Skip to main content

പൊതുസമൂഹം ഗവർണറുടെ നിലവിട്ട നീക്കങ്ങളെയും വിഡ്ഢിവേഷം കെട്ടലിനെയും അവജ്ഞയോടെയും വെറുപ്പോടെയുമാണ് വീക്ഷിക്കുന്നത്

ഭരണഘടനാപരമായി സംസ്ഥാന ഭരണത്തിന്റെ തലവൻ ഗവർണറാണ്. ആ പദവിക്കനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുമെന്നാണ് പൗരസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളത്തിലെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് അതിനു കഴിയുന്നില്ല എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും വ്യക്തമാക്കുന്നു. കേവലം കഴിയാത്തതല്ല മറിച്ച് ബോധപൂർവം നിലവിട്ട് പെരുമാറുകയാണ്. കേരളം പൊതുവിൽ സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടുകൾക്ക് തുരങ്കം വയ്ക്കുക, കേരളത്തിനെതിരെ ശത്രുതയോടെ വിദ്വേഷ പ്രചാരണം നടത്തുക തുടങ്ങി ആർഎസ്എസും സംഘപരിവാറും നടത്തുന്ന ചെയ്തികൾ തന്നെയാണ് സംസ്ഥാനത്തിന്റെ പ്രഥമ പൗരൻ എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗവർണറും നിർവഹിക്കുന്നത്.

ജനുവരി 27 ന് കൊല്ലം നിലമേലിൽ ഗവർണർ നടത്തിയ കുത്തിയിരിപ്പ്‌ സമരത്തെക്കുറിച്ചു തന്നെയാണ് ഇവിടെ പരാമർശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ, പ്രത്യേകിച്ചും സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ നടത്തുന്ന നീക്കത്തിനെതിരെ കേരളത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളത് കാവിവൽക്കരണം ദോഷകരമായി ബാധിക്കുന്ന വിദ്യാർഥികളാണ്. കേരള, കലിക്കറ്റ് സെനറ്റിലേക്ക് വൈസ് ചാൻസലർ നൽകിയ ലിസ്റ്റിന് പുറത്തുള്ള ആർഎസ്എസ്, ബിജെപിക്കാരെ ഒരു മാനദണ്ഡവും പാലിക്കാതെ ഗവർണർ കുത്തിനിറച്ചപ്പോഴാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നത്. അവർ ഗവർണർക്കെതിരെ കരിങ്കൊടി വീശുകയും കറുത്ത ബാനറുകൾ ഉയർത്തുകയും ചെയ്തു.

ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യസമൂഹത്തിൽ സ്വാഭാവികമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കുമെതിരെ എത്രയോ പ്രതിഷേധങ്ങൾ ഈ നാട്ടിൽ ഉയർന്നിട്ടുണ്ട്. അപ്പോഴെല്ലാം നിയമപരമായ നടപടികൾ സ്വീകരിച്ചു പോകുന്ന പതിവാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കലും പ്രതിഷേധക്കാരെ ശാരീരികമായി നേരിടാൻ വെല്ലുവിളിച്ച് മന്ത്രിമാരോ ഉയർന്ന ഉദ്യോഗസ്ഥരോ നീങ്ങിയിട്ടില്ല. കേരളത്തിലെന്നല്ല രാജ്യത്ത് ഒരിടത്തും അത്തരത്തിലുള്ള വാർത്തകൾ അടുത്ത കാലത്തൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ താനാണ് കേരളം ഭരിക്കുന്നത് എന്നും അതിനാൽ ആരും പ്രതിഷേധിക്കരുതെന്നുമുള്ള വാശിയോടെ പെരുമാറുന്ന ഗവർണറെയാണ് കേരളം കാണുന്നത്. ജനാധിപത്യപരവും സമാധാനപരവുമായ പ്രക്ഷോഭങ്ങളോടുള്ള അസഹിഷ്ണുതയാണ് ആരിഫ് മൊഹമ്മദ് ഖാന്റെ മുഖമുദ്ര. ഇക്കാര്യത്തിൽ മോദി സർക്കാരിനോട് മത്സരിക്കുകയാണ് ഗവർണർ. ഇതിനാലാണ് കലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ വിദ്യാർഥികൾ പ്രതിഷേധ ബാനറുകൾ ഉയർത്തിയപ്പോൾ അതഴിപ്പിക്കാൻ ഗവർണർ നേരിട്ട് രംഗത്തിറങ്ങിയത്. ഡിസംബർ 10 ന് തിരുവനന്തപുരത്ത് ഗവർണറുടെ വാഹനവ്യൂഹത്തിനുനേരെ എസ്എഫ്ഐ വിദ്യാർഥികൾ കരിങ്കൊടി ഉയർത്തിയപ്പോൾ ഗവർണർ വാഹനത്തിൽനിന്ന്‌ ഇറങ്ങി അവരെ നേരിടുന്ന സ്ഥിതിയുണ്ടായി. പിന്നീട് കോഴിക്കോട് മിഠായിത്തെരുവിലൂടെ സഞ്ചരിച്ച് ജനങ്ങൾക്ക് തന്നോട് പ്രതിഷേധമില്ലെന്ന് കാണിക്കാനുള്ള പരിഹാസ്യമായ ശ്രമത്തിനും ഗവർണർ തയ്യാറായി. ഇപ്പോഴിതാ നിലമേലിൽ കരിങ്കൊടിയും ബാനറും ഉയർത്തിയ വിദ്യാർഥികളെ തെമ്മാടിക്കൂട്ടമെന്നും മുഖ്യമന്ത്രിയുടെ കൂലിവേലക്കാരെന്നും വിളിച്ച് അവർക്കുനേരെ പാഞ്ഞടുത്തു. തുടർന്ന് റോഡിൽ കുത്തിയിരുന്ന ഗവർണർ കുട്ടികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ എഫ്ഐആർ വേണമെന്ന് ശഠിക്കുകയും അത് കിട്ടിയതിനുശേഷം മാത്രം എഴുന്നേറ്റു പോകുകയും ചെയ്തു. മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ ഗവർണറുടെ നടപടി സുരക്ഷാ നടപടികൾക്കും നിയമവ്യവസ്ഥയ്‌ക്കും വിരുദ്ധമാണ്. പ്രോട്ടോകോൾ ലംഘനം നടത്തി ബോധപൂർവം ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുകയാണ് ഗവർണർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയകരുനീക്കങ്ങളാണ് ഇതൊക്കെ.

വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തെപ്പോലും സഹിഷ്ണുതയോടെ കാണാൻ കഴിയാത്ത, അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പ്രതീകമായി ഗവർണർ മാറുകയാണ്. ഇവിടെ രാജവാഴ്ചയല്ല; ജനാധിപത്യ ഭരണമാണ് ഉള്ളതെന്ന് ഉൾക്കൊള്ളാൻ ഇനിയെങ്കിലും ഗവർണർ തയ്യാറാകണം. മോദിയുടെ രാമരാജ്യം പഴയ രാജവാഴ്ചയിലേക്കുള്ള തിരിച്ചു പോക്കാണ് എന്ന് ഗവർണർ ധരിച്ചുവശായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നേരത്തേ ധനമന്ത്രിയിലുള്ള തൃപ്തി പിൻവലിച്ചതായി ഗവർണർ പറഞ്ഞിരുന്നു. ഇതനുസരിച്ച് മന്ത്രിക്കെതിരെ നടപടി കൈക്കൊള്ളാനും ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. ഇവിടെ ജനാധിപത്യ ഭരണമാണ് നിലവിലുള്ളതെന്ന് ഗവർണറെ ഓർമപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ നിർദേശം മുഖ്യമന്ത്രി തള്ളി. എന്നിട്ടും കാര്യങ്ങൾ വേണ്ടവിധം ഗവർണർക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. അതിനാലാണ് നിലമേലിലെ കുത്തിയിരിപ്പ് പ്രഹസനത്തിന് അദ്ദേഹം തയ്യാറായത്.

പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുത മാത്രമല്ല തന്റെ അതിരുവിട്ട നടപടികൾക്ക് ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ പച്ചക്കള്ളം പറയാനും ഗവർണർ തയ്യാറായി. എസ്എഫ്ഐ പ്രവർത്തകർ താൻ സഞ്ചരിച്ച വാഹനത്തിൽ അടിച്ചെന്നും ആക്രമിച്ചുവെന്നുമുള്ള ഗവർണറുടെ അവകാശവാദങ്ങൾ കളവാണെന്ന് സംഭവസ്ഥലത്തുനിന്നുള്ള ചാനൽദൃശ്യങ്ങൾ വ്യക്തമാക്കി. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് വരുത്തിത്തീർക്കാനാണ് ഗവർണർ ഈ പച്ചക്കള്ളം പറഞ്ഞത്. ഗവർണർക്ക് സുരക്ഷപോലും ഇല്ലാതെ മിഠായിത്തെരുവിൽ സഞ്ചരിക്കാനായതും നിലമേലിൽ കുത്തിയിരിക്കാനായതും കേരളത്തിലെ ക്രമസമാധാനനില മറ്റേതൊരു സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ടതായതിനാലാണ്. കരിങ്കൊടിയുമായിരുന്ന വിദ്യാർഥികളെക്കണ്ട് കാറിൽനിന്ന്‌ ചാടിയിറങ്ങി അവർക്കുനേരേ പാഞ്ഞുചെന്ന ഗവർണർക്ക് വലിയ സുരക്ഷാ ഭീഷണി ഉള്ളതായി അദ്ദേഹത്തിനുതന്നെ തോന്നിയിട്ടില്ലെന്ന് സ്പഷ്ടമാണ്’ എന്ന് മാധ്യമം ദിനപത്രം മുഖപ്രസംഗത്തിൽ കുറിച്ചു. ഇതിൽനിന്നും നിലമേലിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാണ്. എന്നിട്ടും കേരളത്തിന് ഒരു ബ്ലാക്ക് മാർക്ക് നൽകാനാണ് ഗവർണറുടെ സുരക്ഷ സിആർപിഎഫിന് നൽകിയത്. നിലവിൽ കേരള പൊലീസ് ഒരുക്കുന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉപേക്ഷിച്ചാണ് സിആർപിഎഫിന്റെ സുരക്ഷാവലയത്തിലേക്ക് ഗവർണർ പോകുന്നത്. ഇത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവും സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തലുമാണ്. ബിജെപിയുടെ മുഖപത്രമായ "ജന്മഭൂമി’ യുടെ ഭാഷയിൽ സിആർപിഎഫ് ഗവർണറുടെ സുരക്ഷാച്ചുമതല ഏറ്റെടുക്കുന്നതോടെ "ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം ലഭിക്കുമെന്നതാണ്’ ഈ തെരുവ് നാടകത്തിന്റെ പ്രധാന ഉപലബ്ധി. കേരളത്തെ എങ്ങനെയും മോശമായി ചിത്രീകരിക്കുക മാത്രമാണ് ഗവർണറുടെ ലക്ഷ്യം. നയ പ്രഖ്യാപന പ്രസംഗം വായിക്കുക എന്ന ഭരണഘടനാ കടമ നിർവഹിക്കാൻ സമയമില്ലാത്ത (1.18 മിനിറ്റാണ് വായിക്കാനെടുത്തത്) ഗവർണറാണ് കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പിക്കാൻ രണ്ടു മണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തിയത്.

എല്ലാ അർഥത്തിലും കേരളത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണറെ രണ്ട് സഖ്യങ്ങളാണ് ഇവിടെ പിന്തുണയ്‌ക്കുന്നത്. അതിലൊന്ന് ബിജെപിയാണ്. അത് സ്വാഭാവികമാണുതാനും. ബിജെപിയുടെ കണ്ണിലെ കരടാണ്, മോദി സർക്കാരിന്റെ ജനവിരുദ്ധ - കോർപറേറ്റ് നയങ്ങൾക്കെതിരെ ബദൽ ഉയർത്തുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. എന്നാൽ ബിജെപിയുടെ അതേ സമീപനം തന്നെ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും സ്വീകരിക്കുകയാണ്. ദേശീയമായി ബിജെപി യെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്നവർ കേരളത്തിൽ അവരുമായി കൈകോർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഗവർണറുടെ എല്ലാ ചെയ്തികളെയും ധനകാര്യ മേഖലയിൽ കേരളത്തെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങളെയും ഒരു മറയുമില്ലാതെ കോൺഗ്രസ് പിന്തുണയ്‌ക്കുന്നത്. തെരുവുഗുണ്ടയെപ്പോലെ കാറിൽനിന്ന്‌ ഇറങ്ങി വിദ്യാർഥികളോട്‌ "ആവോ ആവോ’ എന്നലറി ഏറ്റുമുട്ടലിനു ക്ഷണിച്ച ഗവർണറെയല്ല; സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെയാണ് അക്രമികളായി യുഡിഎഫ് ചിത്രീകരിക്കുന്നത്. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടിയ മധ്യ പ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും തോറ്റതിന്റെ പ്രധാനകാരണവും ബിജെപിയോടുള്ള ഈ മൃദുസമീപനമാണ്. കേരളത്തിൽ കോൺഗ്രസ് തുടരുന്ന ഈ മൃദുസമീപനവും ബിജെപിയെ വളർത്തുന്നതിനും കോൺഗ്രസിനെ തളർത്തുന്നതിനുമാണ് സഹായിക്കുക. ഇനിയെങ്കിലും അവർ ഇത് തിരിച്ചറിയണം.

സർവകലാശാലയെ കാവിവൽക്കരിക്കുന്നതുൾപ്പെടെയുള്ള ഭൂരിപക്ഷം വിഷയങ്ങളിലും ഗവർണറെ പിന്തുണച്ച മുഖ്യധാരാ മാധ്യമങ്ങൾ "ഭരണഘടനാദത്തമായ സ്ഥാനം മറന്ന് പ്രവർത്തിക്കാതിരിക്കാനുള്ള പക്വത ഗവർണർ ' കാണിക്കണമെന്ന് നിലമേൽ വിഷയത്തിൽ മുഖപ്രസംഗം എഴുതേണ്ടി വന്നു. "ഗവർണറുടെ പ്രവർത്തനങ്ങൾ വെറും ക്ഷോഭ പ്രകടനങ്ങൾ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ തനി ബാലിശമായവ മുതൽ രാഷ്ട്രീയ ഗൂഢോദ്ദേശ്യം വരെയുണ്ടെന്നും ' മറ്റൊരു ദിനപത്രത്തിന് മുഖപ്രസംഗത്തിൽ എഴുതേണ്ടി വന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് പൊതുസമൂഹം ഗവർണറുടെ നിലവിട്ട നീക്കങ്ങളെ, വിഡ്ഢിവേഷം കെട്ടലിനെ അവജ്ഞയോടെയും വെറുപ്പോടെയുമാണ് വീക്ഷിക്കുന്നത് എന്നാണ്. കോൺഗ്രസ് ഇതു തിരിച്ചറിഞ്ഞാൽ അവർക്കു നല്ലത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.