പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാംസ്കാരിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം പുരോഗമന, സാംസ്കാരിക ലോകത്തിനാകെ കനത്ത നഷ്ടമാണ്. അധ്യാപകൻ, സംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അപ്പുക്കുട്ടന് സാധിച്ചു. കേരള സംഗീത നാടക അക്കാദമി ജനറൽ സെക്രട്ടറി, സാഹിത്യ അക്കാദമി അംഗം എന്നീ നിലയിലും അദ്ദേഹം മികവ് പുലർത്തി. മൗലീകമായി സാഹിത്യകൃതികളെ സമീപിക്കാനും നിരൂപിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സന്ദേശം എത്താത്ത മേഖലകളിലേക്കുമെത്തിക്കാനുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. പി അപ്പുക്കുട്ടന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സാംസ്കാരിക മേഖലയുടെയും വേദനയിൽ ഒപ്പംചേരുന്നു.
