Skip to main content

ഇന്ത്യ കണ്ട അതുല്യ വിപ്ലവകാരിയുടെ ഓർമകൾക്കുമുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന നേതാവ് സഖാവ് എകെജി നമ്മെ വിട്ട് പിരിഞ്ഞിട്ട് 47 വര്ഷമാവുകയാണ്. എ കെ ജി വിട പറഞ്ഞിട്ട് നാലരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമകൾ ഇന്നും ജ്വലിക്കുന്ന വിപ്ലവചൈതന്യമാണ്. ബ്രിട്ടന്റെ കോളനി ഭരണത്തിൽ നിന്നും ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വ്യത്യസ്ത സ്വഭാവത്തിലെ പ്രത്യയശാസ്ത്ര– -സമരധാരകളുടെ പ്രഭാവത്താലാണ്. അതിൽ ധീരമായ ഒരു പങ്കുവഹിച്ച ഇടതുപക്ഷ-കമ്യൂണിസ്റ്റ് ധാരയ്ക്ക് നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനാണ് എ കെ ജി. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെയും നാട്ടുകാരെയും ലക്ഷ്യബോധത്തോടെ മുന്നോട്ടുനയിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാൻ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും അവസാനിപ്പിച്ച് ജനങ്ങളെ യോജിപ്പിക്കണം എന്നതായിരുന്നു എ കെ ജി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ച ആശയം. അതിനുവേണ്ടി ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ എല്ലാവിഭാഗം ജനങ്ങൾക്കും പ്രവേശനത്തിനും വഴിനടക്കലിനും സ്വാതന്ത്ര്യത്തിനുമായി പടപൊരുതി. ഗുരുവായൂർ സത്യഗ്രഹത്തിൽ കഠിനമായ മർദനമേൽക്കേണ്ടിവന്നു. പിന്നീട് ആ സമരം വിജയംകണ്ടു. 1932ൽ ഗുരുവായൂർ സത്യഗ്രഹം കഴിഞ്ഞ് പയ്യന്നൂരിൽ എത്തിയ എ കെ ജി അവിടെ കൊടികുത്തിവാണ അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ പൊരുതി. കേരളീയനും ഒപ്പമുണ്ടായിരുന്നു. എ കെ ജിയെയും കേരളീയനെയും ബോധംകെടുവോളം അടിച്ചുവീഴ്ത്തി. എ കെ ജിയുടെ മരണമൊഴിപോലും മജിസ്ട്രേട്ട്‌ രേഖപ്പെടുത്തി.

ബ്രിട്ടീഷ് ഭരണത്തിലും പിൽക്കാലത്തെ ജനവിരുദ്ധ കേന്ദ്ര സർക്കാർ ഭരണങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയസമരങ്ങളിൽ എ കെ ജി നിർണായക പങ്കുവഹിച്ചു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ സമരനായകൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഇരുട്ടുമുറിയിൽ ഏകനായിരുന്നു. ദീർഘകാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ആൾ ആദ്യത്തെ സ്വാതന്ത്ര്യദിനം ജയിലിലാണ് ആഘോഷിച്ചത്. ദേശീയപതാകയേന്തി ജയിൽ വളപ്പിൽ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയിൽ കെട്ടിടത്തിന്റെ മുകളിൽ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് തടവറയിൽ അടച്ചത്. ജയിൽവാസം 17 വർഷം നീണ്ടതാണ്. ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എ കെ ഗോപാലൻ വേഴ്‌സസ്‌ സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്. 1950ൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ ഈ വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച ആദ്യത്തെ വിധിന്യായമാണ്. ഭരണഘടനാ മൂല്യങ്ങളെ പിച്ചിച്ചീന്തി മോദി ഭരണം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ തേർവാഴ്ച നടത്തുമ്പോൾ ഭരണഘടന സംരക്ഷിക്കാൻ എ കെ ജി സുപ്രീംകോടതി ഉൾപ്പെടെയുള്ള കോടതികളിലും കോടതികൾക്കു പുറത്തും നടത്തിയ സമരം പ്രസക്തമാണ്. കേരളത്തിനു മേൽ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനും ഫെഡറലിസത്തെ തകർക്കുന്ന ഇടപെടലുകൾക്കും എതിരായുള്ള കേരളത്തിന്റെ നിയമപോരാട്ടം സുപ്രീംകോടതിയിൽ തുടരുകയാണ്. എന്നാൽ ഈ വിഷയത്തിലും കോൺഗ്രസ് ബിജെപിയുടെ അതെ നിലപാടാണ് സ്വീകരിച്ചത്. ബിജെപിയും കോൺഗ്രസും എടുത്തിരിക്കുന്നത് കേരള വിരുദ്ധമായ സമീപനമാണ്. ഈ പ്രതിസന്ധിക്കിടയിലും പെൻഷൻ നൽകാനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണിയിൽ ഇടപെടാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. റംസാൻ–ഈസ്റ്റർ–വിഷുക്കാലത്തെ വിലവർധന തടയാൻ ലക്ഷ്യമിട്ട്‌ സപ്ലൈകോയിൽ സബ്‌സിഡി ഇല്ലാത്ത 15 അവശ്യസാധനങ്ങൾ അടക്കം 45 സാധനങ്ങളുടെ വില കുറച്ചു. 13 സബ്‌സിഡിയുള്ള അവശ്യസാധനങ്ങളുടെ വിലകൾ പൊതു വിപണിയിലെ വിലയുടെ 35 ശതമാനം സബ്സിഡി നൽകുന്നു. കുറഞ്ഞ വിലയ്ക്ക്‌ ഗുണനിലവാരമുള്ള കെ റൈസ് വിതരണം തുടങ്ങി. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കുറഞ്ഞ് നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം തുടരുന്നു.

ഇന്ത്യൻ കർഷകവർഗത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും വിമോചനപ്പോരാട്ടങ്ങളിലെ ഏറ്റവുംവലിയ പ്രചോദനകേന്ദ്രവും വഴികാട്ടി നക്ഷത്രവുമാണ് എ കെ ജി. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ച ഒരുവർഷം നീണ്ട കർഷകസമരം കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കുകയും വിജയംനേടുകയും ചെയ്തു. പക്ഷേ, അന്ന്‌ സമരം ഒത്തുതീർപ്പാക്കാൻ അംഗീകരിച്ച സുപ്രധാന ആവശ്യങ്ങൾ നടപ്പാക്കാൻ പിന്നീട്‌ മോദി സർക്കാർ തയ്യാറായില്ല. രാജ്യത്തെ കോടിക്കണക്കിനു വരുന്ന കർഷക ജനസാമാന്യം വീണ്ടും പോരാട്ടത്തിറങ്ങുന്നതും നാം കണ്ടതാണ്. തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങൾക്ക് വേദനിക്കുന്നുവോ എന്ന് ആരാഞ്ഞ് അവരുടെ വേദനയകറ്റാൻ കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഒപ്പംകൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പിന്നീട് 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായി.

പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത്‌ എ കെ ജിയെ അറസ്റ്റുചെയ്തു. ആഴ്ചകൾക്കുശേഷം വിട്ടയച്ചപ്പോൾ നേരെ പാർലമെന്റിൽ എത്തി ഏകാധിപത്യഭരണത്തിന് താക്കീതുനൽകി. ഇന്ദിര ഗാന്ധി പെൺഹിറ്റ്‌ലർ ആകരുതെന്നു പറഞ്ഞു. ‘എന്നെയും ഇ എം എസിനെയും വിട്ടശേഷം എന്റെ 3000 സഖാക്കളെ എന്തുകൊണ്ട് ജയിലിൽനിന്നു വിടുന്നില്ല എന്നും മാർക്സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും ഇ എം എസിനെയുംമാത്രം മോചിപ്പിച്ചത്‌ ’എന്നും അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യസമരകാലത്ത് വെല്ലൂർ ജയിൽചാടി ഒളിവിൽ കഴിഞ്ഞ ചരിത്രമുള്ള, സമരത്തിന്റെ ചുരുക്കപ്പേരാണ് എ കെ ജി.

കേന്ദ്ര സർക്കാരിന്റെ ആഗോളവൽക്കരണനയത്തിനും മതരാഷ്‌ട്രവാദത്തിനും എതിരായി ബദൽ നയം ഉയർത്തിയാണ്‌ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്‌. ആ സർക്കാരിനെ ഏതുവിധേനയും പ്രതിസന്ധിയിലാക്കുന്നതാണ്‌ കേന്ദ്ര സർക്കാർ നയം. സംസ്ഥാനത്ത്‌ അതിന്‌ ചൂട്ടുപിടിച്ചുകൊടുക്കുന്ന നയമാണ്‌ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌. ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ കാത്തുസൂക്ഷിക്കുന്നത്‌ ഈ നാട്ടിലെ ജനങ്ങളാണ്‌. ഏറ്റവും അടിത്തട്ടിലുള്ളവരെപ്പോലും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്‌ രണ്ടാം പിണറായി സർക്കാർ നടത്തുന്നത്‌. ഓരോ ദിവസം കഴിയുന്തോറും സർക്കാരിന്റെ ജനപിന്തുണ വർധിച്ചുവരുന്നത്‌ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നു. എൽഡിഎഫ്‌ സർക്കാരിനെ ഏതുവിധേനയും ജനങ്ങൾക്കിടയിൽ ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമമാണ്‌ കോൺഗ്രസും ബിജെപിയും നടത്തുന്നത്‌. അതിനായി അവർ യോജിച്ച്‌ പ്രവർത്തിക്കുകയാണ്‌.

കേന്ദ്രസർക്കാരാകട്ടെ ഇന്ത്യ എന്ന മതനിരപേക്ഷ രാഷ്‌ട്രത്തെതന്നെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കത്തിലാണ്‌. പാർലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യവും ഫെഡറൽ തത്വങ്ങളും അട്ടിമറിച്ച്‌ മതരാഷ്‌ട്ര രൂപീകരണമാണ്‌ അവർ ലക്ഷ്യം വയ്‌ക്കുന്നത്‌. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളെ വേട്ടയാടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിന്റെ ഇന്നലത്തെ അറസ്റ്റ്. പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തുമെന്ന ഭയം മോദിയെയും ബിജെപിയെയും അലട്ടുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങൾ. അതേ സമയം കൂറുമാറി ബിജെപിയിൽ ചേർന്ന എല്ലാ പ്രതിപക്ഷ നേതാക്കളെയും അവർ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അവരെയൊക്കെ സത്യത്തിന്റെ പ്രതീകങ്ങളാക്കുന്നു.ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ഇച്ഛാശക്തിയെ ഇത്തരം ഗൂഢ നീക്കങ്ങൾ ഊട്ടിയുറപ്പിക്കും.

പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ഇലക്ട്രൽ ബോണ്ട് കേസിൽ ഉൾപ്പെടെ കോടതിയിൽ നിന്ന് നേരിട്ട തിരിച്ചടികളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനൊപ്പം രാഷ്ട്രീയ ലക്ഷ്യം നേടാനും കൂടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. മത ധ്രുവീകരണം സൃഷ്ടിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കമാണിത്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.

രാജ്യത്തെ മതരാഷ്ട്രത്തിലേക്ക് നയിക്കുന്ന മോദി സർക്കാരിന്റെ എല്ലാ നടപടികളും സിപിഐ എം ശക്തമായി എതിർത്തിട്ടുണ്ട്. ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തെയും സിപിഐ എം തുടക്കത്തിലേ എതിർത്തു. അതിനെതിരെ യോജിച്ച പ്രക്ഷോഭത്തിനും പാർടിയും എൽഡിഎഫും തയ്യാറായിരുന്നു. എന്നാൽ, കേരളത്തിലെ യുഡിഎഫ് അതിന് തയ്യാറായില്ല. ഇടതുപക്ഷവുമായി യോജിച്ച് പൗരത്വ വിഷയത്തിൽ പ്രക്ഷോഭത്തിന് ഇറങ്ങിയവർക്കുനേരെ കോൺഗ്രസ്സ് പാർടിതല നടപടിയടക്കം എടുത്തു.

പൗരത്വനിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണ്. ഈ വർഗീയ നിയമത്തിനെതിരെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച്‌ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്. ഈ വിഷയത്തിൽ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി കത്തെഴുതി. ഭരണഘടനാ സംരക്ഷണ യോഗങ്ങൾ വിളിച്ചു ചേർത്ത് ഇവിടെ ആർഎസ്എസിന്റെ അജണ്ടകൾ നടപ്പിലാവില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചു. അതോടൊപ്പം എൽഡിഎഫ്‌ നേതൃത്വത്തിൽ മഞ്ചേശ്വരം മുതൽ പാറശാലവരെ മനുഷ്യച്ചങ്ങല തീർത്തു. ലോക്സഭയിലും രാജ്യസഭയിലും ഇടതുപക്ഷ അംഗങ്ങൾ ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. ബില്ല് വോട്ടിനിടാൻ ആവശ്യപ്പെട്ടതും സെലക്റ്റ് കമ്മിറ്റിക്ക് വിടാൻ പ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷ എംപിമാർ ആയിരുന്നു. ഈ വിഷയത്തിൽ കേരള സർക്കാർ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ഇപ്പോൾ വന്ന വിജ്ഞാപനത്തിനെതിരെയും കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

പൗരത്വം ലഭിക്കുന്നതിനായി മതത്തെ അടിസ്ഥാനമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന റാലികൾ എകെജി ദിനമായ ഇന്ന് ആരംഭിക്കുകയാണ്. കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലി മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 23 ന് കാസർകോട്ടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും സിപിഐ എം റാലികൾ സംഘടിപ്പിക്കുന്നുണ്ട്. സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ ബഹുജന റാലിയിൽ അണിനിരക്കും.

എന്നാൽ, പൗരത്വ ഭേദഗതി നിയമ ചട്ടം വിജ്ഞാപനമായി പുറത്തുവന്ന് ദിവസങ്ങളായിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസ് പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയോ രാഹുൽ ഗാന്ധിയോ തയ്യാറായിട്ടില്ല. നിയമം കൊണ്ടുവന്ന സമയത്തെ പറ്റി മാത്രം സംസാരിച്ച് അതിന്റെ ഉള്ളടക്കത്തെ വിമർശിക്കാതെ ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ. നിയമം നടപ്പാക്കില്ലെന്ന് പറയാൻ കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാരിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. ബിജെപിയുടെ തീവ്രഹിന്ദുത്വ അജണ്ടയോട് ഏറ്റുമുട്ടാൻ മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചിട്ടുള്ള കോൺഗ്രസിന്‌ കഴിയുന്നില്ല എന്നാണ് വസ്തുത. ഇലക്ടറൽ ബോണ്ട് വിഷയം പോലെ തന്നെ എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിന് ഉത്തരമാണ് സിഎഎ വിഷയത്തിലെ സിപിഐ എമ്മിന്റെ ശരിയും ഉറച്ചതുമായ നിലപാട്.

കോൺഗ്രസിന്റെ ഈ മൃദുഹിന്ദുത്വ സമീപനത്തിന്റെ തുടർച്ചയാണ് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസ് നേതാക്കൾ, മുൻ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംപി മാരും നിയമ സഭാ ചീഫ് വിപ്പുകളും എംഎൽഎമാരും ദേശീയ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്മാരും വക്താക്കളും എല്ലാവരും ബിജെപിയിൽ ചേരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകളിൽ മാത്രം നടന്നതാണ് ഇതൊക്കെ. 2014നു ശേഷം 12 കോൺഗ്രസ് മുഖ്യമന്ത്രിമാരും നൂറിലേറെ എംപിമാരും ഇരുന്നൂറിലേറെ എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. കോൺഗ്രസും ബിജെപിയും തമ്മിൽ അതിരുകൾ ഇല്ലാതെ ആവുകയാണ്. ആർക്കും എപ്പോൾ വേണമെങ്കിലും പോകാം. ഇപ്പോഴും ആൾക്കാർ പോകാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളിലാണ് പല പ്രമുഖ കോൺഗ്രസ് നേതാക്കളും ബിജെപിയിൽ പോയത്. ഇനിയും എത്ര പേർ മറുകണ്ടം ചാടുമെന്ന് പറയാൻ പറ്റില്ല. കേരളത്തിൽ ഇതുവരെ പ്രഖ്യാപിച്ച എൻഡിഎ സ്ഥാനാർഥികളിൽ 3 പേർ യുഡിഎഫിൽ നിന്ന് പോയവരാണ്. ഇതേ സമയത്താണ് കോൺഗ്രസ് സിപിഐ എമ്മിനെ മുഖ്യശത്രു ആയി കണക്കാക്കിക്കൊണ്ട് ബിജെപിയ്ക്ക് അനുകൂലമായ നിലപാടുകൾ എടുക്കുന്നത്.

വർഗീയത പടർത്തിയും വിദ്വേഷവും കലാപവും സൃഷ്‌ടിച്ച്‌ വോട്ടു നേടാനുള്ള കുതന്ത്രങ്ങൾ അണിയറയിൽ സംഘപരിവാർ തയ്യാറാക്കിക്കഴിഞ്ഞു. കോർപറേറ്റുകളിൽനിന്ന്‌ വാങ്ങിയ കോടികൾ തെരഞ്ഞെടുപ്പിൽ മുടക്കി ജനഹിതം അട്ടിമറിക്കാനാണ്‌ ബിജെപിയുടെ ശ്രമം. അത്തരം നീക്കങ്ങളെല്ലാം അതിജീവിച്ച്‌, തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കരുത്ത്‌ വർധിപ്പിക്കാൻ നമുക്ക്‌ കഴിയണം. രാജ്യത്തെ രക്ഷിക്കാനുള്ള ഈ ജനകീയ പോരാട്ടങ്ങൾക്ക്‌ എകെജി സ്മരണ പ്രചോദനമാണ്. ഇന്ത്യ കണ്ട അതുല്യ വിപ്ലവകാരിയുടെ ഓർമകൾക്കുമുന്നിൽ വിപ്ലവാഭിവാദ്യങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.