Skip to main content

സഖാവ് പി കൃഷ്ണപിള്ള ദിനം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 76 വർഷം പൂർത്തിയാകുന്നു. 42 വയസ്സുവരെമാത്രം ജീവിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ പേര് കേരള ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. ഏകദേശം 20 വർഷമാണ് പി കൃഷ്ണപിള്ള പൊതുരംഗത്ത് പ്രവർത്തിച്ചത്. എന്നാൽ അസാധാരണമായ സംഘടനാ വൈഭവത്തിന്റെ ഉടമയായിരുന്ന അദ്ദേഹം ജനങ്ങളുമായി അത്രയധികം ഇഴുകിച്ചേർന്നു പ്രവർത്തിച്ചതിനാൽ ‘സഖാവ്' എന്നത് അദ്ദേഹത്തിന്റെ പേരായിത്തന്നെ മാറി.

1906ൽ വൈക്കത്താണ് സഖാവ് ജനിച്ചത്. പല ജോലികൾ ചെയ്തതിനുശേഷം 1927ൽ ബനാറസിൽ എത്തി. അവിടെനിന്ന് ഹിന്ദി പഠിച്ചശേഷം ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് പൊതുപ്രവർത്തനത്തിന്റെ മാർഗത്തിലൂടെ സഖാവ് സഞ്ചരിക്കാൻ തുടങ്ങിയത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലേക്ക്‌, തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലേക്ക് എന്ന ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ രീതിയിലൂടെയാണ് കൃഷ്ണപിള്ളയും പാർടിയിൽ എത്തിച്ചേരുന്നത്. 1937ൽ കേരളത്തിൽ രൂപീകരിച്ച കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യത്തെ ഗ്രൂപ്പിൽ അംഗമായിരുന്ന അദ്ദേഹം പിണറായി പാറപ്രത്തുവച്ച് കമ്യൂണിസ്റ്റ് പാർടി രൂപം കൊണ്ടപ്പോൾ അതിന്റെ സെക്രട്ടറിയായി. നാലുപേരടങ്ങുന്ന ആദ്യ സെല്ലിൽനിന്ന് കേരളത്തിലെ ഏറ്റവും വലിയ പാർടിയായി കമ്യൂണിസ്റ്റ് പാർടിയെ വളർത്തുന്നതിന്‌ അടിത്തറയിട്ടത് സഖാവ് പി കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവെന്ന് ഏതെങ്കിലുമൊരു വ്യക്തിയെ വിശേഷിപ്പിക്കാമെങ്കിൽ അതിനർഹൻ കൃഷ്ണപിള്ളയാണെന്ന് ഇഎംഎസ് പറഞ്ഞത് അതുകൊണ്ടാണ്.

ത്യാഗോജ്വലമായ നിരവധി പോരാട്ടങ്ങളുടെ അധ്യായമായിരുന്നു ആ ജീവിതം. ഉപ്പ് സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നിന്ന് ബോധംകെടുംവരെ മർദനമേറ്റുവാങ്ങിയത്‌ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ആവേശകരമായ ചിത്രമാണ്‌. ഗുരുവായൂർ സത്യഗ്രഹത്തിന്റെ ഘട്ടത്തിലും സഖാവ് ഭീകരമർദനം ഏറ്റുവാങ്ങി.

1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. വർഗ രാഷ്ട്രീയത്തിന്റെ വഴികളിലൂടെ കേരളത്തെ നയിക്കുന്ന പ്രവർത്തനവും അദ്ദേഹം ഏറ്റെടുത്തു. ആലപ്പുഴയിലും കോഴിക്കോട്ടും കണ്ണൂരും തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. മലബാറിലെ കർഷക സമരങ്ങൾക്ക് സഖാവ് ഊർജം പകർന്നു. 1940 സെപ്തംബർ 15ന്‌ ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് പൊലീസ് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിൽ അടച്ചു. 1942 മാർച്ചിലാണ് മോചിപ്പിച്ചത്‌. 1946 വരെ പാർടി കെട്ടിപ്പടുക്കുന്നതിന് കേരളമാകമാനം സഞ്ചരിച്ചു. പരിചയപ്പെടുന്ന ഏവരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അസാധാരണമായ ശേഷി കൃഷ്ണപിള്ളയ്ക്ക്‌ ഉണ്ടായിരുന്നു. 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽ വച്ചാണ് ഇഎംഎസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇഎംഎസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർടി നേതാക്കളായി മാറിയ പലരെയും വളർത്തിയെടുക്കുന്നതിൽ കൃഷ്ണപിള്ളയുടെ പങ്ക്‌ സവിശേഷമായിരുന്നു.

1930കളുടെ അവസാനം ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരത്തെ നേരിടാനെത്തിയ സർ സി പിയുടെ പൊലീസും പട്ടാളവും ആലപ്പുഴ പട്ടണത്തിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. അവിടെ ഒരു നാരങ്ങ കച്ചവടക്കാരന്റെ വേഷത്തിലെത്തിയാണ്‌ സഖാവ് കൃഷ്ണപിള്ള പണിമുടക്കിന് നേതൃത്വം നൽകിയത്‌. പുന്നപ്ര–വയലാർ സമരശേഷം നേതാക്കളെ കൂട്ടത്തോടെ സർ സിപിയുടെ പൊലീസ് തുറുങ്കിലടയ്ക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ ഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിൽ ഒളിവിൽ പ്രവർത്തിച്ചത്. അതിനിടയിലാണ് അദ്ദേഹത്തിന് പാമ്പ് കടിയേൽക്കുന്നതും മരണം സംഭവിക്കുന്നതും. മരിക്കുന്നത്തിന് മുൻപ് അദ്ദേഹം കുറിച്ച ‘സഖാക്കളേ മുന്നോട്ട്’ എന്ന വാക്കുകൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ഊർജമായി ഇന്നും നിലനിൽക്കുന്നു.

പി കൃഷ്ണപിള്ളയെപ്പോലുള്ള ത്യാഗധനരായ നേതാക്കളുടെ പ്രവർത്തനഫലമായി നമുക്ക് ലഭിച്ച സ്വാതന്ത്ര്യംപോലും വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സംഘപരിവാർ നയിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള മോദി സർക്കാർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുകയാണ്. സാമ്രാജ്യത്വശക്തികൾ ഉപയോഗിച്ച ഭിന്നിപ്പിക്കൽ തന്ത്രമാണ്‌ സംഘപരിവാർ നടപ്പാക്കുന്നത്‌. കോർപറേറ്റ്‌ നയങ്ങൾക്കെതിരായി ജനകീയ ചെറുത്തുനിൽപ്പുയരുന്ന ഘട്ടത്തിലാണ് അവർക്കുവേണ്ടിക്കൂടി വർഗീയ ധ്രുവീകരണ അജൻഡ സംഘപരിവാർ നടപ്പാക്കുന്നത്. സംഘപരിവാറിന്റെ ഈ നയങ്ങളെ ഇന്ത്യൻ ജനത ശക്തമായി പ്രതിരോധിക്കുന്ന കാലം കൂടിയാണിത്.

ആധുനിക കേരളത്തിനായി പൊരുതിയ കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലാണ് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന നാടായി കേരളത്തെ മാറ്റിയത്. അതിന് കമ്യൂണിസ്റ്റ് പാർടിയെ പ്രാപ്തമാക്കുന്നതിന് കൃഷ്ണപിള്ളയുടെ സംഘടനാ പാടവത്തിനു വലിയ പങ്കുണ്ട്. നവകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്ന ഘട്ടംകൂടിയാണ്‌ ഇത്. കോർപറേറ്റ്–ഹിന്ദുത്വ-അമിതാധികാര പ്രവണതയ്‌ക്കെതിരായി ജനകീയ ബദൽ ഉയർത്തിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ആ സർക്കാരിനെ ദുർബലപ്പെടുത്തുന്നതിന്‌ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധമടക്കം ഏർപെടുത്തുകയാണ്‌. സംസ്ഥാനത്തെ ഞെക്കിക്കൊല്ലുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമ്പോഴും അക്കാര്യത്തിൽ പ്രതികരിക്കാതെ അവരെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ ഒന്നൊന്നായി കേന്ദ്രം കവർന്നെടുക്കുന്ന ഈ ഘട്ടത്തിൽപ്പോലും നാടിന്റെ താൽപ്പര്യത്തിനായി യോജിച്ചുനിൽക്കാൻ യുഡിഎഫ്‌ തയ്യാറാകുന്നില്ല.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിലൂടെ കേരളം കടന്നുപോകുന്ന സാഹചര്യത്തിലാണ് നാം ഇത്തവണ സഖാവ് കൃഷ്‌ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപൊട്ടൽ നേരിടാനും അതിന് ഇരയായവരെ പുനരധിവസിപ്പിക്കുവാനുമായി നാടാകെ കൈകോർക്കുകയാണ്. ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനങ്ങളും–ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. എന്നാൽ ഈ ദുരന്ത കാലത്തും കേരളത്തോടുള്ള അവഗണനയും വിദ്വേഷവും കേന്ദ്ര സർക്കാർ തുടരുകയാണ്. രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സമാനതകളില്ലാത്ത ഒരു ദുരന്തത്തിൽ നിന്ന് മനുഷ്യരെ കൈ പിടിച്ചുകയറ്റാനും കണ്ണീരൊപ്പാനും എല്ലാവരും ചേർന്ന് ശ്രമിക്കുകയാണിവിടെ. പക്ഷേ ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ കള്ളം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയും പുറത്ത് വന്നത്.

വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക്‌ ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനർനിർമിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ എല്ലാവരും കഴിയുന്ന സഹായം എത്തിക്കണം. സിപിഐ എം സംസ്ഥാന കമ്മിറ്റി ആദ്യഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 25 ലക്ഷം രൂപ സംഭാവന നൽകി. കൂടാതെ എല്ലാ പാർടി ഘടകങ്ങളോടും സംഭാവന നൽകാൻ നിർദേശിച്ചിട്ടുമുണ്ട്. എൽഡിഎഫ്‌ എംഎൽഎമാരും എംപിമാരും ഒരുമാസത്തെ ശമ്പളം സംഭാവനായി നൽകി. സഹജീവികളെ കരുതാനുള്ള പ്രയത്നത്തിന് കരുത്തുപകരുംവിധം എല്ലാവരും രംഗത്തിറങ്ങണം. അതിജീവനപോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ സഖാവ് പി കൃഷ്‌ണപിള്ളയുടെ സ്‌മരണ എല്ലാ വെല്ലുവിളികളെയും നേരിടാൻ നമുക്ക് കരുത്താകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.