Skip to main content

ഇടതുപക്ഷത്തിന് വളരാൻ എളുപ്പവഴികളൊന്നുമില്ലെന്ന ഉറച്ച ബോധ്യത്തോടെ ജനവിശ്വാസം ആർജിച്ച് മുന്നേറാനുള്ള ചർച്ചകൾക്കും നയരൂപീകരണത്തിനുമായിരിക്കും പാർടി സമ്മേളനങ്ങളിൽ സിപിഐ എം രൂപം നൽകുക

അടുത്ത വർഷം ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐ എമ്മിന്റെ 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഈ മാസം ഒന്നുമുതൽ തുടക്കമായി. ആവേശകരമായ അന്തരീക്ഷത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാനത്തങ്ങോളമിങ്ങോളം നടന്നുവരുന്നത്. സാർവദേശീയ ദേശീയ, പ്രാദേശിക വിഷയങ്ങളും നേതൃത്വത്തിന്റെ പ്രവർത്തനവും ഇഴകീറിയ പരിശോധനയ്‌ക്കും വിലയിരുത്തലുകൾക്കും വിധേയമാക്കപ്പെടുകയാണ്. പാർടി അംഗങ്ങളും അനുഭാവികളും പാർടിയെ സ്നേഹിക്കുന്ന ആബാലവൃദ്ധം ജനങ്ങളും ഉൾപ്പെടുന്ന അതിവിപുലമായ ജനാധിപത്യ പ്രക്രിയക്കാണ് ഇതോടെ തുടക്കമായത്. അടുത്ത മൂന്നു വർഷത്തേക്കുള്ള പാർടിയുടെ നയസമീപനങ്ങൾ നിശ്ചയിക്കുന്നത് വിവിധ തലങ്ങളിലായി നടക്കുന്ന ഈ ചർച്ചകളുടെയും സംവാദത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. ഇത്രയും വിപുലമായ ജനാധിപത്യ പ്രക്രിയയിലൂടെ പാർടിയുടെ രാഷ്ട്രീയനയങ്ങളും നേതൃത്വവും തെരഞ്ഞെടുക്കപ്പെടുന്ന പ്രക്രിയ മറ്റൊരു പാർടിക്കും അവകാശപ്പെടാനില്ല. രാജ്യത്തെ ഭരണകക്ഷികളായി അറിയപ്പെടുന്ന കോൺഗ്രസിലും ബിജെപിയിലും അഡ്ഹോക്കിസമാണ് നിലനിൽക്കുന്നത്. കോൺഗ്രസിൽ ഹൈക്കമാൻഡ് നെഹ്റു കുടുംബമാണ്. അവരാണ് അഖിലേന്ത്യ സംസ്ഥാന നേതൃത്വത്തെ അന്തിമമായി തീരുമാനിക്കുന്നത്. ബിജെപിയിലാകട്ടെ മാതൃസംഘടനയായ ആർഎസ്എസിന്റെ തീട്ടൂരമനുസരിച്ചാണ് നയവും നേതൃത്വവും തീരുമാനിക്കപ്പെടുന്നത്. ഇതിൽനിന്നൊക്കെ തീർത്തും വ്യത്യസ്തമായ രീതിയിൽ നയവും നേതൃത്വവും തീരുമാനിക്കുന്ന പാർടിയാണ് സിപിഐ എം.

റഷ്യൻ വിപ്ലവാനന്തരം 1920 ഒക്ടോബർ 17നാണ് താഷ്‌കെന്റിൽ (ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനം) ഇന്ത്യൻ വിപ്ലവകാരികളുടെ യോഗത്തിൽ വച്ച് മുഹമ്മദ് ഷഫീഖ് സെക്രട്ടറിയായി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപംകൊള്ളുന്നത്. ഇന്ത്യൻ മണ്ണിൽ ചേർന്ന ആദ്യ കമ്യൂണിസ്റ്റ് പാർടി യോഗം 1925 ഡിസംബർ 28 മുതൽ 30 വരെ കാൺപുരിലാണ് ചേർന്നത്. എന്നാൽ, ‘ശൈശവാവസ്ഥയിലായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കു നേരെ അവർ (ബ്രിട്ടീഷുകാർ) മൃഗീയമായ മർദനനടപടികൾ കൈക്കൊള്ളുകയും വിപ്ലവാശയങ്ങളുടെ പ്രചാരം തടയാൻ കമ്യൂണിസ്റ്റ് സാഹിത്യം നിരോധിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ യുവനേതൃത്വത്തിനെതിരെ പല ഗൂഢാലോചന കേസുകളും നടത്തി. പെഷവാർ (1922), കാൺപുർ (1924), മീറത്ത് (1929) രൂപം കൊണ്ടതിനു തൊട്ടുപിന്നാലെ 1920കളിൽ പാർടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും തുടർന്ന് രണ്ടു ദശകത്തിലേറേക്കാലം പാർടിക്ക് നിയമവിരുദ്ധ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടിവരികയും ചെയ്തു. (പാർടി പരിപാടി 1.5) അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാർടിയുടെ ഒന്നാം കോൺഗ്രസ് 1943ൽ മാത്രമേ ചേരാനായുള്ളൂ. മെയ് 23 മുതൽ ജൂൺ ഒന്നുവരെ മുംബൈയിലാണ് ഈ കോൺഗ്രസ് ചേർന്നത്. പിന്നീട് അഞ്ച് വർഷത്തിനുശേഷം 1948ലാണ് കൊൽക്കത്തയിൽ രണ്ടാം കോൺഗ്രസ് നടന്നത്. കൊൽക്കത്താ തിസീസിന്റെ പേരിൽ പാർടി വേട്ടയാടപ്പെട്ടു. അതായത് തുടക്കംമുതൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത്. രൂക്ഷമായ ആശയസമരത്തിന്റെ ഫലമായി 1964ൽ വിപ്ലവപരത ഉയർത്തിപ്പിടിക്കുന്നതിനായി സിപിഐ എം രൂപം കൊള്ളുകയും ചെയ്തു. ഈ ഘട്ടത്തിലൊക്കെത്തന്നെ പാർടി കോൺഗ്രസുകൾ ചേർന്ന് ജനാധിപത്യപ്രക്രിയ മുന്നോട്ടു കൊണ്ടുപോകാൻ പാർടി ശ്രമിച്ചിരുന്നു. 2022 ഏപ്രിലിൽ 23-ാം പാർടി കോൺഗ്രസ് കണ്ണൂരിലാണ് ചേർന്നത്. അതിനു ശേഷമുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളും ഒപ്പം ഓരോ ഘടകത്തിലെയും ഓരോ അംഗത്തിന്റെയും പ്രവർത്തനങ്ങളും അതിലെ ദൗർബല്യങ്ങളും വിലയിരുത്താനും സമഗ്രമായ ചർച്ചയ്‌ക്ക് വിധേയമാക്കാനുമുള്ള അവസരമാണ് 24–--ാം പാർടി കോൺഗ്രസ്. എല്ലാ കമ്യൂണിസ്റ്റു പാർടികളിലും എന്നപോലെ വിമർശം സ്വയം വിമർശമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകൾ നടന്നുവരുന്നത്. 18–--ാം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ പശ്ചാത്തലത്തിൽ, ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നീ ആശയങ്ങൾക്കു നേരെ നടക്കുന്ന കടന്നാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനും ഹിന്ദുത്വ അജൻഡയ്‌ക്കെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താനും ഇടതുപക്ഷ പാർടികളുടെ ഐക്യവും സഹകരണവും വർധിപ്പിക്കാനും സിപിഐ എമ്മിന്റെ ശക്തി വർധിപ്പിക്കാനും ആവശ്യമായ നയങ്ങളായിരിക്കും 24-ാം പാർടി കോൺഗ്രസോടെ ഉരുത്തിരിയുക. ഈ ദിശയിലുള്ള ചർച്ചകൾക്കാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ തുടക്കം കുറിച്ചിട്ടുള്ളത്.

പാർടിയുടെ രാഷ്ട്രീയനയം രൂപീകരിക്കുന്നതിൽ എല്ലാ ഘടകങ്ങൾക്കും അംഗങ്ങൾക്കും പൊതുസമൂഹത്തിനും പങ്കുവഹിക്കാൻ അവസരം നൽകുന്ന അപൂർവം രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നാണ് സിപിഐ എം. പാർടി കോൺഗ്രസിന് മൂന്നുമാസം മുമ്പുതന്നെ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപം പാർടി പരസ്യമാക്കും. പാർടി ഘടകങ്ങൾക്കും അംഗങ്ങൾക്കും മാത്രമല്ല, പാർടിയെ സ്നേഹിക്കുകയും പാർടി ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും കരടുരാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനും ഭേദഗതികൾ നിർദേശിക്കാനും അവസരം നൽകുന്നുണ്ട്. ഈ ഭേദഗതികളാകെ പരിശോധിച്ച് അംഗീകരിക്കേണ്ടവ കരടിന്റെ ഭാഗമാക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്ത ശേഷമാണ് കരടുരാഷ്ട്രീയ നയം പാർടി കോൺഗ്രസിന്റെ അംഗീകാരത്തിനായി സമർപ്പിക്കുക. ഈ പ്രമേയം പാർടി കോൺഗ്രസ് പ്രതിനിധികളുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ ഒന്നുകൂടി നവീകരിക്കപ്പെടും. അങ്ങനെ അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയ ലൈനായിരിക്കും അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് ആധാരമാകുക.

രാഷ്ട്രീയനയത്തിന് രൂപം നൽകുന്നതോടൊപ്പംതന്നെ വിവിധ തലങ്ങളിലുള്ള പാർടി കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെയും സെക്രട്ടറിമാരുൾപ്പെടെയുള്ള നേതൃത്വത്തെയും പാർടി സമ്മേളനങ്ങളിൽ തെരഞ്ഞെടുക്കും. നയരൂപീകരണത്തിലും നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും വിശാല ജനാധിപത്യം ഉറപ്പാക്കുന്നുവെന്നതാണ് സിപിഐ എമ്മിന്റെ സവിശേഷത. എന്നാൽ, മാധ്യമങ്ങളും വലതുപക്ഷവും നേരെ തിരിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. ബ്രാഞ്ച് സമ്മേളനം തുടങ്ങിയതുമുതൽ പാർടിയാകെ പ്രശ്നത്തിലാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, തീയിൽ മുളച്ചത് വെയിലത്ത് വാടില്ലെന്നു പറയുന്നതുപോലെ പ്രതിസന്ധികളെയും അടിച്ചമർത്തലുകളെയും നേരിട്ട് വളർന്നുവന്ന സിപിഐ എം സമ്മേളന പ്രക്രിയയുമായി മുന്നോട്ടു പോകുകയാണ്. പാർടി മുന്നോട്ടു വച്ച ഷെഡ്യൂൾ അനുസരിച്ചുതന്നെ ഈ മാസം 38,400ലധികം ബ്രാഞ്ച്‌ സമ്മേളനങ്ങൾ സംസ്ഥാനത്ത് പൂർത്തിയാകും. തുടർന്ന്, 2444 ലോക്കൽ സമ്മേളനവും 210 ഏരിയ സമ്മേളനവും 14 ജില്ലാ സമ്മേളനവും നടക്കും. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

മാധ്യമങ്ങൾ ജനാധിപത്യപാർടികളെന്ന് വിശേഷിപ്പിക്കുന്ന പാർടികളിൽ ജനാധിപത്യപ്രക്രിയ ഇല്ലെന്നു മാത്രമല്ല, അഡ്ഹോക്കിസമാണ് ഉള്ളതെന്ന് നേരത്തേ പറഞ്ഞല്ലോ. കോൺഗ്രസ് നവഉദാരവാദനയം സ്വീകരിച്ചതോ മോദി സർക്കാർ നോട്ടുനിരോധനം നടപ്പാക്കിയതോ കാർഷികനിയമങ്ങൾ പാസാക്കിയതോ പ്രസ്തുത പാർടികളിൽ ഒരു തരത്തിലുള്ള ചർച്ചയും നടത്താതെയാണ്. ജനഹിതമെന്തോ അതിന് കടകവിരുദ്ധമായ നയങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ ഈ ബൂർഷ്വാ ജനാധിപത്യ കക്ഷികൾ കൈക്കൊണ്ടിട്ടുള്ളത്. ഇത് ഇന്ത്യയിലെ മാത്രമല്ല, പാശ്ചാത്യ ജനാധിപത്യത്തിന്റെയും പൊതുരീതിയാണ്. ഉദാഹരണത്തിന് പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യാ യുദ്ധത്തിന് അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളും എതിരായിട്ടും ഇസ്രയേലിനൊപ്പമാണ് അമേരിക്കൻ പ്രസിഡന്റും സർക്കാരും നിലകൊള്ളുന്നത്. ഉക്രയ്ൻ യുദ്ധത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ, കമ്യൂണിസ്റ്റ്‌ പാർടികൾ ജനകീയതാൽപ്പര്യത്തിനനുസരിച്ച്, ജനാധിപത്യ രീതിയിലാണ് നയരൂപീകരണം നടത്തുന്നത്. അതിനുള്ള പ്രധാന വേദികളാണ് ബ്രാഞ്ച് തലംമുതൽ പാർടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങൾ. ഇടതുപക്ഷത്തിന് വളരാൻ എളുപ്പവഴികളൊന്നുമില്ലെന്ന ഉറച്ച ബോധ്യത്തോടെ ജനവിശ്വാസം ആർജിച്ച് മുന്നേറാനുള്ള ചർച്ചകൾക്കും നയരൂപീകരണത്തിനുമായിരിക്കും ഈ സമ്മേളനങ്ങളിൽ സിപിഐ എം രൂപം നൽകുക.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും കോഴിക്കോട് സ. എളമരം കരീം ഉദ്ഘാടനം ചെയ്തു

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും കോഴിക്കോട് സ. എളമരം കരീം ഉദ്ഘാടനം ചെയ്തു.

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും പത്തനംതിട്ടയിൽ സ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധവിരുദ്ധ റാലിയും പത്തനംതിട്ടയിൽ സ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധ വിരുദ്ധ റാലിയും ഇടുക്കിയിൽ സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും പലസ്തീൻ ഐക്യദാര്‍ഢ്യ കൂട്ടായ്മയും യുദ്ധ വിരുദ്ധ റാലിയും ഇടുക്കിയിൽ സ. കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ബഹുസ്വരതയുടെ മണ്ണ്

സ. പുത്തലത്ത് ദിനേശൻ

മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ദേശീയ ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് വിചാരധാരയിൽ ഗോൾവാൾക്കർ പറയുന്നുണ്ട്. മലപ്പുറം ജില്ലയുടെ രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകളെ പരാമർശിച്ച് ‘‘ഇന്ന് കേരളത്തിൽ അവർ സ്വതന്ത്ര മാപ്പിള നാടിനുവേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്'' എന്നും അതിൽ രേഖപ്പെടുത്തുന്നുണ്ട്.