ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്. പുന്നപ്ര-വയലാറിനെ കുരുതിക്കളമാക്കിയ സർ സി പി ഇനിയൊരു നൂറ് വർഷത്തേക്ക് ഈ മണ്ണിൽ കമ്മ്യൂണിസ്റ്റുകാരുണ്ടാവില്ല എന്ന പ്രഖ്യാപനമാണ് നടത്തിയത്. തൊട്ടടുത്ത വർഷം സർ സി പിക്ക് കേരള മണ്ണ് വിട്ട് പലായനം നടത്തേണ്ടി വന്നു. അമിതാധികാരത്തിന്റെ അഹന്തയിൽ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏകാധിപതികൾക്ക് കാലം കാത്തുവെക്കുന്ന മറുപടി ഇങ്ങനെയൊക്കെയാണെന്ന് കൂടി പുന്നപ്ര-വയലാർ ഓർമ്മപ്പെടുത്തുന്നു. എല്ലാ മർദ്ദക ശക്തികൾക്കുമെതിരെ എക്കാലത്തേക്കും തുടരുന്ന പോരാട്ടങ്ങൾക്ക് പുന്നപ്ര-വയലാറിലെ രണധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾ വഴികാണിക്കും.