കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 25 മുതൽ 31 വരെ സിപിഐ എം നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തും. മുഴുവൻ ബ്രാഞ്ചുകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ലോക്കൽ, ഏരിയ കമ്മിറ്റികൾ ശുചീകരണത്തിന് നേതൃത്വം നൽകും. മാലിന്യം നീക്കി പൊതു ഇടങ്ങൾ വൃത്തിയാക്കും. ശുചിത്വം നിലനിർത്താനാവശ്യമായ തുടർപ്രവർത്തനങ്ങളും പാർടി ഏറ്റെടുക്കും. ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങൾ വഴിയോ സ്‌പോൺസർഷിപ്പ് വഴിയോ സ്ഥാപിച്ച് പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കും.
മാർച്ച് 31ന് മാലിന്യമുക്ത പ്രഖ്യാപനം നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണരംഗത്ത് പിന്നിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക ശ്രദ്ധചെലുത്തി പ്രവർത്തനം ഏറ്റെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. സഞ്ചാരികൾ വരുന്ന ലോക ശ്രദ്ധയാകർഷിച്ച പ്രദേശമാണ് കേരളം. പൊതു ഇടങ്ങൾ മാലിന്യവിമുക്തമാക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം.
