കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല. സമരം ചെയ്ത ശേഷം നടപടി വരുമ്പോൾ അത് നേരിടാൻ കോൺഗ്രസുകാർക്ക് ആർജ്ജവം വേണം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല. കേസ് അതിന്റെതായ രീതിയിൽ മുന്നോട്ട് പോകും. അക്രമത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. പദവിക്ക് അനുസരിച്ചല്ല പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നത്.
വിചാരണ സദസ് നടത്തുമെന്ന് പറഞ്ഞു. എവിടെ നടത്തിയെന്ന് കോൺഗ്രസ് പറയണം. കോൺഗ്രസിന് ആളെക്കൂട്ടി സമരം നടത്താൻ പറ്റില്ല. സംഘപരിവാറിൻ്റെ വർഗ്ഗീയ രാഷ്ട്രീയ അജണ്ട വെച്ചുള്ള രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസ് എങ്ങനെ പങ്കെടുക്കും. ഇന്ത്യ മുന്നണിയെ നയിക്കുന്ന തങ്ങളാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ജനങ്ങൾ ഇക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വർഗ്ഗീയതക്കെതിരെ മൃദു ഹിന്ദുത്വ നിലപാട് വെച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസിലാക്കണം.