കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുവൈത്തിലെ മലയാളികളുടെ ക്ഷേമത്തിനായി നടപടികൾ കൈക്കൊണ്ട ഭരണാധികാരിയെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. കുവൈത്ത് ജനതയ്ക്ക് എന്ന പോലെ കേരളത്തിനും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. ഗൾഫ് ബന്ധം ശക്തിപ്പെടുത്തുന്നതിനും അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിലും ലോകത്താകെയും സുരക്ഷയും സമാധാനവും നിലനിർത്താൻ അദ്ദേഹം മുൻകയ്യെടുത്ത് പ്രവർത്തിച്ചിരുന്നു.
ഗവർണർ, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, സാമൂഹ്യ കാര്യ, തൊഴിൽ മന്ത്രി എന്നീ നിലകളിലും ഉപപ്രധാന മന്ത്രി, കിരീടാവകാശി, അമീർ എന്ന നിലയിലുമെല്ലാം കുവൈത്തിന്റെ പുരോഗതിയിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. അര നൂറ്റാണ്ടിന്റെ ഭരണ പരിചയവുമായി അമീർ പദവിയിലെത്തിയ അദ്ദേഹം കുവൈറ്റിലെ മലയാളികളുടെ കഴിവുകൾ കാര്യക്ഷമമായി ഉപയോഗപെടുത്തുന്നതിലും ശ്രദ്ധ പുലർത്തി.
വിവേകശാലിയായ ഭരണാധികാരിയെയും കേരളത്തിന്റെ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുവൈത്ത് ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.