സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ സഖാവ് എ വി ബാബുവിന്റെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മോറാഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യുവമുഖങ്ങളിലൊന്നിനെയാണ് സഖാവിന്റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ബാലസംഘത്തിലൂടെ വളർന്ന് ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗം, തളിപ്പറമ്പ നഗരസഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളിൽ സഖാവ് പ്രവർത്തിച്ചു.
കല്യാശേരി സർവ്വീസ് സഹകരണ ബാങ്ക് യോഗശാല ബ്രാഞ്ച് മാനേജർ, കർഷക തൊഴിലാളി യൂണിയൻ മോറാഴ വില്ലേജ് പ്രസിഡന്റ്, കൈരളി വായനശാല പ്രസിഡൻ്റ്, മത്സ്യത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡൻ്റ്,മോറാഴ ബാങ്ക് കെ സി ഇ യു യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുമ്പോഴാണ് സഖാവ് അകാലത്തിൽ വിടവാങ്ങുന്നത്. ചെറുപ്പകാലം തൊട്ടുതന്നെ വ്യക്തിപരമായി ഏറ്റവും അടുത്ത് പ്രവർത്തിച്ചിരുന്ന സഖാവായിരുന്നു എ വി ബാബു. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞും ഇടപെട്ടും രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു. ഏത് സന്നദ്ധ പ്രവർത്തനത്തിന്റെയും മുൻപന്തിയിൽ സഖാവുണ്ടാവും. സഹകരണമേഖലയിൽ തലയെടുപ്പോടെ പ്രവർത്തിക്കുന്ന സ്റ്റെംസ് സഹകരണ കോളേജിന് ഭൂമി കണ്ടെത്തുന്നതിനും യാഥാർഥ്യമാക്കുന്നതിലും ബാബു വഹിച്ച നേതൃപരമായ പങ്ക് ആർക്കും മറക്കാനാവില്ല.ഏൽപ്പിച്ച ചുമതലകളെല്ലാം കുറ്റമറ്റ നിലയിൽ പൂർത്തിയാക്കണമെന്നതിൽ നിർബന്ധമുള്ള സഖാവായിരുന്നു ബാബു.
ബാബുവിനെക്കുറിച്ച് പറയുമ്പോള്‍ എടുത്തു പറയേണ്ടത് പാചകകലയിലുള്ള സഖാവിന്റെ വൈദഗ്ധ്യമാണ്. തളിപ്പറമ്പിലെത്തുന്ന എല്ലാ പ്രധാനപ്പെട്ട നേതാക്കൾക്കും, പാർടി/ബഹുജനസംഘടനാ ജാഥകളിലെ അംഗങ്ങള്‍ക്കും കാലങ്ങളായി ഭക്ഷണമൊരുക്കിയത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി മുതലിങ്ങോട്ട് എല്ലാ നേതാക്കളും സഖാവിന്റെ രുചിവൈഭവം നേരിട്ട് അറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു സഖാവ്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാർടിയോടൊപ്പം ഉറച്ചുനിന്ന് പ്രസ്ഥാനത്തെ മുന്നോട്ടുനയിച്ച ഊർജസ്വലനായ യുവനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. മരണവിവരം അറിഞ്ഞയുടൻ തന്നെ ആശുപത്രിയിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു. ബാബുവിന്റെ കുടുംബത്തിന്‍റെയും നാടിന്‍റെയും ദുഖത്തിൽ പങ്കുചേരുന്നു, ആദരാഞ്ജലി അർപ്പിക്കുന്നു.