Skip to main content

ജനഹൃദയങ്ങളിലെ അഴീക്കോടൻ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ അമരക്കാരനായിരുന്ന സ. അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഭാര്യ മീനാക്ഷി ടീച്ചറും കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞു. സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 49 വർഷം പിന്നിടുകയാണ്. സംസ്ഥാന ചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യക്കായിരുന്നു അന്ന് തൃശൂർ സാക്ഷ്യംവഹിച്ചത്. ആ ക്രൂര കൊലപാതകത്തിൽ നാടാകെ നടുങ്ങി. ഒരു രാഷ്ട്രീയ സംഘർഷത്തിന്റെയും ഭാഗമായിട്ടായിരുന്നില്ല ആ സംഭവം. പാർടി പരിപാടിയിൽ പങ്കെടുക്കാനായി തൃശൂരിൽ എത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു അത്.

വലതുപക്ഷ ശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്നു നടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിനുണ്ടായിരുന്നു. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു തൃശൂരിനെ ചോരക്കളമാക്കിയ കിരാതകൃത്യം നടന്നത്. ആ സമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു സഖാവ്. മാതൃകാപരമായ പൊതുജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം. രക്തസാക്ഷിയാകുമ്പോൾ സ്വന്തം വീടില്ലാതെ വാടകവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്.

വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിനടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി.

തുടർന്ന്, പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു. സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് മുതൽക്കൂട്ടായിരുന്നു. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശ്ശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിലടയ്ക്കപ്പെട്ടു. 1948ൽ അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 വർഷങ്ങളിലും ജയിൽവാസം ഏറ്റുവാങ്ങി.

കമ്മ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്സിസ്റ്റ് നിലപാടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രായോഗികപ്രവർത്തനങ്ങളിലൂടെ ആർജിച്ച വിജ്ഞാനത്തിന്റെ അളവിനെക്കൂടിയാണ്‌ അത് കാണിക്കുന്നത്. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും അദ്ദേഹം നയിച്ചു. ജീവിതത്തിന്റെ വിവിധതുറയിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പടർന്നുപന്തലിച്ച സഹകരണമേഖലയിലും അതുകാണാം. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിലൊന്നായ കണ്ണൂർ കോ-ഓപ്പറേറ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും കമ്മ്യൂണിസ്റ്റ് പ്രതിബദ്ധതയോടെ അഴീക്കോടൻ ഇടപെട്ടിരുന്നു.

തൊഴിലാളിവർഗ പാർടിക്ക് സ്വന്തമായുണ്ടാകേണ്ടുന്ന മാധ്യമത്തിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയ നേതാവായിരുന്നു അഴീക്കോടൻ. അദ്ദേഹം 1969ൽ ദേശാഭിമാനി പ്രിന്റിങ്‌ ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിന് നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു.

സഖാവിന്റെ രക്തസാക്ഷിത്വദിനത്തിലാണ് സ്ഥിരംവരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണപ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം. സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കൺവീനറായിരുന്ന പക്വമതിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി.

അഴീക്കോടനെപ്പോലെയുള്ള സഖാക്കൾ സ്വപ്നംകണ്ട പാതയിലൂടെ സഞ്ചരിച്ചാണ് ഇന്ന് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രണ്ടാം തവണയും ഭരണത്തിലേറിയത്. ജനങ്ങളുടെ വിഷമതകൾ കണ്ടറിഞ്ഞ് പരിഹരിക്കുന്ന പിണറായി വിജയൻ സർക്കാരിന് ജനപിന്തുണ അനുദിനം ഏറിവരികയാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കർമപദ്ധതികളും പൂർത്തിയായി. വികസനരംഗത്ത് വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തുടർപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ് സർക്കാർ. സമൂഹത്തിൽ അവശത അനുഭവിക്കുന്ന എല്ലാവരെയും, പ്രശ്നങ്ങൾ പരിഹരിച്ച് കൈപിടിച്ച് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. നാം എല്ലാ രംഗത്തും കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി നേരിടുകയാണ്. വാക്സിൻ വിതരണമടക്കം കോവിഡ് പ്രതിരോധത്തിനായി വൻ തുകതന്നെ ചെലവഴിക്കേണ്ടിവരുന്നു. ഏറ്റവും മികച്ച പ്രതിരോധ സംവിധാനമൊരുക്കിയാണ് കോവിഡിനെ നേരിടുന്നത്. 90 ശതമാനംപേർക്കും പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് നൽകാനായി. അതിനിടയിൽ മൂന്നാം തവണയും നിപാ ഭീഷണി ഉയർന്നെങ്കിലും തുടക്കത്തിൽത്തന്നെ തടയാൻ കഴിഞ്ഞു. രോഗവ്യാപനം യുദ്ധകാലാടിസ്ഥാനത്തിൽ പിടിച്ചുനിർത്താനായി. പ്രതിസന്ധികൾക്കിടയിലും സാധാരണ ജനങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള എല്ലാ സജ്ജീകരണവും സർക്കാർ ഒരുക്കുന്നുണ്ട്.

എന്നാൽ, കേന്ദ്ര സർക്കാരാകട്ടെ കോർപറേറ്റുകളുടെ ക്ഷേമത്തിനുവേണ്ടിയാണ് ഭരണം നടത്തുന്നത്. സാധാരണ ജനങ്ങളെ പിഴിഞ്ഞാണ് കോർപറേറ്റ് സേവ നടത്താൻ പണം കണ്ടെത്തുന്നത്. പലവിധ തന്ത്രം പറഞ്ഞ് കോവിഡ് മഹാമാരിയുടെ മറപറ്റി രാജ്യത്തിന്റെ മുഴുവൻ സമ്പത്തും വിറ്റുതുലയ്ക്കുകയാണ് കേന്ദ്രം. കടലും ആകാശവും മണ്ണുമെല്ലാം വൻകിട കമ്പനികൾ കൈയടക്കി. രാജ്യത്തെ അന്നമൂട്ടുന്ന നവരത്ന കമ്പനികളടക്കം വിൽക്കാനിട്ടിരിക്കുകയാണ്. റോഡും വിമാനത്താവളവും റെയിൽവേ സ്റ്റേഷനും അടക്കമുള്ള ആസ്തികൾ വിൽക്കുകയാണ്. രാജ്യം അത്യന്തം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പ്രതിരോധമൊരുക്കേണ്ടതിനു പകരം ബിജെപിക്കു മുന്നിൽ പകച്ചുനിൽക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിലെ പ്രമുഖ നേതാക്കളെ ബിജെപി പണച്ചാക്ക്‌ നീട്ടി തട്ടിയെടുത്തു. ഇനിയും ചാടാൻ തയ്യാറായി നിൽക്കുന്ന നേതാക്കളുണ്ട്. ബിജെപിക്ക്‌ ബദലൊരുക്കാൻ ഇടതു പക്ഷത്തിനു മാത്രമേ കഴിയൂ. ത്രിപുരയിൽ കടുത്ത അതിക്രമങ്ങൾ നേരിട്ടാണ് സിപിഐ എമ്മും ഇടതുപക്ഷവും ബിജെപിയെ പ്രതിരോധിക്കുന്നത്. കോൺഗ്രസാകട്ടെ ദേശീയ തലത്തിൽ വീണ്ടും വീണ്ടും ദുർബലമാകുന്നു. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച തമ്മിലടിയും ഏറ്റുമുട്ടലും അവസാനിച്ചിട്ടില്ല. കോൺഗ്രസിൽനിന്ന്‌ പ്രമുഖ നേതാക്കളടക്കം സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇടതുപക്ഷം മാത്രമാണ് ഭാവിയുടെ പ്രതീക്ഷയെന്ന് തിരിച്ചറിഞ്ഞാണ് അവർ വരുന്നത്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ രക്ഷയ്ക്കായി ഇടതുപക്ഷ നേതൃഭരണത്തിനുംവേണ്ടി തുടിച്ച ഹൃദയത്തിനുടമയായിരുന്നു അഴീക്കോടൻ രാഘവൻ. സഖാവിന്റെ ആ ജീവിതസ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പോരാട്ടം കൂടുതൽ ശക്തമാക്കാനാണ് ഈ രക്തസാക്ഷിത്വദിനം നമ്മെ ജാഗ്രതപ്പെടുത്തുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം

സ. ടി പി രാമകൃഷ്ണൻ

വയനാട്‌ ദുരന്തത്തില്‍ കേരളത്തിന്‌ അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.

വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫ് ഡിസംബർ 05 ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫ് ഡിസംബർ 05 ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവും നടത്തും.

തനിച്ച് ഭൂരിപക്ഷം നൽകാതെ ബിജെപിയെ തളച്ച ഇന്ത്യ കൂട്ടായ്‌മയുടെ മുന്നിൽ തുറന്നിട്ട സാധ്യതയുടെ വാതിലാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തോൽവിയോടെ പാതി അടഞ്ഞത്, അതിന് പ്രധാന ഉത്തരവാദി കോൺഗ്രസാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആത്മവിശ്വാസവും മുന്നേറാനുള്ള കരുത്തും നൽകുന്നതാണ്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമായിരുന്നു.

സിപിഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന പൊതുസമ്മേളനം സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

സിപിഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.