Skip to main content

ലാറ്റിനമേരിക്കയിൽനിന്നു വരുന്ന വാർത്തകൾ അസ്വസ്ഥതയുളവാക്കുന്നതാണ്

ലാറ്റിനമേരിക്കയിൽനിന്നു വരുന്ന വാർത്തകൾ അസ്വസ്ഥതയുളവാക്കുന്നതാണ്‌. പെറുവിൽ ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ പെദ്രോ കാസ്‌തിയ്യോയെ അട്ടിമറിച്ചത്‌ ഡിസംബർ ഏഴിനായിരുന്നു. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ ജനുവരി എട്ടിന്‌ ബ്രസീലിലെ ഇടതുപക്ഷക്കാരനായ പ്രസിഡന്റ്‌ ലുല ഡ സിൽവയെ അട്ടിമറിക്കാൻ ശ്രമമുണ്ടായി. 16 മാസത്തെ ഭരണത്തിനുശേഷമാണ്‌ പെറുവിൽ പ്രസിഡന്റിനെ അട്ടിമറിച്ചതെങ്കിൽ അധികാരമേറി എട്ടാംദിവസമാണ്‌ ബ്രസീലിലെ പ്രസിഡന്റിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായത്‌. ഇത്‌ കേവലം കാസ്‌തിയ്യോ, ലുല എന്നീ വ്യക്തികളെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനുള്ള നീക്കമായി മാത്രം വിലയിരുത്താനാകില്ല. മറിച്ച്‌ ജനാധിപത്യത്തിനും ജനങ്ങൾക്കും വിശിഷ്യാ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും എതിരായ നീക്കമായി വേണം കാണാൻ. കൊള്ളലാഭം കുന്നുകൂട്ടാൻ തീവ്രവലതുപക്ഷവും കോർപറേററ്റ്‌ മുതലാളിത്തവും തമ്മിലുണ്ടാക്കിയ കൂട്ടുകെട്ടിന്‌ ഭീഷണിയാണ്‌ കമ്യൂണിസ്റ്റ്‌ പാർടികളും അവരുൾപ്പെട്ട ഇടതുപക്ഷ സഖ്യവുമെന്ന തിരിച്ചറിവാണ്‌ ഈ നീക്കത്തിനു പിന്നിലുള്ളത്‌. അത്‌ ലാറ്റിനമേരിക്കയിൽ മാത്രമല്ല, ലോകത്തെമ്പാടും കാണുന്ന പ്രതിഭാസവുമാണ്‌. ഈ കൊച്ചുകേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഈ രാഷ്ട്രീയം നിഴലിച്ചുകാണാം.

പെറുവിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പെദ്രോ കാസ്‌തിയ്യോ സാധാരണയിൽനിന്ന്‌ വ്യത്യസ്‌തമായി വികസിത ലിമ മേഖലയിൽനിന്നുള്ള ആളായിരുന്നില്ല. തെക്കൻ ആൻഡീസ്‌ പർവതമേഖലകളിൽനിന്നുള്ള അധ്യാപകരുടെയും കർഷകരുടെയും നേതാവായിരുന്നു അദ്ദേഹം. പ്രസിഡന്റായതോടെ കാസ്‌തിയ്യോ സർക്കാർ സംവിധാനങ്ങളോട്‌ ഈ മേഖലയിൽ ക്യാമ്പ്‌ ചെയ്യാനും നേരിട്ട്‌ ജനങ്ങളുടെ ആവലാതികൾ കേൾക്കാനും ആവശ്യപ്പെട്ടു. പല കാബിനറ്റ്‌ മന്ത്രിമാരും ഈ മേഖലയിൽ എത്തി. തദ്ദേശീയ ജനവിഭാഗങ്ങൾക്ക്‌ ഉൾപ്പെടെ ഇതൊരു പുതിയ അനുഭവമായിരുന്നു. സ്വാഭാവികമായും ഈ മേഖലയിലെ ജനങ്ങൾ കാസ്‌തിയ്യോക്ക്‌ പിന്നിൽ അണിനിരന്നു. കാസ്‌തിയ്യോയുടെ ജനപിന്തുണ വർധിക്കുന്നുവെന്ന്‌ കണ്ടതോടെയാണ്‌ വലതുപക്ഷം എങ്ങനെയും കാസ്‌തിയ്യോയെ പുറത്താക്കാനുള്ള നീക്കം ശക്തിപ്പെടുത്തിയത്‌. ആൻഡീസ്‌ മേഖലയിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിന്‌ കാസ്‌തിയ്യോയുടെ ജനപിന്തുണ തടസ്സമാകുമെന്ന്‌ വലതുപക്ഷം മനസ്സിലാക്കി. മുൻ സിഐഎ ഏജന്റായ അമേരിക്കൻ അംബാസഡറും ഇവരോടൊപ്പം ചേർന്നതോടെയാണ്‌ കാസ്‌തിയ്യോ അട്ടിമറിക്കപ്പെട്ടതും തടവിലാക്കപ്പെട്ടതും. മുൻ ഭരണപരിചയമില്ലാത്തതും കാസ്‌തിയ്യോയുടെ തിരിച്ചടിക്ക്‌ കാരണമായി. എന്നാൽ, കാസ്‌തിയ്യോയെ പ്രസിഡന്റായി നിയമിക്കണമെന്നും വലതുപക്ഷ നിയന്ത്രണത്തിലേക്കുള്ള കോൺഗ്രസിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും ആവശ്യപ്പെട്ട്‌ ജനങ്ങൾ തെരുവിലിറങ്ങി. പെറുവിൽ കാസ്‌തിയ്യേക്ക്‌ അനുകൂലമായ പ്രക്ഷോഭം പുതിയ വഴിത്തിരിവിലേക്ക്‌ കടക്കുകയാണെന്ന്‌ ജൂലിയാകയിൽ 17 പേർ വെടിവയ്‌പിൽ കൊല്ലപ്പെട്ട സംഭവം വ്യക്തമാക്കുന്നു. ഇവോ മൊറാലിസിനെ അട്ടിമറിച്ചശേഷം ബൊളീവിയയിൽ തെരഞ്ഞെടുപ്പ്‌ നടത്താൻ നിർബന്ധിക്കപ്പെട്ടത്‌ ഇതേ രീതിയിലുള്ള പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു. ആ വഴിയിലേക്കാണ്‌ പെറുവും നീങ്ങുന്നതെന്നു വേണം കരുതാൻ.

പെറുവിനേക്കാൾ ശക്തമാണ്‌ ബ്രസീലിലെ തീവ്രവലതുപക്ഷം. ട്രംപുമായി പ്രത്യയശാസ്‌ത്ര ബന്ധം മാത്രമല്ല, അടുത്ത രാഷ്ട്രീയബന്ധംതന്നെ ബോൾസനാരോക്ക്‌ ഉണ്ട്‌. ആമസോൺ കാടുകൾ വെട്ടിത്തെളിക്കാൻ അനുവദിക്കില്ലെന്ന ലുലയുടെ പ്രഖ്യാപനമാണ്‌ അട്ടിമറിശ്രമത്തിനുള്ള പെട്ടെന്നുള്ള കാരണമായി കരുതപ്പെടുന്നത്‌. വനസമ്പത്തും ധാതുസമ്പത്തും കൊള്ളയടിക്കാനുള്ള കോർപറേറ്റ്‌ ആർത്തിക്കാണ്‌ ലുല കടിഞ്ഞാണിട്ടത്‌. മാത്രമല്ല, ബോൾസനാരോ പൂട്ടിയ തൊഴിൽ, വനിതാ മന്ത്രാലയങ്ങൾ തുറക്കുകയും തദ്ദേശീയ ജനതയ്‌ക്കായി പ്രത്യേക മന്ത്രാലയം ആരംഭിക്കുകയും ചെയ്‌ത ലുല പാവങ്ങൾക്ക്‌ മൂന്നുനേരം ഭക്ഷണമെന്ന വാഗ്‌ദാനം ആവർത്തിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ കോർപറേറ്റ്‌ മുതലാളിത്തവും തീവ്രവലതുപക്ഷവും അട്ടിമറിക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയത്‌. അഗ്രി ബിസിനസുകാരാണ്‌ ഇതിന്റെ മുൻപന്തിയിൽ നിന്നത്‌. സ്വേച്ഛാധിപത്യവാഴ്‌ചയെ പ്രകീർത്തിച്ച്‌ സൈന്യത്തിലെ ഒരുവിഭാഗത്തെയും ബോൾസനാരോ കൂടെനിർത്തിയിരുന്നു.

എന്നാൽ, 1980കളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ നടത്തിയ വർഷങ്ങൾനീണ്ട പ്രക്ഷോഭത്തിന്റെ അനുഭവവും ദീർഘകാലത്തെ ഭരണപരിചയവും ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാനുള്ള കരുത്ത്‌ ലുലയ്‌ക്കും സർക്കാരിനും നൽകിയിരുന്നു. ലുല സർക്കാർ ആദ്യം ബ്രസീലിയ നഗരത്തിന്റെ നിയന്ത്രണം ഫെഡറൽ സേനയെക്കൊണ്ട്‌ ഏറ്റെടുപ്പിച്ചു. തുടർന്ന്‌ നഗരത്തിന്റെ ഭരണനേതൃത്വം വഹിക്കുന്ന ബോൾസനാരോ പക്ഷക്കാരനായ ഗവർണർ ഇബാനീസ്‌ റോച്ചയെ മൂന്നു മാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തു. സുരക്ഷാ ചുമതലയുള്ള മറ്റൊരു ബോൾസനാരോ പക്ഷക്കാരനായ ആൻഡേഴ്‌സൺ ടോറസിനെ സുരക്ഷാവീഴ്‌ചയുടെ പേരിൽ പുറത്താക്കി. ആയിരത്തിലധികംപേരെ അറസ്റ്റുചെയ്‌തു. അട്ടിമറിശ്രമത്തിന്‌ നേതൃത്വം നൽകിയവരെയും അതിന്‌ പണം ഒഴുക്കിയവരെയും ശിക്ഷിക്കുമെന്ന്‌ ലുല പ്രഖ്യാപിച്ചു. അതോടൊപ്പം സർക്കാരിനെ സംരക്ഷിക്കാൻ വൻ ജനാവലി നഗരത്തിലേക്ക്‌ മാർച്ച്‌ ചെയ്‌തു. ഇതോടെയാണ്‌ അട്ടിമറിശ്രമം പാളിയത്‌.

പെറുവിലെന്നപോലെ ബ്രസീലിലെ അട്ടിമറിശ്രമത്തിനു പിന്നിലും അമേരിക്കയുടെ കൈകളുണ്ട്‌. അമേരിക്കയിൽ ഇരുന്നാണ്‌ ബോൾസനാരോ ഈ അട്ടിമറിക്ക്‌ പദ്ധതിയിട്ടത്‌. ലാറ്റിനമേരിക്കയിലെ ഇളംചുവപ്പ്‌ നിലനിർത്താൻ പോലും അവിടത്തെ ഇടതുപക്ഷത്തിന്‌ വലിയ പോരാട്ടം നടത്തേണ്ടിവരുമെന്നാണ്‌ പെറുവിലെയും ബ്രസീലിലെയും സംഭവങ്ങൾ സൂചിപ്പിക്കുന്നത്‌. അധികാരം ലഭിച്ചാൽ വർഗശത്രുക്കളെ രാഷ്ട്രീയമായും സാമ്പത്തികമായും ദുർബലമാക്കാനുള്ള നടപടികൾ കൈകൊള്ളാൻ ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്‌ കഴിയേണ്ടതുണ്ട്‌. ബൊളീവിയയിൽ 2019ൽ ഇവോ മൊറാലിസിനെ അട്ടിമറിക്കുന്നതിന്‌ നേതൃത്വം നൽകിയ സാന്തക്രൂസ്‌ ഗവർണറും ബിസിനസുകാരനുമായ ലുയിസ്‌ ഫെർണാണ്ടോ കമാച്ചോയെ അറസ്റ്റുചെയ്‌തത്‌ പ്രധാന നടപടിയാകുന്നതും ഈ പശ്ചാത്തലത്തിലാണ്‌.

ജനപക്ഷ നയത്തിന്‌ അനുകൂലമായി വർധിച്ചതോതിൽ ജനങ്ങളെ അണിനിരത്താൻ കഴിയണം. ഇത്‌ ലാറ്റിനമേരിക്കയിലെ മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷത്തിനും ഒരു പാഠമാണ്‌. കോർപറേറ്റുകളും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും വലതുപക്ഷവും നവ ഉദാരീകരണനയങ്ങളെ ചോദ്യംചെയ്യുന്ന, വർഗീയ–വംശീയ സമീപനങ്ങളെ എതിർക്കുന്ന ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. കേരളത്തിലെ സ്ഥിതിയും അതിൽനിന്നും വ്യത്യസ്‌തമല്ല.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

സ. ഇ പി ജയരാജൻ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ

സ. ടി എം തോമസ് ഐസക്

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ.

സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്

സ. ടി എം തോമസ് ഐസക്

സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

സ. എളമരം കരീം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.