Skip to main content

മോദിയുടെ ദുർഭരണം അവസാനിക്കും

ജൂൺ ഒന്നിന് ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ അന്തിമഘട്ടത്തിലേക്ക് നീങ്ങും. തെരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടത്തിൽ ബിജെപിക്കും മോദിക്കും മൂന്നാമൂഴം ലഭിക്കുമെന്ന ധാരണയാണ് പൊതുവെ ഉണ്ടായിരുന്നത്. മോദിതന്നെ മുന്നോട്ടുവച്ച ‘ചാർ സൗ പാർ’ അഥവാ 400 സീറ്റ് കടക്കുമെന്ന പ്രചണ്ഡമായ പ്രചാരണത്തിന് മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. എന്നാൽ, നിലവിലെ രാഷ്ട്രീയ യാഥാർഥ്യവുമായി ഈ അവകാശവാദത്തിന് ബന്ധമില്ലെന്ന് മുൻ ലേഖനങ്ങളിൽ ഞാൻ സൂചിപ്പിച്ചിരുന്നു. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിൽനിന്നാണ് ബിജെപി ഭൂരിപക്ഷം സീറ്റും നേടിയതെന്നും ആ പ്രകടനം അതേപടി ആവർത്തിക്കാൻ ഇക്കുറി ബിജെപിക്ക് കഴിയില്ലെന്നുമാണ് ഞാൻ പറഞ്ഞിരുന്നത്. ആ നിരീക്ഷണം ശരിയാണെന്ന് വോട്ടെടുപ്പ് പൂർത്തിയാകുന്ന വേളയിൽ ഉറപ്പിച്ച് പറയാനാകും.

തെരഞ്ഞെടുപ്പ് വിശകലനത്തിൽ പേരെടുത്ത യോഗേന്ദ്ര യാദവ് കഴിഞ്ഞ ദിവസം പറഞ്ഞത് ബിജെപിക്ക് 220–240 സീറ്റ് മാത്രമേ ലഭിക്കൂവെന്നും എൻഡിഎയ്‌ക്ക് ഭൂരിപക്ഷം കിട്ടുക വിഷമമായിരിക്കുമെന്നുമാണ്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ പരകാല പ്രഭാകറാകട്ടെ ബിജെപിക്ക് 220 സീറ്റ് തന്നെ കിട്ടുക വിഷമമായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. ശ്രവൺ ഗാർഗ് പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകരും ഈ അഭിപ്രായംതന്നെ പങ്കുവയ്‌ക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ സർക്കാരിനെതിരെ ഉത്തരേന്ത്യയിൽ വീശിയടിച്ച തരംഗത്തിന് സമാനമായ, രാഷ്ട്രീയമാറ്റത്തിലേക്ക് നയിക്കുന്ന ജനവിധിയായിരിക്കും ഇക്കുറി ഉണ്ടാകുകയെന്ന നിരീക്ഷണവും ചിലർ പങ്കുവയ്‌ക്കുന്നുണ്ട്. 2014ൽ മോദിയുടെ പ്രചാരണ വിഭാഗത്തെ നയിച്ച പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ ബിജെപി 300 സീറ്റ് കടക്കുമെന്ന് അവകാശപ്പെട്ടപ്പോഴും ഹിന്ദി മേഖലയിൽ 50 സീറ്റ് കുറയുമെന്ന് സമ്മതിച്ചത് ശ്രദ്ധേയമാണ്. ബിജെപിയുടെ കോട്ടയായ ഹിന്ദി മേഖലയിൽ ചോർച്ചയുണ്ടാകുമെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്‌.

കാറ്റ് മാറി വീശുകയാണെന്നതിന്റെ സൂചന ബിജെപിക്കും മോദിക്കും തുടക്കംമുതൽ തന്നെ ലഭിച്ചിരുന്നെന്നു വേണം കരുതാൻ. ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ആർഎൽഡി നേതാവ് ജയന്ത് ചൗധരിയെയും കൂടെ നിർത്താനും മായാവതിയെ സ്വതന്ത്രയായി മത്സരിപ്പിക്കാനും അമിത് ഷാ നടത്തിയ ശ്രമങ്ങളും ചരൺസിങ്ങിനും കർപ്പൂരി ഠാക്കൂറിനും ഉൾപ്പെടെ ഭാരതരത്ന പുരസ്കാരം നൽകിയതും തെരഞ്ഞെടുപ്പു കമീഷനിൽ രണ്ട് അംഗങ്ങളെ ധൃതിപിടിച്ച് നിയമിച്ചതും മറ്റും ഇതിന്റെ തെളിവായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിട്ടുമുണ്ട്. ഡൽഹി, ജാർഖണ്ഡ് മുഖ്യമന്ത്രിമാരെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജയിലിലടച്ചത് മറ്റൊരു ഉദാഹരണം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്തമായി പ്രധാനമന്ത്രി അച്ചടി–ദൃശ്യ മാധ്യമങ്ങൾക്ക് ദൈർഘ്യമേറിയ അഭിമുഖങ്ങൾ നൽകിയതും മത്സരം കടുത്തതാണെന്നതിന്റെ സൂചനയായി വായിച്ചെടുക്കാം. പ്രധാനമന്ത്രിപദത്തിലിരുന്ന 10 വർഷത്തിനിടയിൽ, ഒരു വാർത്താസമ്മേളനംപോലും നടത്താത്ത മോദിയാണ് എഴുപതോളം അഭിമുഖങ്ങൾ ഇതിനകം നൽകിയത്. ചില മലയാളം മാധ്യമങ്ങളും ഇതിൽ ഉൾപ്പെടും. സ്ഥാനാർഥികളെ മുഴുവൻ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിൻവലിപ്പിച്ച് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാൻ നടത്തിയ സൂറത്ത് മോഡലും മോദിയുടെ വെപ്രാളമാണ് പ്രകടമാക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ മോദി നടത്തിയ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ - മംഗല്യസൂത്രംമുതൽ മുജ്റ നൃത്തംവരെ - വിരൽ ചൂണ്ടുന്നതും ഇതിലേക്കുതന്നെ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും ദൈവത്തിന്റെ ദൂതനായതിനാൽ ഭരണത്തിൽ തുടരാമെന്ന സൂചനപോലും മോദി ഇതിനകം നൽകിക്കഴിഞ്ഞു. ഇതെല്ലാം തെളിയിക്കുന്നത് ബിജെപി ഇക്കുറി കടുത്ത പോരാട്ടത്തെയാണ് നേരിടുന്നത് എന്നാണ്.

അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കൽ, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിലൂടെ ഹിന്ദുത്വവികാരം ഉയർത്തി ഇക്കുറിയും തെരഞ്ഞെടുപ്പ് വിജയം നേടാമെന്നായിരുന്നു മോദിയുടെ പ്രതീക്ഷ. മേമ്പൊടിക്ക് വികസിത ഭാരതമെന്ന മുദ്രാവാക്യവും ഉയർത്തി. എന്നാൽ, മോദി ഭരണത്തിൽ ജീവിതം വഴിമുട്ടിയ ജനങ്ങൾ വൈകാരിക വിഷയങ്ങൾക്കൊപ്പം പോകാൻ തയ്യാറായില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷികമേഖലയുടെ തകർച്ചയും അവർക്ക് വിഷയങ്ങളായി. അതോടൊപ്പം ഭരണഘടനാ സംരക്ഷണവും സംവരണവും പ്രധാന ചർച്ചാവിഷയമായി. 400 സീറ്റ് എന്ന മുദ്രാവാക്യം ഉയർത്തുന്നത് ഭരണഘടന മാറ്റിയെഴുതാനും മനുസ്മൃതി അടിച്ചേൽപ്പിക്കാനുമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. യുവാക്കൾ വർധിച്ചതോതിൽ ഇന്ത്യ കൂട്ടായ്മയുടെ പൊതുയോഗങ്ങളിൽ ശ്രോതാക്കളായി. പതിവ് ജാതിവ്യത്യാസങ്ങൾ മറന്ന് യുപിയിലും ബിഹാറിലും ദളിത് ജനത ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർഥികൾക്ക് വോട്ടു ചെയ്തതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യമെങ്ങുമുള്ള കർഷകരും ബിജെപിക്കെതിരെ അണിനിരന്നു. കർഷകസമരം നടന്ന രാജസ്ഥാനിലെ ശെഖാവതി മേഖലയിലും ഹരിയാനയിലും പടിഞ്ഞാറൻ യുപിയിലും കർഷകർ ബിജെപി നേതാക്കളെ ബഹിഷ്കരിക്കുക മാത്രമല്ല, അവരുടെ പ്രചാരണ പ്രവർത്തനങ്ങളെ തടയുന്ന സ്ഥിതിവരെയുണ്ടായി. ഡൽഹിയിലേക്കുള്ള കർഷക മാർച്ച് തടഞ്ഞവരെ പാർലമെന്റിലേക്ക്‌ അയക്കില്ലെന്ന് അവർ വിളിച്ചു പറഞ്ഞു. മഹാരാഷ്ട്രയിലെ ഉള്ളിക്കർഷകരും ഇതുതന്നെ ഏറ്റുപറഞ്ഞു. ദൈനംദിന ജീവിത വിഷയങ്ങൾ ഇന്ത്യ കൂട്ടായ്മയും ഘടകക്ഷി നേതാക്കളും സജീവമായി ഉയർത്തുകയും ചെയ്തു. ഇതോടെ ഹിന്ദുത്വ വിഷയങ്ങൾക്ക് പ്രാമുഖ്യം നഷ്ടപ്പെട്ടു. പ്രധാനമന്ത്രിതന്നെ രംഗത്തിറങ്ങി മുസ്ലിങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതൽ കുട്ടികളുള്ളവരാണെന്നും പറഞ്ഞിട്ടും ആ കെണിയിൽ വീഴാൻ പ്രതിപക്ഷം തയ്യാറായില്ല. സ്വാഭാവികമായും ബിജെപിക്ക് പ്രചാരണത്തിൽ മുൻകൈ നഷ്ടപ്പെട്ടു. പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങളോട് പ്രതികരിക്കുന്നവരായി ബിജെപി മാറി. മോദി തരംഗത്തിന്റെയും ഒരു പൊതു ആഖ്യാനത്തിന്റെയും അഭാവം ഇക്കുറി ബിജെപിയെ തളർത്തി.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ സിപിഐ എം പറഞ്ഞതുപോലെ ബിജെപിയെ തോൽപ്പിക്കാൻ ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം കക്ഷികളെയും ബിജെപിവിരുദ്ധ പക്ഷത്ത് നിർത്തി എൻഡിഎയുടെ സീറ്റ് കുറയ്‌ക്കുകയെന്ന തന്ത്രമാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്. അതിന്റെ ഫലമായി പല സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന് ബിജെപിയെ ശക്തമായി നേരിടാനായി. മഹാരാഷ്ട്രയിലും യുപിയിലും ബിഹാറിലും പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും മറ്റും പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട കൂട്ടായ്മയാണ് ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയത്. ഇത്തരമൊരു തന്ത്രം സ്വീകരിച്ചത് ബിജെപിയെ ഏറെ വിഷമിപ്പിച്ചു. ബിജെപിക്ക് താര പ്രചാരകനായി മോദിയും അമിത് ഷായും മാത്രമുള്ളപ്പോൾ ഇന്ത്യ കൂട്ടായ്മയ്‌ക്ക് ഉത്തർപ്രദേശിൽ അഖിലേഷ് യാദവും ബിഹാറിൽ തേജസ്വി യാദവും മഹാരാഷ്ട്രയിൽ ഉദ്ദവ്താക്കറെയും ശരദ് പവാറും ജാർഖണ്ഡിൽ കൽപ്പന സോറനും (ഹേമന്ത് സോറന്റെ ഭാര്യ) ബിജെപിക്കെതിരായ പോരാട്ടം നയിച്ചു. ഇവരുയർത്തുന്ന വിഷയങ്ങൾ ഫലപ്രദമായി നേരിടാൻ ബിജെപിക്കോ മോദിക്കോ കഴിഞ്ഞില്ല. സ്വാഭാവികമായും ബിജെപിക്ക് ഈ സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകൾ പകുതിയായെങ്കിലും കുറയുമെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന്‌ വ്യത്യസ്തമായി ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമാണ്. ചൊവ്വാഴ്ച പശ്ചിമ ബംഗാളിൽ രണ്ട് പൊതുയോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി, സിപിഐ എമ്മിനെ നിശിതമായി വിമർശിച്ചത്‌ ഇതാണ് തെളിയിക്കുന്നത്. ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണ് സിപിഐ എമ്മിന്റേതും ഇടതുപക്ഷത്തിന്റേതുമെന്ന് പ്രധാനമന്ത്രി ആക്ഷേപിച്ചു. ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പത്രങ്ങൾ സിപിഐ എമ്മിന്റെ സ്ഥാനാർഥികൾ പല മണ്ഡലത്തിലും കടുത്ത മത്സരം കാഴ്ചവയ്‌ക്കുന്നതായി റിപ്പോർട്ട് ചെയ്തു. മമത ബാനർജി കഴിഞ്ഞാൽ ബംഗാൾ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ ആകർഷിക്കുന്ന നേതാവ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയാണെന്ന് കേരളത്തിലെ ഇടതുപക്ഷവിരുദ്ധ പത്രത്തിന് എഴുതേണ്ടി വന്നു. ഒരു ദശാബ്ദംമുമ്പ് പശ്ചിമ ബംഗാളിൽ അധികാരം നഷ്ടമായ ഇടതുപക്ഷം തിരിച്ചുവരവിന്റെ പാത തുറക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല.

ബംഗാളിൽ മാത്രമല്ല, ത്രിപുരയിലും ഇടതുപക്ഷം നല്ല പോരാട്ടമാണ് ഇക്കുറി കാഴ്ചവയ്‌ക്കുന്നത്. പശ്ചിമ ബംഗാളിൽ മാത്രമല്ല, ഹിന്ദി മേഖലയിലും ഇക്കുറി സിപിഐ എമ്മിന് പ്രാതിനിധ്യമുണ്ടാകും. രാജസ്ഥാനിലെ സിക്കറിലും ബിഹാറിലെ ഖഗാരിയയിലും സിപിഐ എമ്മിന് വിജയ പ്രതീക്ഷയാണുള്ളത്. ബിഹാറിൽ മറ്റ് കമ്യൂണിസ്റ്റ് പാർടികളുടെ സ്ഥാനാർഥികളും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ലോക്‌സഭയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ശക്തമായ ഇടതുപക്ഷത്തിന്റെ സ്വാധീനത്തിനൊപ്പം രാജ്യത്ത് ഒരു മതനിരപേക്ഷ ജനാധിപത്യ സർക്കാർ അധികാരമേറും, മോദിയുടെ ദുർഭരണത്തിന് അതോടെ അന്ത്യമാകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായ കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

സ. ടി പി രാമകൃഷ്‌ണന്‍

പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ്‌ കല്‍പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം.

സഖാവ് ഷിബിന്റെ കൊലപാതകം; മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

വിശന്നുവലയുന്ന ഇന്ത്യ: ആഗോള വിശപ്പ് സൂചികയിൽ 105-ാം സ്ഥാനം

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.