Skip to main content

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ. അലുമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയായിരുന്ന സഖാവ് പിന്നീട് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായി.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ തൊഴിലാളി കുടുംബത്തിൽ 1924ൽ ആയിരുന്നു സഖാവിന്റെ ജനനം. ജീവിതപ്രാരബ്ധം കാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാൻ നിർബന്ധിതനായി. ഷാപ്പുതൊഴിലാളി, കൂലിപ്പണിക്കാരൻ എന്നിങ്ങനെയെല്ലാം ജോലിചെയ്തശേഷമാണ് ഏലൂരിലെ അലുമിനിയം കമ്പനിയിൽ തൊഴിലാളിയായത്. തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ബാലപാഠം അവിടത്തെ പണിശാലയിൽനിന്ന് പഠിച്ചു. അലുമിനിയം ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. ​ആദ്യം കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇ ബാലാനന്ദൻ 1943ൽ കമ്യൂണിസ്റ്റ് പാർടിയുടെ ആലുവ സെൽ രൂപീകരിച്ചപ്പോൾ അംഗമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ കമ്പനി പുറത്താക്കി. തുടർന്ന് അദ്ദേഹം പൂർണസമയ പാർടി പ്രവർത്തകനായി. വിവിധ ഘട്ടത്തിലായി അഞ്ചുവർഷം ജയിൽവാസവും നാലര വർഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ് മർദനത്തിന് നിരവധി തവണ ഇരയായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണം ശക്തിപ്പെട്ടപ്പോൾ അതിനെതിരെ കുറിക്കുകൊള്ളുന്ന ഭാഷയിൽ, ഒളിവിലിരിക്കെ പൊതുയോഗത്തിൽ പ്രസംഗിച്ച് മറുപടി നൽകി. അതേത്തുടർന്ന് പൊലീസ് അറസ്റ്റ്‌ ചെയ്തു.

​സിപിഐ എം രൂപീകരിച്ചപ്പോൾ സ. ബാലാനന്ദൻ സംസ്ഥാന കമ്മിറ്റിയംഗമായി. പിന്നീട് സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. 1972ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്. 1978ൽ ജലന്ധർ പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നു പതിറ്റാണ്ടോളം ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു. എ കെ ജിക്കും ഇ എം എസിനും ശേഷം പാർടി പിബിയിൽ എത്തിയ മലയാളിയായിരുന്നു അദ്ദേഹം.

​തൊഴിലാളികളെ വിപ്ലവപാതയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശ പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും സിഐടിയു നേതാവെന്ന നിലയിൽ സ. ബാലാനന്ദൻ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുന്നതാണ്. 1970ൽ സിഐടിയു രൂപീകരിച്ചപ്പോൾ അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും തുടർന്ന് അഖിലേന്ത്യ ട്രഷററുമായി. ബി ടി രണദിവെയ്‌ക്കുശേഷം സിഐടിയുവിന്റെ പ്രസിഡന്റായി. ആഗോളവൽക്കരണ നയത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗത്തെ സമരപാതയിൽ എത്തിക്കുന്നതിന് നേതൃപരമായ പങ്കാണ് സഖാവ്‌ നിർവഹിച്ചത്. വൈദ്യുതി ജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത് അദ്ദേഹത്തിന്റെ മുൻകൈയിലായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. ​മികച്ച പാർലമെന്റേറിയനായിരുന്നു ഇ ബാലാനന്ദൻ. കേരള നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും അദ്ദേഹം അംഗമായിരുന്നു. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ നേടുന്നതിനുള്ള സമരവേദിയായി പാർലമെന്റിനെ മാറ്റുന്നതിൽ വിജയംകണ്ട വിപ്ലവകാരിയായ പാർലമെന്റേറിയനായി. അസംഘടിത തൊഴിലാളികൾക്കുവേണ്ടി നിയമം കൊണ്ടുവരുന്നതിന് പാർലമെന്റിൽ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റെത്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളുടെ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ ബിൽ അവതരിപ്പിക്കുന്ന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുംവരെ അഭിനന്ദനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

​തൊഴിലാളികൾക്കിടയിലെ പ്രവർത്തനങ്ങളുടെ അനുഭവങ്ങളുടെ കരുത്തിൽ രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായി വളർന്ന ചരിത്രമാണ് ബാലാനന്ദന്റെ ജീവിതം. ജീവിതപ്രാരബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. എങ്കിലും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നല്ല പ്രാവീണ്യം നേടാനും ശാസ്ത്രവിഷയങ്ങളിലടക്കം ഉയർന്ന പരിജ്ഞാനം സമ്പാദിക്കാനും സ്വപ്രയത്നത്താൽ കഴിഞ്ഞു. ഗഹനമായ വിഷയങ്ങൾ ലളിതമായ ഭാഷയിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും മനസ്സിലാകുംവിധം അവതരിപ്പിക്കുന്നതിൽ പ്രത്യേക വൈഭവവുമുണ്ടായിരുന്നു. മാർക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായി അവസാനകാലത്ത് പ്രവർത്തിച്ചു. ഓരോ വിഷയത്തെയും മാർക്സിസ്റ്റ്–ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിന് അസാമാന്യ പാടവമുണ്ടായിരുന്നു.

​ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സമരപോരാട്ടങ്ങളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ഇ ബാലാനന്ദന്റെ സ്മരണ പുതുക്കുന്ന ഈ ഘട്ടത്തിൽ, ഇന്ത്യൻ ജനത വലിയ വെല്ലുവിളികൾ നേരിടുകയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതതന്നെ അപകടപ്പെടുത്തുന്ന തരത്തിലാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപിയുടെ പ്രവർത്തനം. രാജ്യത്തിന്റെ തനതായ മുദ്രകളെല്ലാം കാവിവൽക്കരിക്കുന്ന കേന്ദ്രം ഭരണഘടനാവിരുദ്ധമായാണ് നീങ്ങുന്നത്. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശംപോലും കേന്ദ്രം നിഷേധിക്കുകയാണ്. ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.