എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ വിഴിഞ്ഞം പദ്ധതി സ്വന്തം അക്കൗണ്ടിലാക്കാനാണ് യുഡിഎഫ് ശ്രമം. പദ്ധതിക്ക് തുടക്കംകുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് ഭരണകാലത്ത് കോർപറേറ്റ് കച്ചവടത്തിനാണ് ശ്രമിച്ചത്. പ്രകടനപത്രികയിലുള്ള പദ്ധതികളെല്ലാം യാഥാർഥ്യമാക്കുകയാണ് എൽഡിഎഫ് സർക്കാർ. അതിലൊന്നാണ് വിഴിഞ്ഞം. വി എസ് സർക്കാരിന്റെ കാലത്ത് പദ്ധതിക്കായി 120 ഏക്കർ ഭൂമി ഏറ്റെടുത്തുനൽകി. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ പദ്ധതി പൂർണമായും അദാനിക്ക് അടിയറവച്ചു. പിണറായി സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയപ്പോൾ, അവകാശവാദമുയർത്തുകയാണ് യുഡിഎഫ്. ഒരുഘട്ടത്തിൽ, പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരസ്യമായി ആവശ്യപ്പെട്ടതാണ്. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ യുഡിഎഫ് നിലപാട് എല്ലാക്കാലത്തും അവസരവാദപരമായിരുന്നു.