്നെ പാർലമെന്ററി ചട്ടങ്ങളും നടപടിക്രമങ്ങളും ബുൾഡോസ്‌ ചെയ്‌തുകൊണ്ടാണ്‌. നവ ഉദാരവൽക്കരണനയത്തിന്റെ ഭാഗമായാണ്‌ ഈ ഭേദഗതി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇതനുസരിച്ച്‌ ഗ്രാമസഭകൾക്ക്‌ അവരുടെ പരിധിയിൽവരുന്ന പ്രോജക്ടുകൾക്ക്‌ അംഗീകാരം നൽകാനും നൽകാതിരിക്കാനുമുള്ള നിയമപരവും ഭരണഘടനാപരവുമായ സവിശേഷ അധികാരം ഇല്ലാതാകും. വനത്തിനുമേൽ സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരങ്ങളും പരിമിതമാകും. എല്ലാ അധികാരവും കേന്ദ്രത്തിലേക്ക്‌ എത്തിക്കുകയെന്ന ഫെഡറൽ വിരുദ്ധതയാണ്‌ ഈ നിയമ ഭേദഗതിയിലും പ്രതിഫലിക്കുന്നത്‌.

വികസനത്തിന്റെയും സാമ്പത്തിക ആവശ്യങ്ങളുടെയും പേരിൽ വൻകിട കോർപറേറ്റുകൾക്ക്‌ വനമേഖല പതിച്ചുനൽകാനുള്ള ഗൂഢനീക്കമാണ്‌ ഈ ഭേദഗതിക്ക്‌ പിന്നിലുള്ളത്‌. ഇത്‌ പരിസ്ഥിതി നാശത്തിനു മാത്രമല്ല, ആദിവാസികളുടെ നിത്യജീവിതത്തെയും ദോഷമായി ബാധിക്കും. 2008നും 2019നും ഇടയിൽ 2.53 ലക്ഷം ഹെക്ടർ വനഭൂമിയാണ്‌ വിവിധ പദ്ധതിക്കായി ക്രമംവിട്ട്‌ നൽകിയിട്ടുള്ളത്‌. ഇത്‌ നിയമപരമാക്കാനുള്ള ഉദ്ദേശ്യവും പുതിയ ഭേദഗതി നിയമത്തിനു പിന്നിലുണ്ട്‌. വനത്തിന്റെ സ്വകാര്യവൽക്കരണത്തിനാണ്‌ മോദി സർക്കാർ വഴിതുറന്നിടുന്നത്‌. അതിനാൽ ഈ ഭേദഗതികൾ പിൻവലിക്കണമെന്നാണ്‌ സിപിഐ എമ്മിന്റെ ആവശ്യം.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും യോഗത്തിൽ ചർച്ചാവിഷയമായി. മോദി ഭരണത്തിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമായതായും തൊഴിലില്ലായ്‌മ രൂക്ഷമായതായും യോഗം വിലയിരുത്തി. കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതികളിൽ പൊതുമുതൽ മുടക്കുന്നത് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ഇത്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വാങ്ങൽശേഷി കൂട്ടി സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുകയും ചെയ്യും. തൊഴിലില്ലായ്‌മാ നിരക്ക്‌ എട്ടു ശതമാനമെന്ന റെക്കോഡ്‌ തോതിലാണ്‌. തൊഴിലുറപ്പുപദ്ധതിയുടെ ബജറ്റ്‌ വിഹിതം കേന്ദ്രം മൂന്നിലൊന്നായി കുറയ്‌ക്കുകയും ചെയ്‌തു.

എല്ലാ അർഥത്തിലും ജനജീവിതം ദുസ്സഹമാക്കുന്ന മോദി സർക്കാരിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനുള്ള നല്ല അവസരമാണ്‌ അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്‌. ഈ ലക്ഷ്യം നേടാനാവശ്യമായ രാഷ്ട്രീയ നീക്കങ്ങൾ പ്രതിപക്ഷ പാർടികൾ ആരംഭിച്ചിട്ടുണ്ട്‌. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി ആന്വേഷണം ആവശ്യപ്പെട്ട്‌ 18 പാർടികൾ രംഗത്തുവന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെയും പ്രതിപക്ഷം രംഗത്തെത്തി. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ പാർടികൾ രംഗത്തിറങ്ങുന്നത്‌ പ്രതീക്ഷ ഉണർത്തുന്നതാണ്‌. ഇതോടൊപ്പം എല്ലാ പ്രതിപക്ഷ പാർടികളും ഒരുവേദിയിൽ അണിനിരക്കണം, ഒരു നേതാവിനെ ഉയർത്തിക്കാട്ടണം, എല്ലാ സീറ്റിലും ബിജെപിക്കെതിരെ ഒരു സ്ഥാനാർഥിയെമാത്രം നിർത്തണം തുടങ്ങി പല ചർച്ചയും ആരംഭിച്ചിട്ടുമുണ്ട്‌. ഏറെ വൈവിധ്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത്‌ ഈ നിർദേശങ്ങൾ എത്രമാത്രം പ്രായോഗികമായിരിക്കുമെന്ന ചർച്ചയും മറുവശത്ത്‌ നടക്കുന്നുണ്ട്‌.

യഥാർഥത്തിൽ വേണ്ടത്‌ രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതിപക്ഷ ഐക്യമാണ്‌. ജനാധിപത്യഹത്യ, ഭരണഘടനയെ അട്ടിമറിക്കൽ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, ഫെഡറലിസത്തിനെതിരായ ആക്രമണം, വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം, ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം, മതനിരപേക്ഷതയ്‌ക്കെതിരായ കടന്നാക്രമണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ട്‌ വിശാലഐക്യനിര ഉണ്ടാകണം. അദാനി, പുൽവാമ വിഷയങ്ങളിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യത്തെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിന്‌ കഴിയണം. മേൽപ്പറഞ്ഞ വിഷയങ്ങൾ ഉയർത്തി സംയുക്ത പ്രചാരണവും പ്രക്ഷോഭവും വളർത്തിയെടുക്കണം. എന്നാൽ, വ്യത്യസ്‌തമായ രാഷ്ട്രീയ സാഹചര്യത്തിൽ പല സംസ്ഥാനത്തും ഇതിനു കഴിയാത്ത സ്ഥിതിയുണ്ട്‌. അതിനാൽ ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്‌ പരമാവധി ബിജെപിവിരുദ്ധ വോട്ടുകൾ നേടാനാവശ്യമായ തെരഞ്ഞെടുപ്പുതന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ്‌ പ്രായോഗികമായ രാഷ്‌ട്രീയ സമീപനമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.