'ഓപ്പറേഷൻ സിന്ദൂര'ത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച്, രാജ്യസഭയിലെ പാർടി നേതാവ് സ. ജോൺ ബ്രിട്ടാസ് പങ്കെടുത്തു. ഇത്രയും പ്രധാനപ്പെട്ട ഒരു സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി രണ്ടാം തവണയും പങ്കെടുക്കാത്തതിൽ സഖാവ് ബ്രിട്ടാസ് ഖേദം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു സർവകക്ഷി യോഗവും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും വിളിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
'ഓപ്പറേഷന്റെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കപ്പെട്ടു' എന്ന് സർക്കാർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, മുൻകാല അനുഭവം കണക്കിലെടുക്കുമ്പോൾ, ഇത്തരം സൈനിക നടപടിക്ക് തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ കഴിയുമോ എന്ന് സംശയമുണ്ടെന്ന് സഖാവ് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സർക്കാർ നയതന്ത്ര നടപടികൾ തുടരുകയും തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്ട്ര സമ്മർദ്ദം സൃഷ്ടിക്കുകയും വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും പ്രശ്നബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ വസ്തുതകളും ജനങ്ങളുടെ മുമ്പാകെ വയ്ക്കാനും എല്ലാത്തരം തെറ്റായ വിവരങ്ങളുടെയും വ്യാപനം തടയാനും വേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യണം.
വിദ്വേഷത്തിന്റെ വ്യാപനം തടയേണ്ടത് സർക്കാരിന്റെ കടമയാണെന്നും ബ്രിട്ടാസ് പറഞ്ഞു, ഭീകരതയ്ക്ക് മതമില്ലെന്നത് സഖാവ് അടിവരയിട്ടു പറഞ്ഞു. വിദ്വേഷത്തിന്റെ വ്യാപനത്തിനെതിരെ പോരാടാതെ ഭീകരതയ്‌ക്കെതിരായ യുദ്ധം നടത്താനാവില്ല. ഭീകരതയുടെ എല്ലാ ദോഷഫലങ്ങളും അനുഭവിച്ചിട്ടും, അനുകമ്പയോടും ഐക്യത്തോടും ഭീകരതയെ അപലപിച്ചുകൊണ്ട് മുഴുവൻ രാജ്യത്തിനും വഴി കാണിച്ചതിന് പഹൽഗാമിലെയും കശ്മീരിലെയും ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കശ്മീരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കാൻ ഉചിതമായ സമയത്ത് സർക്കാർ ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
