29.05.2022
തൃക്കാക്കരയിൽ കോൺഗ്രസിന്റെ കോട്ട തകരുകയാണ്. ഉരുൾപൊട്ടലിന്റെ ആഴം ഫലം വരുമ്പോൾ അറിയാം. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ നടത്തിയ വ്യാജ അശ്ലീല വീഡിയോ പ്രചാരണത്തിൽ പല യുഡിഎഫ് നേതാക്കൾക്കും പ്രതിഷേധമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണ്. പത്മജ വേണുഗോപാലിന്റെ പ്രതിഷേധം വന്നു. ഈ നിലപാടിനെ അവർ അപലപിച്ചിരിക്കുന്നു. ഇത്തരം ശൈലി കോൺഗ്രസിന് യോജിച്ചതല്ല എന്നാണ് കെ കരുണാകരന്റെ മകളുടെ പ്രതികരണം. ഇത് കോൺഗ്രസിന് പറ്റിയ ശൈലിയല്ല, ഇതിനെ അപലപിക്കേണ്ടതാണ് എന്ന് എഐസിസി അംഗം സിമ്മി റോസ് ബെൽ ജോണിന്റെ അഭിപ്രായവും പുറത്തുവന്നു. ഇത്തരം അഭിപ്രായമുള്ള ധാരാളമാളുകൾ യുഡിഎഫിലുണ്ട്. അത്തരം ആളുകൾ മെയ് 31ന് പോളിങ്ബൂത്തിൽ പോകുമ്പോൾ തനിക്കും ഒരു കുടുംബമുണ്ട്, ഇതാവർത്തിക്കരുതെന്ന് കോൺഗ്രസിനെ അറിയിക്കണം. ഇങ്ങനെ ഒരു വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒരു അമൃത് കിട്ടിയതുപോലെയാണത് പറഞ്ഞത്. ആ ചെയ്‌തത് തെറ്റാണ്, അവർക്ക് കോൺഗ്രസിൽ സ്ഥാനമുണ്ടാകില്ല എന്നുപറയേണ്ട പ്രതിപക്ഷ നേതാവാണ് ഇങ്ങനെ ന്യായീകരിച്ചത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യസംഭവമാണിത്. എത്രമാത്രം അപകടകരമാണിത്. ഡോക്ടർക്ക് ഒരു കുടുംബമില്ലേ. ആരെക്കുറിച്ചും ഇങ്ങനെ പ്രവർത്തിച്ചുകൂടെ. ഇതൊക്കെ വീടുകളിൽ ഉണ്ടാക്കുന്ന ദുഃഖം കാണാൻപോലും കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. രാഷ്ട്രീയം പറയാൻ യുഡിഎഫ് തയ്യാറാകണം. എൽഡിഎഫിനെ ചെണ്ട കൊട്ടി തോൽപ്പിക്കണമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ, നിങ്ങളെ ബാൻഡുകൊട്ടി തോൽപ്പിക്കുമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.