കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. ഇവിടെയുണ്ടായ ഉരുൾപൊട്ടൽ അത്യുഗ്രമായ ബോംബ് സ്ഫോടനത്തിനു സമാനമാണെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തന്നെ അഭിപ്രായപ്പെട്ടത്. ഈ ജലബോംബിൽ ജനവാസകേന്ദ്രങ്ങൾ പൂർണമായും ഒലിച്ചുപോയി. രക്ഷിതാക്കളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ, ഭർത്താവിനെ, ഭാര്യയെ നഷ്ടപ്പെട്ടവർ, രക്ഷിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾ, ജീവിത സമ്പാദ്യം മുഴുവൻ ഒരു പിടി മണ്ണായി മാറുന്ന രംഗം വേദനയോടെ കണ്ടുനിൽക്കേണ്ടിവന്ന ഹതഭാഗ്യർ. സ്ഥലം സന്ദർശിച്ച എനിക്ക് കാണാനായത് ദുരന്തഭൂമിയിലെ വേദനാജനകമായ കാഴ്ചകളായിരുന്നു. എന്നാൽ, ദുരന്തമുഖത്ത് പകച്ചുനിൽക്കുന്നതിനു പകരം പരമാവധി ജീവൻ രക്ഷിക്കാനുള്ള ചടുലവും ഏകോപിതവുമായ പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന സർക്കാർ സംവിധാനങ്ങളെയും നാം കണ്ടു. സർക്കാരിന്റെ സമയോചിതമായ ഇടപെടലും വേഗമാർന്ന രക്ഷാപ്രവർത്തനവും കാരണം ആയിരത്തഞ്ഞൂറിലേറെ പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിലും ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ നൽകുന്നതിലും ഒരു വീഴ്ചയും സംഭവിക്കാൻ സർക്കാർ അനുവദിച്ചില്ല.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പ്രത്യേക ടൗൺഷിപ്പുകൾ നിർമിക്കുന്നതിന് സുരക്ഷിതവും അനുയോജ്യവുമായ സ്ഥലവും കണ്ടെത്തി. രാജ്യത്തിനും ലോകത്തിനും മാതൃകയാക്കാവുന്ന പുനരധിവാസ കേന്ദ്രമാണ് ഒരുക്കുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തമുഖത്ത്, അതിൽ പെട്ടവർക്ക് ആശ്വാസം നൽകുന്നതിനു പകരം സംസ്ഥാന സർക്കാരിൽ കുറ്റം കണ്ടെത്താൻ ഉറക്കമിളച്ചു പ്രവർത്തിക്കുന്ന, മുറിവിൽ മുളകു പുരട്ടുന്ന കേന്ദ്രസർക്കാരിനെയാണ് ഇവിടെ കാണുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. 2018ലെ പ്രളയകാലത്ത് സഹായമായി നൽകിയ അരിക്കും ഹെലികോപ്റ്റർ സർവീസിനും പണം എണ്ണി വാങ്ങിയവരാണ് ഇപ്പോഴും കേന്ദ്രം ഭരിക്കുന്നത്. അന്ന് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന വിദേശരാജ്യങ്ങളെ ദുരഭിമാനത്തിന്റെ പേരു പറഞ്ഞ് വിലക്കിയവരും ഇവർ തന്നെയാണ്. കേരളത്തെ ഒരു തരത്തിലും മുന്നേറാൻ വിടില്ലെന്ന വാശിയാണ് ബിജെപിക്കും മോദി–ഷാ സർക്കാരിനും. കേന്ദ്രം സഹായിച്ചില്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന കടുത്ത അവഗണനയ്ക്കെതിരെ എൽഡിഎഫ് നാളെ (ഡിസംബർ 05) സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവും നടത്തും. രാജ്ഭവന് മുന്നിലെ സമര പരിപാടി ഉദ്ഘാടനം ചെയ്യും. സഹജീവി സ്നേഹമില്ലാത്ത, വിദ്വേഷത്തിന്റെ വിത്തുമാത്രം പാകുന്ന ഈ കേരളവിരുദ്ധ ശക്തികളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സർവോപരി മനുഷ്യത്വത്തിന്റെയും കൊടി ഉയർത്തി പുരോഗമന ജനാധിപത്യ മതനിരപേക്ഷ കേരളം അതിജീവിക്കും.