ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു. തൃശൂരിൽവന്ന് സ്‌ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ‘ഗ്യാരന്റി’ നൽകുകയും ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് മോദിയെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന വിധി വന്നത്. ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് വിധി.
നിയമസംവിധാനത്തെ വെല്ലുവിളിച്ചാണ് സംഘപരിവാറുകാരായ കൊലയാളികളുടെ ശിക്ഷയിൽ ഗുജറാത്ത് സർക്കാർ ഇളവ് നൽകിയത്. കേന്ദ്ര സർക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നെന്ന് ഗുജറാത്ത് സർക്കാർതന്നെ കോടതിയിൽ പറഞ്ഞു. ഗുജറാത്ത് സർക്കാരിന് കുറ്റവാളികളെ വെറുതെവിടാനുള്ള യോഗ്യതയില്ലെന്നാണ് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. കോടതിയെ കബളിപ്പിക്കൽ അടക്കം കുറ്റവാളികളെ രക്ഷിക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാർ നടത്തിയ തട്ടിപ്പുകളെല്ലാം വിധിയിൽ അക്കമിട്ട് പറഞ്ഞിട്ടുണ്ട്.
വർഗീയകലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി സമൂഹത്തിൽ അശാന്തി പടർത്തുകയും ഭീതിയുടെ അന്തരീക്ഷം നിലനിർത്തുകയുമാണ് ബിജെപിയുടെ ശൈലി. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുന്ന സംഘപരിവാർ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് വിധി. ഇത് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കും.