കാലാവധി പൂർത്തിയാവാൻ ആയതോടെ എങ്ങനെ സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റിൽ കടന്നുവരാമെന്നാണ് ഗവർണർ ആലോചിക്കുന്നത്. ഭീഷണി മുഴക്കി, അടിമുടി പ്രകോപനമുണ്ടാക്കുന്നതാണ് ഗവർണറുടെ നടപടി. ഗവർണറായി ഇരുന്നു കൊണ്ട് സംസ്ഥാന സർക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകൾ പദവിയ്ക്ക് ചേർന്ന പ്രവൃത്തിയാണോ എന്ന് സ്വയം വിലയിരുത്തണം.
സംഘപരിവാർ വേദികളിലാണ് ഗവർണർ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സർവകലാശാലകളിൽ സർക്കാർ രാഷ്ട്രീയമായി ഇടപെടുന്നു എന്നു പറയുന്നു. ആരാണ് ഇടപെടുന്നത് എന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. സംഘപരിവാറുമായുള്ള അടുത്ത ബന്ധം വെച്ച് അവരുടെ അജണ്ടകൾ ഔപചാരികമായി നടത്തുന്ന നിലപാടാണ് ഗവർണർക്കുള്ളത്. സെനറ്റിലേക്ക് ഗവർണർ നടത്തിയ നാല് നോമിനേഷനുകൾ മാത്രമല്ല എല്ലാ നിർദ്ദേശങ്ങളും സ്റ്റേ ചെയ്യേണ്ടതാണ്.