Skip to main content

മോദിയുടെയും ബിജെപിയുടെയും കപട അഴിമതിവിരുദ്ധമുഖം തുറന്നു കാട്ടിയത് സിപിഐ എം

പതിനെട്ടാം ലോക്സഭയുടെ ആദ്യഘട്ടം വോട്ടെടുപ്പിന്‌ ഒരാഴ്ചയേയുള്ളൂ. ഇക്കുറി 400ല്‍ അധികം സീറ്റ്‌ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ബിജെപിയുടെ ആസന്നമായ പരാജയം മറച്ചുവയ്ക്കാനുള്ള കണ്‍കെട്ട്‌ വിദ്യ മാത്രമാണെന്ന്‌ ഓരോ ദിവസവും വ്യക്തമാകുകയാണ്‌. രാജ്യമെങ്ങും ബിജെപിക്കെതിരെ ജനരോഷം ഇരമ്പുകയാണ്‌. ബിഹാറില്‍ ബിജെപി സ്ഥാനാര്‍ഥികളെ ജനങ്ങള്‍ പരസ്യമായി ചോദ്യംചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്ത്യ കൂട്ടായ്മ ബഹുദൂരം മുന്നിലാണ്‌. ജാട്ട്‌ കര്‍ഷകര്‍ ഏറെയുള്ള രാജസ്ഥാനിലെ ശെഖാവതി മേഖല, ഹരിയാന, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലും ബിജെപിക്കെതിരായ ജനരോഷം പ്രകടമാണ്‌. ജാട്ട്‌ കര്‍ഷകരും ദളിതരും മുസ്ലിങ്ങളും മതനിരപേക്ഷവാദികളും ഇന്ത്യ കൂട്ടായ്മയ്ക്കു കീഴില്‍ അണിനിരക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

ബിജെപിക്കെതിരെയുള്ള ഈ ജനവികാരം പെട്ടെന്ന്‌ ഉയരാന്‍ പ്രധാന കാരണം ഇലക്ടറല്‍ ബോണ്ട്‌ അഴിമതിയാണ്‌. 2018നും 2024നും ഇടയില്‍ കൈമാറിയ ഇലക്ടറൽ ബോണ്ടിന്റെ പകുതിയിലധികവും (8252 കോടി രൂപ) ലഭിച്ചത്‌ ബിജെപിക്കാണ്‌. മോദിയുടെ അഴിമതിവിരുദ്ധ മുഖംമൂടിയാണ്‌ ഇതോടെ അഴിഞ്ഞുവീണത്‌. നിയമനിര്‍മാണത്തിലൂടെ രഹസ്യമാക്കിവയ്ക്കാന്‍ തീരുമാനിച്ചിരുന്ന ഇലക്ടറല്‍ ബോണ്ട്‌ വിവരങ്ങള്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന്‌ പുറത്തുവന്നതാണ്‌ മോദിയുടെ ഈ പതനത്തിന്‌ പ്രധാന കാരണം. ഇലക്ടറല്‍ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി അത്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാര്‍ടി സിപിഐ എമ്മാണ്‌ (അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസും പരമോന്നത കോടതിയെ സമീപിച്ചിരുന്നു). വൈകിയാണെങ്കിലും സുപ്രീംകോടതി ചരിത്രപരമായ വിധിന്യായത്തിലൂടെ തെരഞ്ഞെടുപ്പ്‌ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞ്‌ റദ്ദാക്കി. ബോണ്ടുകള്‍ ആരു വാങ്ങി, ഏത്‌ രാഷ്ട്രീയ പാര്‍ടിക്ക്‌ കൊടുത്തുവെന്ന വിവരംകൂടി പുറത്തുവന്നതോടെ ലോകത്തിലെതന്നെ ഏറ്റവും വലിയ അഴിമതി നടത്തിയ പാര്‍ടിയായി ബിജെപി മാറി. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിവരം മറച്ചുവച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും യുട്യൂബ്‌ ചാനലുകളിലൂടെയും ഇന്ത്യന്‍ ജനത ഇതറിഞ്ഞു. ഇതോടെ ബിജെപിയുടെ തന്ത്രം പൊളിഞ്ഞു. ഇന്ത്യ കൂട്ടായ്മയ്ക്കും മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കും തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നേടിക്കൊടുക്കുന്നതിന്‌ സിപിഐ എമ്മിന്റെ ഈ ഇടപെടല്‍ വഴിവച്ചു.

ബിജെപിയുടെ തകര്‍ച്ചയ്ക്ക്‌ പ്രധാന കാരണം ലോക്സഭയില്‍ മൂന്ന്‌ എംപിമാര്‍ മാത്രമുള്ള സിപിഐ എം ആണെന്നത്‌ ബിജെപിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്‌. 303 സീറ്റുള്ള ബിജെപിയുടെ മുഖംമൂടി വലിച്ചുകീറിയത്‌ മൂന്ന്‌ എംപിമാര്‍ മാത്രമുള്ള സിപിഐ എമ്മാണ്‌. പാര്‍ലമെന്റിലെ അംഗസംഖ്യകൊണ്ട്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം അളക്കാന്‍ കഴിയില്ലെന്ന്‌ പറയുന്നത്‌ ഇതുകൊണ്ടാണ്‌. ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാനോ അതിനായി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ അക്കൗണ്ട് തുറക്കാനോ സിപിഐ എം തയ്യാറായില്ല. ഏറ്റവുമധികം പണമുള്ള പക്ഷത്തേക്ക്‌ രാഷ്ട്രീയാധികാരം നീങ്ങുന്ന, നവഉദാര നയത്തിന്റെ ഈ കാലത്ത്‌ പണത്തിന്റെ പളപളപ്പില്‍ കണ്ണ്‌ മഞ്ഞളിക്കാത്ത രാഷ്ട്രീയ പാര്‍ടികളുമുണ്ടെന്ന്‌ സിപിഐ എമ്മും സിപിഐയും തെളിയിച്ചു. പാര്‍ടി അംഗങ്ങളില്‍നിന്ന്‌ ലെവിയായും രസീത്‌ നല്‍കിയും പിരിച്ചെടുക്കുന്ന തുകയാണ്‌ പാര്‍ടിയുടെ പ്രവര്‍ത്തന ഫണ്ട്‌.

തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മോദിയുടെയും ബിജെപിയുടെയും അഴിമതിവിരുദ്ധ മുഖം വലിച്ചുകീറപ്പെട്ടത്‌ സിപിഐ എമ്മിന്റെ ഇടപെടല്‍ കാരണമാണ്‌. അതിനാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ സത്യസന്ധതയ്ക്കുമേല്‍ കരിവാരിത്തേക്കണമെന്നത്‌ ആര്‍എസ്‌എസ്‌ ബിജെപി നേതൃത്വത്തിന്റെ തീരുമാനമാണ്‌. അതിനായി എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടാനായി അലയുകയായിരുന്നു അവര്‍. അവസാനം കണ്ടെത്തിയതാണ്‌ സിപിഐ എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്. കരുവന്നൂര്‍ ബാങ്കിലെ ഇടപാട്‌ സംബന്ധിച്ച ആരോപണവുമായി ഇതിനെ എളുപ്പം കൂട്ടിക്കുഴയ്ക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത്‌. മുഖ്യധാരാ മാധ്യമങ്ങളുടെയും മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും പിന്തുണ അവര്‍ക്ക്‌ ലഭിക്കുമെന്ന ഗ്യാരന്റിയും ഇത്തരമൊരു നീക്കത്തിന്‌ കാരണമായി.

കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൌണ്ടുകള്‍ ഉണ്ടെന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്‌ ഇക്കണോമിക്‌ ടൈംസിലാണ്‌. ഇഡി ഇതുസംബന്ധിച്ച വിവരം റിസര്‍വ്‌ ബാങ്കിനും ധനമന്ത്രാലയത്തിലെ റവന്യു ഡിപ്പാര്‍ട്ട്മെന്റിനും തെരഞ്ഞെടുപ്പുകമീഷനും നല്‍കിയെന്നായിരുന്നു ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്ത. വാര്‍ത്തയുടെ സ്രോതസ്സ്‌ ഇഡിയാണ്‌ എന്നതില്‍ സംശയമില്ല. ഇഡിയിലെ ചില ഉദ്യോഗസ്ഥരാണ്‌ ഈ കെട്ടുകഥ രാജ്യത്തെ പ്രമുഖ ബിസിനസ്‌ പത്രത്തിനു നല്‍കിയത്‌. ഇഡി, സിബിഐ, ആദായനികുതി വിഭാഗം എന്നിവയെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാര്‍ടികളെയും നേതാക്കളെയും വേട്ടയാടുന്നതിന്റെ തുടര്‍ച്ചയായാണ്‌ സിപിഐ എമ്മിനെതിരെയുള്ള ഈ നീക്കം. മൂന്നു പതിറ്റാണ്ടായി സിപിഐ എം ജില്ലാ കമ്മിറ്റിക്കുള്ള ബാങ്ക്‌ ഓഫ്‌ ഇന്ത്യ അക്കൌണ്ടാണ്‌ മരവിപ്പിച്ചത്‌. ഏപ്രില്‍ അഞ്ചിനാണ്‌ എംജി റോഡിലെ ബാങ്ക ഓഫ്‌ ഇന്ത്യ ബ്രാഞ്ചില്‍ ആദായനികുതി വിഭാഗം പരിശോധന നടത്തിയതും തൊട്ടടുത്ത ദിവസം അക്കൌണ്ട്‌ മരവിപ്പിച്ചതായുള്ള അറിയിപ്പ്‌ ഉണ്ടായതും. എന്തിനുവേണ്ടിയാണ്‌ ഈ നടപടി എന്നതിന്‌ ഇപ്പോഴും വ്യക്തതയില്ല. അക്കൌണ്ട്‌ ഉടമയ്ക്ക്‌ ഇതുസംബന്ധിച്ച്‌ ഒരു നോട്ടിസും ലഭിക്കുകയുണ്ടായില്ല. അക്കൌണ്ട്‌ ഉടമയ്ക്ക്‌ പറയാനുള്ള കാര്യം കേട്ടിട്ടുമില്ല, സ്വാഭാവിക നീതിയാണ്‌ നിഷേധിക്കപ്പെട്ടത്‌. ആദായനികുതി വകുപ്പിന്റെ നടപടി തനി തോന്ന്യാസവും ഗുണ്ടായിസവുമാണ്‌. നിയമപരമായി ഇതിനെ ചോദ്യംചെയ്യും.

പണം സ്വീകരിക്കുന്ന കാര്യത്തില്‍ ബിജെപിയെ പോലെയാണ്‌ സിപിഐ എമ്മും എന്ന്‌ വരുത്തിത്തീര്‍ക്കുക മാത്രമല്ല, തൃശൂര്‍ മണ്ഡലത്തില്‍ കിതച്ചുകൊണ്ടിരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക്‌ ജീവജലം നല്‍കുകയെന്നതും ബിജെപിയുടെയും അവരുടെ സഖ്യകക്ഷിയായി മാറിയ ആദായനികുതി വകുപ്പിന്റെയും ലക്ഷ്യമാണ്‌. വാഹന നികുതി വെട്ടിച്ച കേസില്‍ സുരേഷ്ഗോപി വിചാരണ നേരിടണമെന്ന്‌ കോടതി പറഞ്ഞതോടെ ബിജെപി ശരിക്കും വെട്ടിലായി. വിദൂരമായ മൂന്നാം സ്ഥാനംകൊണ്ട്‌ സുരേഷ്‌ഗോപിക്ക്‌ തൃപ്തിയടയേണ്ടിവരുമെന്ന്‌ വന്നപ്പോഴാണ്‌ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം തടയുക ലക്ഷ്യമാക്കി സിപിഐ എമ്മിന്റെ തൃശൂര്‍ ജില്ലാ കമ്മിറ്റി അക്കൌണ്ട്‌ അന്യായമായി മരവിപ്പിച്ചത്‌.

ഒരുകാര്യം വ്യക്തമാക്കട്ടെ. കുതന്ത്രങ്ങളിലൂടെ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും കേരളത്തില്‍ തകര്‍ത്തുകളയാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. അധികാരവര്‍ഗവുമായി നേര്‍ക്കുനേര്‍ പൊരുതി വളര്‍ന്ന പ്രസ്ഥാനമാണ്‌ ഇത്‌. തീയില്‍ മുളച്ചത്‌ വെയിലത്ത്‌ വാടില്ല. ഒരു അക്കൌണ്ട്‌ മരവിപ്പിച്ച്‌ പാര്‍ടിയെ തകര്‍ക്കാമെന്നോ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടയാമെന്നോ ധരിക്കുന്നത്‌ മാഡ്യമാണ്‌. തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരത്തോടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ദേശീയ രാഷ്ട്രീയ കക്ഷിയാണ്‌ സിപിഐ എം. എല്ലാ വര്‍ഷവും വരവുചെലവ്‌ കണക്കുകള്‍ ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പു കമീഷനും നല്‍കിവരുന്ന പാര്‍ടിയാണ്‌ ഇത്‌. പാര്‍ടിക്ക്‌ വെളിപ്പെടുത്താത്ത ഒരു അക്കൌണ്ടുമില്ല. ഇപ്പോള്‍ നടക്കുന്നത്‌ കേന്ദ്രഭരണകക്ഷിയെ സഹായിക്കാനുള്ള അധികാര ദുര്‍വിനിയോഗമാണ്‌. അന്വേഷണ ഏജന്‍സികളെയും ആദായനികുതി വകുപ്പിനെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഒരു മറയുമില്ലാതെ ഉപയോഗിക്കുകയാണ്‌.

ഭരണഘടനാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുത്ത എല്ലാ സ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്‌. ഇതിനെതിരെ ജനങ്ങള്‍ വിധിയെഴുതുകതന്നെ ചെയ്യും. കേരളത്തില്‍നിന്നും ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്നു മാത്രമല്ല, ഒരു സീറ്റിലും രണ്ടാം സ്ഥാനത്തുപോലും എത്താന്‍ ബിജെപിക്ക്‌ കഴിയില്ല. മത്സരിക്കാന്‍ നിശ്ചയിച്ചപ്പോള്‍ത്തന്നെ തോറ്റ വിഭാഗത്തിനായി മോദിയെന്നല്ല ആരു ശ്രമിച്ചാലും ഫലമുണ്ടാകില്ല. പ്രധാനമന്ത്രി തൃശൂരില്‍ത്തന്നെ താമസിച്ച്‌ പ്രചാരണം നടത്തിയാല്‍പ്പോലും സുരേഷ്‌ ഗോപിയെ ജുയിപ്പിക്കാനാവില്ല എന്ന്‌ ഞാന്‍ പറയാന്‍ കാരണവും അതാണ്‌. ജനകീയ കോടതിയില്‍ മിന്നുന്ന ജയം നേടിയായിരിക്കും സിപിഐ എമ്മും ഇടതുപക്ഷവും ഈ അധികാര ദുര്‍വിനിയോഗത്തിന്‌ മറുപടി നല്‍കുക.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" സ. എം എ ബേബി ഉദ്ഘാടനം ചെയ്തു

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. വിജു കൃഷ്ണൻ, മന്ത്രി ശ്രീ. വി അബ്ദുറഹ്മാൻ, സ. സി കെ ശശീന്ദ്രൻ, സ. എം ഷാജർ എന്നിവർ സംസാരിച്ചു.

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുക എന്നതാണ് പുതിയ കാലത്തിന്റെ പ്രധാന കടമ

സ. എം എ ബേബി

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ്‌ പുതിയ കാലത്തിന്റെ പ്രധാന കടമ. വർത്തമാനകാലത്തെ മാർക്‌സിസം പഠിക്കാൻ മാർക്‌സിസത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കണം. ഭാവിയിൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് മാർക്‌സും എംഗൽസും പറഞ്ഞിട്ടില്ല. അവർ അവരുടെ കാലത്തെ വ്യാഖ്യാനിച്ചു.

സംഘപരിവാറിന്റെ കേരളവിരുദ്ധ രാഷ്ട്രീയ അജണ്ടകളെ ജനങ്ങൾ പ്രതിരോധിക്കും

സ. എം സ്വരാജ്

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തുകൊണ്ട്, സംഘപരിവാർ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ചാൻസിലർ പദവിയുള്ള ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ വൈസ് ചാൻസിലർമാരും സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്

സ. കെ രാധാകൃഷ്‌ണൻ എംപി

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മതവാദവും മനുവാദവും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന്‌ സംഘപരിവാറിന്‌ താൽപര്യം ഉണ്ടായിരുന്നു; അംബേദ്‌കറാകട്ടെ മനുസ്‌മൃതി കത്തിച്ച ആളും.