Skip to main content

സിപിഐ എമ്മിന്റേയും, ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിന്റേയും സമുന്നതനായ നേതാവായ ആനത്തലവട്ടം ആനന്ദന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു

സിപിഐ എം സംസ്ഥാന കമ്മിറ്റി
പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം
_______________________
സിപിഐ എമ്മിന്റേയും, ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിന്റേയും സമുന്നതനായ നേതാവായ ആനത്തലവട്ടം ആനന്ദന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

സിപിഐ എമ്മിനും സംസ്ഥാനത്തെ ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്‌. ജീവിത ദുരിതങ്ങളില്‍പ്പെട്ട്‌ കഴിഞ്ഞിരുന്ന കയര്‍ത്തൊഴിലാളികളടക്കമുള്ള അസംഘടിത ജനവിഭാഗത്തെ നട്ടെല്ല്‌ നിവര്‍ത്തിനില്‍ക്കാന്‍ കരുത്ത്‌ നല്‍കിയ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദന്‍. സമര മുഖങ്ങളില്‍ അടിസ്ഥാന വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിട്ടുവീഴ്‌ചയില്ലാതെ പൊരുതി നിന്ന നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്‌.

ഗുണ്ടകളുടേയും, പൊലീസിന്റേയും ഇടപെടലുകളെ ചെറുത്ത്‌ നിന്നുകൊണ്ട്‌ സമര മുഖങ്ങളില്‍ ജ്വലിച്ച്‌ നിന്ന പോരാളിയായിരുന്നു ആനത്തലവട്ടം. നിരവധി ട്രേഡ്‌ യൂണിയന്‍ സംഘടനകള്‍ രൂപീകരിക്കുകയും അവയെ വളര്‍ത്തിയെടുക്കുന്നതിന്‌ സമര്‍പ്പണത്തോടെ ഇടപെടുകയും ചെയ്‌ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ച പാവപ്പെട്ട ജനതയുടെ ഉന്നതിക്കായി ജീവിതം ഒഴിഞ്ഞുവെച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ ഒന്നരവര്‍ഷം ഒളിവില്‍ കഴിഞ്ഞു, രണ്ടുമാസം ജയില്‍വാസവും അനുഭവിച്ചു.

പാര്‍ടിയുടെ ആശയങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ അസാമാന്യ ശേഷിയാണ്‌ സഖാവിനുണ്ടായിരുന്നത്. പൊതു പ്രസംഗങ്ങളില്‍ തന്റെ മികച്ച ശൈലിയാല്‍ അദ്ദേഹം നിറഞ്ഞ്‌ നിന്നു. ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങളില്‍ ഉറച്ച്‌ നിന്നുകൊണ്ട്‌ വലതുപക്ഷ ആശയങ്ങളെ ആനത്തലവട്ടം പ്രതിരോധിച്ച്‌ നിന്നു. മലയാളികളുടെ രാഷ്‌ട്രീയ സദസ്സുകളിൽ സജീവ സാന്നിദ്ധ്യമായി ഉയര്‍ന്നു നിന്നു. എതിരാളികളുടെ കാഴ്‌ചപ്പാടുകളെ പ്രതിരോധിക്കുമ്പോഴും ജനാധിപത്യപരമായ സംവാദന രീതി എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു.

1956-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ അംഗമായ അദ്ദേഹം രൂപീകരണം മുതല്‍ സിപിഐ എമ്മിനൊപ്പമാണ്‌ നിന്നത്‌. 1971-ല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. തുടര്‍ന്ന്‌ സംസ്ഥാന കമ്മിറ്റി അംഗവും, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായും പ്രവര്‍ത്തിച്ചു. കേരളത്തിലെ ട്രേഡ്‌ യൂണിയന്‍ ചരിത്രത്തിന്‌ ഒരിക്കലും വിസ്‌മരിക്കാനാവാത്ത പേരാണ്‌ ആനത്തലവട്ടം ആനന്ദന്റേത്‌. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജീവിതത്തിന്റെ അവസാനഘട്ടംവരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ തുടര്‍ച്ചയായി ഇടപെട്ടുകൊണ്ടിരുന്ന അര്‍പ്പണബോധമുള്ള നേതൃത്വമായി അദ്ദേഹം പ്രവര്‍ത്തിച്ചു.
പാര്‍ലമെന്ററി രംഗത്തും ആനത്തലവട്ടം ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറി. 1987-ലും, 1996-ലും, 2006-ലും ആറ്റിങ്ങലില്‍ നിന്ന്‌ നിയമസഭാംഗമായി. നിയമസഭാ വേദികളില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നതിന്‌ എപ്പോഴും ശ്രദ്ധിച്ചിരുന്നു. രാഷ്‌ട്രീയ സംവാദങ്ങളില്‍ ജ്വലിച്ച്‌ നിന്നു. നിയമ നിര്‍മ്മാണ രംഗത്തും ആനത്തലവട്ടത്തിന്റേതായ സംഭാവനകളുണ്ടായി. ആര്‍ക്കും എപ്പോഴും ഏത്‌ പ്രശ്‌നവുമായും സമീപിക്കാന്‍ പറ്റുന്ന ജനകീയ നേതാവ്‌ കൂടിയായിരുന്നു ആനത്തലവട്ടം.

ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍, കേരള കയര്‍ വര്‍ക്കേഴ്‌സ്‌ സെന്റര്‍ തുടങ്ങി നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായി. സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ (കെ.എസ്‌.ആര്‍.ടി.ഇ.എ), ബീവറേജസ്‌ കോര്‍പറേഷന്‍ എംപ്ലോയീസ്‌ അസോസിയേഷന്‍, ഖാദി എംപ്ലോയീസ്‌ യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും, പ്രചരണങ്ങളിലും, അത്യുജ്വലമായ തൊഴിലാളി മുന്നേറ്റത്തിലും അദ്ദേഹം ഉയര്‍ന്ന്‌ നിന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും, വര്‍ഗ്ഗീയ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ക്കുമെതിരെയുള്ള വര്‍ത്തമാനകാല പ്രതിരോധത്തിന്റെ നേതൃനിരയിലും സഖാവുണ്ടായിരുന്നു. അടിസ്ഥാന ജനവിഭാഗത്തിന്റെ അവകാശത്തിനായ്‌ എന്നും നിലകൊണ്ട ആനത്തലവട്ടം ആനന്ദന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള ദുഃഖത്തിലും പാര്‍ടി അനുശോചനം രേഖപ്പെടുത്തുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ക്ഷേമപെൻഷൻ എല്ലാമാസവും നൽകും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ നൽകുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കും

സ. പിണറായി വിജയൻ

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടിയെടുക്കും. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ്‌ ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന്‌ എല്ലാവർക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാർക്കും അർഹതപ്പെട്ട ഡിഎ നൽകും.

പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹം

സ. പിണറായി വിജയൻ

പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണ്.

ശ്രീനാരായണദർശനത്തെ മുന്നോട്ടുവയ്‌ക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് എസ്എൻഡിപി രൂപീകരിക്കപ്പെട്ടത് അല്ലാതെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് അവരെ നയിക്കാനല്ല

സ. പുത്തലത്ത് ദിനേശൻ

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാഴ്ചപ്പാടാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചത്. ആ ആശയങ്ങളുൾപ്പെടെ പ്രചരിപ്പിക്കാനാണ് എസ്എൻഡിപി രൂപീകരിച്ചത്. അതിന്റെ ജനറൽ സെക്രട്ടറിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷത്തിന് കീഴ്പ്പെട്ടെന്ന പ്രസ്താവന ഇറക്കിയിരിക്കുന്നത്.

മതനിരപേക്ഷ ലോകത്താണ് എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവരുടെ അഭിപ്രായങ്ങൾ സംരക്ഷിച്ച്‌ മുന്നോട്ടുപോകാനാകുക അതിനാൽ, മതനിരപേക്ഷ രാഷ്ട്രത്തിനായാണ് മതവിശ്വാസികൾ അണിചേരേണ്ടത്

സ. പുത്തലത്ത് ദിനേശൻ

തെരഞ്ഞെടുപ്പിനുശേഷം പലവിധ ചർച്ചകൾ മാധ്യമങ്ങളിൽ നിറയുകയാണ്. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ചന്ദ്രികയിൽ ലീഗിന്റെ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സിപിഐ എം മതനിരാസത്തിന്റെ പ്രസ്ഥാനമാണെന്നും മുസ്ലിം വിഭാഗത്തിനെതിരായി നിലകൊള്ളുന്നതാണെന്നും പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത്.