Skip to main content

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും. തിരുത്തേണ്ടവ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകും. തികഞ്ഞ ആത്മവിശ്വാസത്തോടെതന്നെ ഈ വർഷാവസാനം തദ്ദേശ തെരഞ്ഞെടുപ്പിനെയും അടുത്തവർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെയും എൽഡിഎഫ് നേരിടും. രാഷ്ട്രീയസമരത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പുകളെ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും കാണുന്നത്. കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. വർഗീയ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന അടിയുറച്ച രാഷ്ട്രീയനിലപാടാണ് എൽഡിഎഫ് ഉയർത്തിപ്പിടിച്ചത്. ഒരു പരാജയത്തിൽ ഒടുങ്ങുന്നതല്ല ഈ പോരാട്ടം. അത് തുടരുകതന്നെ ചെയ്യും.

നിലമ്പൂരിലെ പരാജയം എൽഡിഎഫിന്റെ അടിത്തറ ഇളക്കുന്നതാണെന്ന വ്യാഖ്യാനത്തിനൊന്നും ഒരു സാധുതയുമില്ല. 1965ൽ മഞ്ചേരി വിഭജിച്ച് നിലമ്പൂർ മണ്ഡലം രൂപീകരിച്ചതുമുതൽ ഭൂരിപക്ഷവും യുഡിഎഫാണ് വിജയിച്ചത്. സിപിഐ എം പാർടി ചിഹ്നത്തിൽ കേവലം രണ്ടുതവണ മാത്രമാണ് ജയിച്ചത്. ഇക്കുറി സിപിഐ എം ചിഹ്നത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജാണ് മത്സരിച്ചത്. സ്വാഭാവികമായും എൽഡിഎഫിനെതിരെ എല്ലാ വലതുപക്ഷ പ്രസ്ഥാനങ്ങളും വർഗീയ മതമൗലികവാദ പ്രസ്ഥാനങ്ങളും കൈകോർത്തു. യുഡിഎഫ് നേതൃത്വം മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യധാരണയുണ്ടാക്കി. അത്‌ ഇപ്പോഴുണ്ടാക്കിയതല്ല, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതൽതന്നെ ഉണ്ടാക്കിയതാണ് എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അതായത് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയുംപോലും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ് എന്നർഥം. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പാണ് ആർഎസ്എസ് എന്നു പറയുന്ന രാഹുൽഗാന്ധിപോലും ജയിച്ചത് മുസ്ലിം ബ്രദർഹുഡിന്റെ ഇന്ത്യൻ പതിപ്പിന്റെ വോട്ട്‌ നേടിയാണ് എന്നുള്ളത് ഇന്ത്യൻ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് ഏൽപ്പിക്കുന്ന പരിക്ക് ചില്ലറയല്ല. വർഗീയതയ്‌ക്കും മതമൗലികവാദത്തിനും എതിരെയുള്ള പോരാട്ടത്തെ ദുർബലമാക്കുന്ന നടപടിയാണ് ഇത്.

ഒരു വശത്ത് മുസ്ലിംമത രാഷ്ട്രവാദികളുടെ വോട്ട് കരസ്ഥമാക്കിയ യുഡിഎഫ് മറുവശത്ത് ബിജെപിയുടെ വോട്ടും നേടി. ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബിജെപി വോട്ട് യുഡിഎഫിലേക്ക് മറിച്ചെന്നുപറഞ്ഞത് ഞങ്ങളാരുമല്ല. ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്തന്നെയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17,520ഉം ഉപതെരഞ്ഞെടുപ്പിൽ 13,555 വോട്ടും നേടിയ ബിജെപിക്ക് 8648 വോട്ട് മാത്രമാണ് ഇപ്പോൾ നേടാനായത്. കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. അതായത് ബിജെപി വോട്ടുകൾ വലിയ തോതിൽ യുഡിഎഫിന് ലഭിച്ചു. അതുപോലെതന്നെ എസ്ഡിപിഐ വോട്ടുകളും യുഡിഎഫ് നേടി. പേരിന് സ്ഥാനാർഥിയെ നിർത്തിയെങ്കിലും 2021ൽ ലഭിച്ച 4751 വോട്ടിന്റെ പകുതിയിലും കുറഞ്ഞ വോട്ട്‌ -2075 മാത്രമാണ് എസ്ഡിപിഐക്ക് ലഭിച്ചത്. അതായത് വർഗീയതീവ്രവാദ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചത്. താൽക്കാലികമായി വിജയിച്ചെങ്കിലും കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകവും അപകടകരവുമായ ഫലമുളവാക്കുന്ന നീക്കമാണിത്. ഇടതുപക്ഷവിരോധം കാരണം ഭൂരിപക്ഷം മാധ്യമങ്ങളും ഈ വസ്തുതയ്‌ക്കു നേരെ കണ്ണടയ്ക്കുകയാണ്.

നിലമ്പൂരിലെ ജനവിധി സംബന്ധിച്ച് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഉയർത്തുന്ന രണ്ട് പ്രധാന ആഖ്യാനമുണ്ട്. ഒന്ന് ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകി. അതിനാൽ തുടർഭരണത്തിന് ഇനി സാധ്യതയില്ല എന്നാണ്. ഭരണവിരുദ്ധവികാരമാണ് നിലമ്പൂരിലെ പരാജയത്തിന് കാരണമെന്നാണ് ഇവർ പൊതുവായി വിലയിരുത്തുന്നത്. വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആഖ്യാനങ്ങളാണിവ. ഒന്നാമതായി നിലമ്പൂരിൽ എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ആകെ വോട്ടിന്റെ 37.88 ശതമാനം സ്വരാജിന് നേടാനായി. 2011ൽ എൽഡിഎഫിന്‌ ലഭിച്ചത് 60,733 വോട്ടാണ്. അതിനേക്കാൾ അയ്യായിരത്തിലധികം വോട്ട് നേടാൻ കഴിഞ്ഞു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച 29,915നേക്കാൾ ഇരട്ടിയിലധികം വർധിപ്പിക്കാനും കഴിഞ്ഞു. ഈ കണക്കുകൾ വ്യക്തമാക്കുന്നത് ഇടതുപക്ഷത്തിന് അടിത്തറയ്‌ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ്.

യുഡിഎഫ് നേതാക്കളും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ പറയുന്ന മറ്റൊരു കാര്യം സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ശക്തമാണെന്നും നിലമ്പൂർ ഫലം അതാണ് തെളിയിക്കുന്നതെന്നുമാണ്. ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത് കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്നും പിണറായി സർക്കാർ ഇനി കെയർടേക്കർ സർക്കാരായി എന്നുമാണ്. സ്വപ്നം കാണാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഒമ്പത് വർഷമായി അധികാരത്തിൽനിന്ന്‌ പുറത്തുനിൽക്കുമ്പോൾ സ്വപ്നം കാണാനല്ലേ യുഡിഎഫിന്‌ കഴിയൂ. അതിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. ഇവർ പറയുന്നതുപോലെ ഭരണവിരുദ്ധവികാരം ഉണ്ടെങ്കിൽ നിലമ്പൂരിൽ ഇടതുപക്ഷത്തിന് വൻ വോട്ട്ചോർച്ച ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ലെന്ന് നാം കണ്ടല്ലോ. പക്ഷേ, നിലമ്പൂരിൽ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. അത് യുഡിഎഫിനാണ്. 2021ൽ കോൺഗ്രസിലെ വി വി പ്രകാശിന് ലഭിച്ചതിനേക്കാൾ 1470 വോട്ട് കുറവാണ് ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫിന്‌ 65,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എന്നറിയുമ്പോഴേ അവരുടെ വോട്ട് എത്രമാത്രം കുറഞ്ഞെന്ന് വ്യക്തമാകൂ.

ഭരണവിരുദ്ധ ആഖ്യാനം സൃഷ്ടിക്കാൻ കോളങ്ങൾ നീക്കിവച്ച മാധ്യമങ്ങളുടെ റിപ്പോർട്ടും മുഖപ്രസംഗവും വരികൾക്കിടയിലൂടെ വായിച്ചാൽത്തന്നെ ഭരണവിരുദ്ധവികാരം എന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണെന്ന് വ്യക്തമാകും. എന്തുകൊണ്ട് എൽഡിഎഫ് തോറ്റെന്ന് ഒന്നാം പേജിൽ ആറ് കോളം വാർത്ത നൽകിയ പത്രമാണ് മാതൃഭൂമി. ഭരണവിരുദ്ധവികാരമാണ് പ്രധാന കാരണങ്ങളിലൊന്ന് എന്നും അതിൽ വിലയിരുത്തി. എന്നാൽ അതേ പത്രം "പറഞ്ഞും പറയാതെയും നിലമ്പൂർ ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആദ്യ ഖണ്ഡികയിൽത്തന്നെ പറയുന്നത് ‘ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമോ അടുത്ത കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയോ ആയി ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനാകില്ലെന്നതാണ്. ഈ ജനവിധി എൽഡിഎഫിന് കടുത്ത നിരാശയ്ക്കോ യുഡിഎഫിന് അമിത ആത്മവിശ്വാസത്തിനോ വക നൽകുന്നില്ല’ എന്നും - മുഖപ്രസംഗം തുടരുന്നു.

‘ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകൾക്കൊപ്പം സ്ഥാനാർഥി പി വി അൻവർ വ്യക്തിപരമായി സമാഹരിച്ച വോട്ടുകളും യുഡിഎഫിൽനിന്ന് ചോർന്ന വോട്ടുകളും ചേർന്നപ്പോഴാണ് 2016ലും 2021ലും എൽഡിഎഫ് വിജയിച്ചത്. 1982ൽ എൽഡിഎഫ് സ്വതന്ത്രനായി ടി കെ ഹംസ ജയിച്ചതും അത്തരം ചില ഘടകങ്ങളുടെ മേളനത്തിലൂടെയാണ്. 1987 മുതൽ 2011 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. ഇപ്പോഴത്തെ ജനവിധി സംസ്ഥാനതലത്തിൽ നിലനിൽക്കുന്നൊരു രാഷ്ട്രീയ വികാരത്തിന്റെ സൂചനയായി കരുതാനാകില്ലെന്ന് പറയേണ്ടി വരുന്നത് ഇക്കാരണങ്ങളാലൊക്കെയാണ്.’ ഇതുതന്നെയാണ് ഞങ്ങളും പറയുന്നത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ മുഖപ്രസംഗത്തിൽ നിലമ്പൂരിലെ ജനവിധി "ഭരണമാറ്റത്തിനുള്ള സൂചനയോ എൽഡിഎഫ് സർക്കാരിന്റെ ഹിതപരിശോധനയോ ആയി വ്യാഖ്യാനിക്കാനാകില്ലെന്നും’ അഭിപ്രായപ്പെടുകയുണ്ടായി. എന്തിനധികം പറയണം മലയാള മനോരമപോലും മുഖപ്രസംഗത്തിൽ വളരെ വിഷമിച്ച് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. മാസങ്ങൾമാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചിക ഈ തെരഞ്ഞെടുപ്പിൽനിന്ന്‌ കണ്ടെത്താനാകില്ല എന്നാണ് അവരും അഭിപ്രായപ്പെടുന്നത്. സിപിഐ എമ്മും എൽഡിഎഫും പറയുന്നതും ഇതുതന്നെയാണ്. നിലമ്പൂരിലേത് പരാജയംതന്നെയാണ്. എന്നാൽ, ആ പരാജയം പിണറായി സർക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് പറയുന്നത് വസ്തുതയല്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.