കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം. 2020ൽ നല്ല വിജയമാണ് എൽഡിഎഫിനുണ്ടായത്. എറണാകുളം, മലപ്പുറം, വയനാട് ഒഴിച്ചുള്ള 11 ജില്ലാപഞ്ചായത്തുകളിലും കണ്ണൂർ ഒഴിച്ചുള്ള അഞ്ച് കോർപറേഷനുകളിലും 87 മുനിസിപ്പാലിറ്റിയിൽ 47ലും 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 44ലും 941 പഞ്ചായത്തുകളിൽ 582ലും വിജയിച്ചത് എൽഡിഎഫായിരുന്നു. അന്ന് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിലായിരുന്നു. 2021ലെ നിയമസഭയിൽ 99 സീറ്റ് നേടി പിണറായി വിജയൻ സർക്കാരിന് തുടർഭരണം ലഭിക്കുകയും ചെയ്തു. സമാനമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്. തുടർച്ചയായി മൂന്നാമതും അധികാരത്തിലേറാനുള്ള എൽഡിഎഫിന്റെ ജൈത്രയാത്രയ്‌ക്ക് അടിത്തറയിടുന്നതായിരിക്കും തദ്ദേശസ്ഥാപനങ്ങളിലെ ഫലം.
ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും അടുത്തുനിൽക്കുന്ന സംവിധാനമാണ് തദ്ദേശഭരണസ്ഥാപനങ്ങളിലേത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള തെരഞ്ഞെടുപ്പും ഇതുതന്നെ. സ്ഥാനാർഥിക്ക് വോട്ടർമാരെയും വോട്ടർക്ക് സ്ഥാനാർഥിയെയും നേരിട്ടറിയാം. മണ്ഡല പുനർനിർണയത്തിന്റെ ഫലമായി കഴിഞ്ഞവർഷത്തേതിനേക്കാൾ 1712 ജനപ്രതിനിധികൾ ഇക്കുറി അധികമായുണ്ട്. 1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴിച്ചുള്ളവയിലേക്കാണ് ഇപ്പോൾ വോട്ടെടുപ്പ്. 1,80,000 പോളിങ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി പൊലീസ് ഉൾപ്പെടെ 70,000 പേരെയും നിയോഗിക്കും. ഇതിനെല്ലാം ഇടയിലാണ് സമാന്തരമായി പ്രത്യേക തീവ്ര വോട്ടർപ്പട്ടിക പുനഃപരിശോധന (എസ്ഐആർ) നടപ്പാക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയപാർടികളും ഉദ്യോഗസ്ഥരും ബൃഹത്തായ തെരഞ്ഞെടുപ്പുപ്രക്രിയയിൽ മുഴുകിയിരിക്കവേയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഏകപക്ഷീയമായി എസ്ഐആർ അടിച്ചേൽപ്പിക്കുന്നത്. ഒരേസമയം രാഷ്ട്രീയപ്രവർത്തകരും ഉദ്യോഗസ്ഥരും രണ്ടു പ്രക്രിയയിൽ ഏർപ്പെടേണ്ട അസാധാരണ സാഹചര്യമാണ്. അതുകൊണ്ടുതന്നെ എൽഡിഎഫ് പ്രവർത്തകരുടെ ഉത്തരവാദിത്വം പതിന്മടങ്ങ് വർധിക്കുകയാണ്. എസ്ഐആർ ഈ സമയത്ത് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം തുടരുമെങ്കിലും ഓരോ വോട്ടും പ്രധാനമാണെന്ന ബോധ്യത്തോടെ സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും പ്രവർത്തകർ രംഗത്തിറങ്ങണം.
തികഞ്ഞ ആത്മവിശ്വാസത്തോടെയും വിജയപ്രതീക്ഷയോടെയുമാണ് എൽഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തർക്കങ്ങളോ ബഹളങ്ങളോ ഇല്ലാതെ സീറ്റുവിഭജനം പൂർത്തിയാക്കിയെന്നുമാത്രമല്ല, ഭൂരിപക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനും കഴിഞ്ഞു. അതുകൊണ്ടുതന്നെ കൂടുതൽ സീറ്റും വോട്ടും തദ്ദേശസ്ഥാപന ഭരണവും നേടാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. ത്രിതലപഞ്ചായത്ത് രീതിയിലുള്ള ജനകീയ ഭരണസംവിധാനമാക്കിയത് എൽഡിഎഫാണ്. ഒന്നും രണ്ടും ഇ എം എസ് സർക്കാരും നായനാർ സർക്കാരുകളുമാണ് വിവിധ നിയമനിർമാണത്തിലൂടെയും ജനകീയാസൂത്രണംപോലുള്ള പ്രസ്ഥാനങ്ങളിലൂടെയും തദ്ദേശഭരണ സംവിധാനത്തെ ജനകീയമാക്കിയത്. എന്നാൽ, എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കാനാണ് മോദിസർക്കാരിന്റെ നീക്കം. ഈ അമിതാധികാര നീക്കത്തിനെതിരെയുള്ള ജനവിധികൂടിയായി തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മാറും.
എൽഡിഎഫിന് ജനങ്ങൾക്കുമുമ്പിൽ വയ്‌ക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പ്രളയവും നിപായും കോവിഡും വന്നപ്പോൾ ജനങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാൻ പിണറായി സർക്കാരിന് കഴിഞ്ഞു. വിഴിഞ്ഞം ഉൾപ്പെടെയുള്ള വൻകിട വികസനപദ്ധതികൾ പ്രാവർത്തികമാക്കി. തിരുവനന്തപുരത്ത് മെട്രോ റെയിൽ യാഥാർഥ്യമാക്കാൻ പ്രവർത്തനം ആരംഭിച്ചു. ദേശീയപാത നിർമാണം ത്വരിതഗതിയിൽ മുന്നേറുകയാണ്. 1.70 ലക്ഷം കോടി രൂപ കേന്ദ്രം നൽകാതിരുന്നിട്ടും ക്ഷേമകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും പിന്നോട്ടുപോക്കിനും സർക്കാർ തയ്യാറായിട്ടില്ല. ക്ഷേമപെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 ആക്കിയതുൾപ്പെടെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന നിരവധി നടപടികൾ പ്രഖ്യാപിച്ചു. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നും നാടിന്റെ നല്ല ഭാവിക്ക് എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ജനക്ഷേമനടപടികളെ എതിർക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്ത പ്രതിപക്ഷത്തെ, ഇപ്പോഴിരിക്കുന്ന സ്ഥാനത്തുതന്നെ ജനങ്ങൾ ഇരുത്തുമെന്ന കാര്യത്തിലും ഒരു സംശയവുമില്ല. ക്ഷേമപെൻഷൻ കൈക്കൂലിയാണെന്ന് ആക്ഷേപിക്കുന്നവരെ എന്തുചെയ്യണമെന്ന് ജനങ്ങൾക്ക് നന്നായി അറിയാം.
അതുകൊണ്ടുതന്നെ യുഡിഎഫ് പരിഭ്രമത്തിലും വെപ്രാളത്തിലുമാണ്. യുഡിഎഫ് മുന്നണിബന്ധം പലയിടത്തും ഉലഞ്ഞു. തിരുവനന്തപുരത്ത് ഒരു ഘടകകക്ഷി തനിച്ചുമത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കോഴിക്കോട്ട് ഘടകകക്ഷിക്ക് സീറ്റ് നൽകിയതിലുള്ള പ്രതിഷേധം കൂട്ടത്തല്ലിലാണ് കലാശിച്ചത്. മലപ്പുറത്ത് സ്ഥാനങ്ങളെച്ചൊല്ലി ലീഗുകാർ തമ്മിലുള്ള മത്സരം ഒരു ഭാഗത്തും കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം മറുഭാഗത്തും നടക്കുകയാണ്. ബിജെപി സ്ഥാനാർഥിയാകാൻ ശ്രമിച്ചയാളെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് മഞ്ചേരിയിലെ മുതിർന്ന നേതാവ് രാജിവച്ചു. പലയിടത്തും കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ പാർടി വിട്ടു. പത്തനംതിട്ടയിലെ കോയിപ്രത്ത് ദീർഘകാലമായി കോൺഗ്രസിന്റെ പ്രവർത്തകരായിരുന്നവർ ബിജെപിയിൽ ചേർന്നു.
വെൽഫെയർ പാർടിയുമായും ജമാഅത്തെ ഇസ്ലാമിയുമായുമുള്ള സഖ്യവും യുഡിഎഫിൽ അസ്വാരസ്യം സൃഷ്ടിക്കുന്നു. ലീഗിന്റെയും യുഡിഎഫിന്റെയും ആശയനേതൃത്വമായി ജമാഅത്തെ ഇസ്ലാമി മാറി. എൽഡിഎഫിനെ എന്ത് വിലകൊടുത്തും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് വർഗീയ മതരാഷ്ട്രവാദികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നത്. ഒരു വർഗീയ കൂട്ടുകെട്ടായി യുഡിഎഫ് മാറി. ഒരുഭാഗത്ത് വർഗീയശക്തിയായ യുഡിഎഫിനോടും മറുഭാഗത്ത് ബിജെപിയെന്ന ഹിന്ദുത്വ വർഗീയശക്തിയോടുമാണ് എൽഡിഎഫിന്റെ പോരാട്ടം. വർഗീയതയ്‌ക്കെതിരെ, അത് ഭൂരിപക്ഷവർഗീയതയായാലും ന്യൂനപക്ഷവർഗീയതയായാലും പൊരുതുന്ന ഏകപ്രസ്ഥാനം എൽഡിഎഫാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനങ്ങൾക്ക് സ്വൈരജീവിതം സാധ്യമാകുന്നത് വർഗീയശക്തികൾക്ക് അവരുടെ അജൻഡകൾ ഇവിടെ നടപ്പാക്കാൻ കഴിയാത്തതുകൊണ്ടാണ്. എൽഡിഎഫ് സംരക്ഷിച്ചുനിർത്തുന്ന മതനിരപേക്ഷതയെന്ന വൻമതിലാണ് വർഗീയശക്തികളെ തടയുന്നത്. ബിജെപിക്ക് ഇക്കുറി വോട്ടും സീറ്റും കുറയും. കാരണം കേരളത്തിലും ബിജെപി കോർപറേറ്റുകളുടെ പാർടിയായി മാറി. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അംഗീകാരം നേടിയ നേതൃത്വമല്ല ബിജെപിക്കുള്ളത്. പണക്കൊഴുപ്പിൽ രാജ്യസഭാംഗമാവുകയും പിന്നീട് മന്ത്രിയാവുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായതോടെ കേരളത്തിലെ ബിജെപിയും കോർപറേറ്റുകളുടെ പാർടിയായി. പണം ഒഴുക്കി വോട്ട് നേടാനുള്ള തന്ത്രമാണ് അവർ പയറ്റുന്നത്.
പ്രധാന പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലായിരിക്കും. 10 വർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന് അനുകൂലമായ വികാരമാണ് എവിടെയും ദൃശ്യമാകുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർച്ചയായ മൂന്നാംവിജയത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.







