കേരള ഫുട്ബോളിലെയും കേരള പൊലീസിലെയും എക്കാലത്തെയും മികച്ച സ്റ്റാർ സ്ട്രൈക്കർ ആയിരുന്നു കെ എ പി നാലാം ദളം കമാൻഡൻ്റ് ആയിരിക്കെ അന്തരിച്ച എ ശ്രീനിവാസ്.
കണ്ണൂർ അത്താഴക്കുന്ന് ഗ്രാമത്തിൽ നിന്ന് ജനിച്ച അദ്ദേഹം കായിക മികവിലൂടെ കേരളത്തിൻ്റെ ഹൃദയം കവർന്ന താരമാണ്. പത്തൊമ്പതാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്‌ബോൾ ടീമിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത് മാത്രം മതി ആ പ്രതിഭയെ അടയാളപ്പെടുത്താൻ. 1992 ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞ ശ്രീനിവാസൻ സാഫ് ഗെയിംസിലും ബൂട്ടണിഞ്ഞു നിരവധി മത്സരങ്ങളിൽ മിന്നിത്തിളങ്ങിയ അദ്ദേഹം 92 ൽ എ എസ്ഐ ആയാണ് കേരള പൊലീസിൽ എത്തിയത്. നിലവിൽ കെ എ പി കമാൻഡൻ്റായിരുന്നു.
എൻ്റെ ജന്മദേശമായ മൊറാഴക്കടുത്ത് മാങ്ങാട്ടുപറമ്പയിലായിരുന്നു ക്യാമ്പ് ഓഫീസ് എന്നതിനാൽ ഇടയ്ക്ക് പലപ്പോഴും കണ്ടിരുന്നു. അസുഖ ബാധിതനായത് അറിഞ്ഞിരുന്നുവെങ്കിലും ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയതിനാൽ കാണാനായില്ല. അദ്ദേഹത്തിൻ്റെ അകാല വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.
കുടുംബത്തിൻ്റെയും പൊലീസ് സേനയുടെയും കായിക പ്രേമികളുടെയും വേദനയിൽ പങ്കു ചേരുന്നു.







