26.06.2022
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണ്. എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അത്തരമൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുക. പാർടി അംഗങ്ങൾ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. എന്നാൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് തള്ളി പറയാൻ ഇപ്പോഴും യുഡിഎഫ് തയ്യാറായിട്ടില്ല എന്നത് ഇരട്ടത്താപ്പാണ്. ജാമ്യം കിട്ടിയവരെ മാലയിട്ട് സ്വീകരിച്ചതിലൂടെ ഈ ആക്രമണത്തിന്റെ ആസൂത്രണം വ്യക്തമാണ്. സംസ്ഥാന വ്യാപകമായി യുഡിഎഫ് അക്രമം അഴിച്ചുവിടുകയാണ്. കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കൾ വ്യക്തമാക്കണം. അക്രമത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. വയനാട് ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്‌ത്രീകളെയും കുട്ടികളെയും അക്രമികൾ പരിഭ്രാന്തരാക്കി. പത്രസമ്മേളനത്തിൽ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ഡിസിസി ഓഫീസിൽ കോൺഗ്രസുകാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോൺഗ്രസ് അക്രമം നടത്തി. പൊലീസിന് നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന് അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. എസ്‌എഫ്‌ഐയെ ഒറ്റപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. 36 എസ്‌എഫ്‌ഐ പ്രവർത്തകരെയാണ് കെഎസ്‌യുക്കാർ കൊലപ്പെടുത്തിയത്. വയനാട്ടിലെ സംഭവത്തിൽ കോൺഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നവരെ മാത്രം പിടികൂടാൻ പാടില്ല. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാകാൻ പാടില്ല. മാർച്ചുകൾ നടത്തുമ്പോൾ നിയന്ത്രണം വേണം. സമാധാനപരമായി പ്രതിഷേധ പരിപാടികൾ നടത്തണം. അക്രമങ്ങളിൽനിന്ന് പാർടി പ്രവർത്തകർ മാറിനിൽക്കണം. എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്ഐ സമരം നടക്കുമ്പോൾ ഫോട്ടോ അവിടെയുണ്ടായിരുന്നു
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന പുകമറ തുറന്നുകാട്ടും. അത്തരം നീക്കങ്ങൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രചരണം നടത്തും. ദേശീയതലത്തിൽ വർഗീയതയ്‌ക്കും വിലവർധനവിനെതിരായും സിപിഐ എം ശക്തമായ പ്രചാരണം നടത്തും. ജൂലൈ 15 നകം ഏരിയ തലത്തിൽ വാഹന പ്രചരണ ജാഥകൾ സംഘടിപ്പിക്കും. ജില്ലാ തലത്തിലുള്ള പ്രചാരണം ജൂലൈ മൂന്നിനകം പൂർത്തീകരിക്കും. സംസ്ഥാന രാഷ്‌ട്രീയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തും. സെപ്‌തംബറിൽ ആദ്യത്തെ രണ്ടാഴ്‌ച വീടുകളിലും തൊഴിൽശാലകളിലും ജനങ്ങളെ കണ്ട് പാർട്ടി ഫണ്ട് പിരിവ് നടത്തും. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പാർടി ചർച്ച ചെയ്‌തു. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. എല്ലാ കാലത്തും യുഡിഎഫാണ് ജയിച്ചത്. എൽഡിഎഫ് നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ എതിർചേരിയിലെ വോട്ടർമാരെ ആകർഷിക്കാൻ കഴിഞ്ഞില്ല. യുഡിഎഫിന് യോജിച്ച് പ്രവർത്തിക്കാൻ സാധിച്ചു. അതോടൊപ്പം ബിജെപിയുടെ വോട്ടും ലഭിച്ചു. അത് ബിജെപി സ്ഥാനാർഥിയും സമ്മതിച്ചു. ട്വന്റി ട്വന്റിയുടെ വോട്ട് പൂർണമായും യുഡിഎഫിന് ലഭിച്ചു. എസ്‌ഡിപിഐ വെൽഫെയർ പാർട്ടി എന്നിവരും സംഘടിതമായി യുഡിഎഫിന് വോട്ട് ചെയ്‌തു. ഇതെല്ലാം യുഡിഎഫിന് സഹായമായി. ന്യൂനപക്ഷങ്ങളെത്തന്നെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ ധ്രുവീകരണം നടന്നുവരികയാണ്. ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തുടക്കമാണ് തൃക്കാക്കരയിൽ നടന്നത്. ഇതിലെല്ലാം ആർഎസ്‌എസ് ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്.