ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് തുടക്കമിട്ട വിഖ്യാത ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ (98) നിര്യാണത്തിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
1960കളിൽ ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ്, അരി ഇനങ്ങൾ വികസിപ്പിക്കുന്നതിലും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് 1987ൽ ഏർപ്പെടുത്തിയ വേൾഡ് ഫുഡ് പ്രൈസ് ആദ്യമായി ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. അത് വിനിയോഗിച്ച് അദ്ദേഹം 1988ൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചു.
കർഷകർക്കുള്ള ദേശീയ കമ്മീഷൻ അധ്യക്ഷനെന്ന നിലയിൽ, എല്ലാ കൃഷിച്ചെലവും സമഗ്രമായി ഉൾക്കൊള്ളുന്ന സി2 ഫോർമുലയേക്കാൾ 50 ശതമാനം കൂടി അധികമായ മിനിമം താങ്ങുവില നൽകണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. മോദി സർക്കാർ ഇത് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ചരിത്രം രചിച്ച കർഷകസമരത്തിന്റെ ആവശ്യങ്ങളിൽ ഒന്നും ഇതു തന്നെയായിരുന്നു.
എം എസ് സ്വാമിനാഥന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തെ ആദരിക്കുന്നവരുടെയും ദുഃഖത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ പങ്കുചേരുന്നു.
![](/sites/default/files/2023-10/web598.jpg)